മാവേലിക്കരയില്‍ പൊലീസുകാരിയെ തീ കൊളുത്തി കൊന്നു ; പ്രതി പിടിയില്‍
സ്വന്തംലേഖകൻ
ആലപ്പുഴ : നടുറോഡില്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥയെ ചുട്ടുകൊന്നു. മാവേലിക്കര വള്ളിക്കുന്നതിന് അടുത്ത് കാഞ്ഞിപ്പുഴയിലാണ് സംഭവം. വള്ളിക്കുന്ന് പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറായ സൗമ്യ പുഷ്കരനാണ് മരിച്ചത്. സ്കൂട്ടറില്‍ പോവുകയായിരുന്ന സൗമ്യയെ ഇടിച്ചു വീഴ്ത്തിയ ശേഷം പെട്രോളൊഴിച്ച് തീ കൊളുത്തി കൊലപെടുത്തുകയായിരുന്നു.
കൃത്യം ചെയ്തയാളും പൊലീസുകാരനാണോ എന്ന് സംശയമുണ്ട്. ഇയാള്‍ക്കും സാരമായി പൊള്ളലേറ്റിട്ടുണ്ട്. വണ്ടിയിടിച്ച് വീണ സൗമ്യയെ വെട്ടി പരിക്കേല്‍പ്പിച്ച ശേഷമാണ് തീ കൊളുത്തിയതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. വൈകിട്ട് മൂന്നരയോടെയായിരുന്നു സംഭവം.
ഡ്യൂട്ടി കഴിഞ്ഞ് സ്കൂട്ടറില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്ന സൗമ്യയെ കാറില്‍ പിന്തുടര്‍ന്ന് വന്ന യുവാവ് കാഞ്ഞിപ്പുഴയയില്‍ വച്ച് സ്കൂട്ടര്‍ ഇടിച്ച് വീഴ്ത്തുകയും തുടര്‍ന്ന് വാളെടുത്ത് വെട്ടിയ ശേഷം പെട്രോളൊഴിച്ച് കത്തിക്കുകയുമായിരുന്നു എന്നാണ് വിവരം. ഗുരുതമായി തീ പൊള്ളലേറ്റ സൗമ്യ സംഭവസ്ഥലത്ത് വച്ചു തന്നെ മരിച്ചു എന്ന് പൊലീസ് അറിയിക്കുന്നു. അക്രമം നടത്തിയ ആളേയും ഇയാള്‍ സഞ്ചരിച്ച കാറും ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലുണ്ട്.
മലപ്പുറം സ്വദേശിയായ ഒരു പൊലീസുകാരനാണ് അക്രമം നടത്തിയത് എന്ന സൂചന ഇപ്പോള്‍ പുറത്തു വരുന്നുണ്ട്. വിവരം അറിഞ്ഞ് കായകുളം, ചെങ്ങന്നൂര്‍ ഡിവൈഎസ്പിമാര്‍ സ്ഥലത്ത് എത്തിയിട്ടുണ്ട്. സംഭവസ്ഥലത്തേക്ക് കൂടുതല്‍ പൊലീസുകാരെ ഇപ്പോള്‍ വിന്യസിച്ചിട്ടുണ്ട്. പൂര്‍ണമായും കത്തിക്കരിഞ്ഞ സൗമ്യയുടെ മൃതദേഹം ഇന്‍ക്വസ്റ്റ് നടപടി പൂര്‍ത്തിയാക്കി ഉടനെ മോര്‍ച്ചറിയിലേക്ക് മാറ്റും. പൊതുജനങ്ങളെ ഇവിടേക്ക് പൊലീസ് പ്രവേശിപ്പിച്ചിട്ടില്ല. മൂന്ന് കുട്ടികളുടെ അമ്മയാണ് സൗമ്യ ഇവരുടെ ഭര്‍ത്താവ് വിദേശത്താണ്.
സൗമ്യ പൊലീസ് സ്റ്റേഷനില്‍ നിന്നും ഇറങ്ങുമ്പോള്‍ മുതല്‍ പ്രതി കാറില്‍ ഇവരെ പിന്തുടര്‍ന്നിരുന്നു എന്നാണ് ലഭ്യമായ വിവരം. ഇതിനും മുന്‍പും സൗമ്യയെ ഇയാള്‍ പിന്തുടര്‍ന്നിരുന്നോ എന്ന കാര്യം പൊലീസ് പരിശോധിക്കുന്നുണ്ട്. പ്രതിക്ക് സൗമ്യയോട് മുന്‍വൈരാഗ്യമുണ്ടെന്നും തീര്‍ത്തും ആസൂത്രിതമായ കൊലപാതകമാണ് നടന്നതെന്നും പൊലീസ് വൃത്തങ്ങള്‍ പറയുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group