ആലപ്പുഴയിൽ നിന്നെത്തി ചങ്ങനാശേരിയിലെ ചിക്കൻ കടയിൽ നിന്നും മൊബൈൽ ഫോൺ മോഷ്ടിച്ചു: പെരുമ്പായിക്കാട് സ്വദേശി പിടിയിൽ

ആലപ്പുഴയിൽ നിന്നെത്തി ചങ്ങനാശേരിയിലെ ചിക്കൻ കടയിൽ നിന്നും മൊബൈൽ ഫോൺ മോഷ്ടിച്ചു: പെരുമ്പായിക്കാട് സ്വദേശി പിടിയിൽ

സ്വന്തം ലേഖകൻ

ചങ്ങനാശ്ശേരി: നിരവധി മോഷണ കേസുകളിലെ പ്രതിയായ കോട്ടയം പെരുമ്പായിക്കാട് പള്ളിപ്പുറം സിറാജ് മൻസിലിൽ സിനാജിനെ (സിറാജ് – 42) കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ ആന്റി ഗുണ്ട സ്ക്വാഡ് പിടികൂടി.
ചങ്ങനാശ്ശേരി പോസ്റ്റാഫീസ് ജംഗ്ഷനിലുള്ള സ്റ്റാർ ചിക്കൻ സെന്ററിൽ നിന്ന് 15000/- രൂപ വിലവരുന്ന മൊബൈൽ ഫോൺ മോഷ്ടിച്ചു കടന്നു കളഞ്ഞ ഇയാളെപ്പറ്റി കഴിഞ്ഞ ഒരു മാസമായി പോലീസ് അന്വേഷിച്ചുവരുകയായിരുന്നു. കോട്ടയം സംക്രാന്തി സ്വദേശിയായ ഇയാൾ കഴിഞ്ഞ 6 വർഷമായി ആലപ്പുഴ തൂക്കുകുളം ഭാഗത്ത് വാടകയ്ക്ക് താമസിച്ചു വരികയാണ് .ആലപ്പുഴയിൽ നിന്നും കോട്ടയം, ചങ്ങനാശ്ശേരി ഭാഗങ്ങളിൽ വന്ന് കറങ്ങി നടന്ന് മോഷണം നടത്തി തിരികെ പോകുകയാണ് പതിവ്. അന്യസംസ്ഥാനക്കാരുടെ താമസസ്ഥലത്തും, ജോലി സ്ഥലത്തും നിന്ന് ഇയാൾ നിരവധി തവണ പണവും, മൊബൈൽ ഫോണുകളും മോഷണം നടത്തിയിട്ടുണ്ട്. ഇയാൾക്ക് ആലപ്പുഴയിലെ പുന്നപ്ര പോലീസ് സ്റ്റേഷനിൽ പിടിച്ചുപറി കേസും, മോഷണ കേസും ഉണ്ട് ,ഇതിൽ ഇയാൾ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.കൂടാതെ കോട്ടയം ഈസ്റ്റ്‌, വെസ്റ്റ്, ഗാന്ധിനഗർ, ചങ്ങനാശ്ശേരി എന്നീ പോലീസ് സ്റ്റേഷനുകളിൽ നിരവധി മോഷണക്കേസുകളും, അടിപിടി കേസുകളിലും പ്രതിയാണ് ഇയാൾ. 2014ൽ ചങ്ങനാശ്ശേരിയിലെ റവന്യു ടവറിലുള്ള ത്രിവേണി സൂപ്പർ മാർക്കറ്റിൽ നിന്നും പണം മോഷ്ടിച്ചതിന് ഇയാൾ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ളതാണ്. മോഷണം പോയ മൊബൈൽ ഫോണുകളും , സി സി ടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് ഇയാളെ പിടികൂടാൻ പോലീസിനെ സഹായിച്ചത്.പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കോട്ടയം ജില്ലാ പോലീസ് മേധാവി ഹരിശങ്കറി ന്റെ നിർദ്ദേശ പ്രകാരം ചങ്ങനാശ്ശേരി ഡി വൈ എസ് പി എസ് സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ, ചങ്ങനാശ്ശേരി സി ഐ കെ പി വിനോദ് കുമാർ , എസ് ഐ എം ജെ. അഭിലാഷ് ആൻറി ഗുണ്ട സ്ക്വാഡ് അംഗങ്ങളായ കെ.കെ. റെജി, സിബിച്ചൻ, അസാരി, അരുൺ ,പ്രതീഷ് രാജ്, ആൻറണി സബാസ്റ്റ്യൻ, എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.