
സ്വന്തം ലേഖകൻ
കൊച്ചി: കൂലി കുറഞ്ഞു പോയന്നാരോപിച്ച് വാരപ്പെട്ടിയിൽ ലോറി ഡ്രൈവറുടെ കാൽ തല്ലിയൊടിച്ച ഇതര സംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ. ബഹ്റുൽ ഇസ്ലാം (18), ജനനത്തുൽ ഹക്ക് (20), മൂർഷിദുൽ ഇസ്ലാം (19), അനാറുൾ ഇസ്ലാം (25), ദിൻ ഇസ്ലാം (22) എന്നിവരെയാണ് കോതമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. ലോറി ഡ്രൈവറെ ഇവർ കൂട്ടമായി ആക്രമിക്കുകയായിരുന്നു.
കഴിഞ്ഞ ശനിയാഴ്ച വൈകിട്ടാണ് സംഭവം നടന്നത്. വാരപ്പെട്ടിയിലുള്ള പ്ലൈവുഡ് കമ്പനിയിൽ ലോറിയുമായി എത്തിയ മലപ്പുറം സ്വാദേശിയായ നൗഫലിനാണ് പരുക്കേറ്റത്. പ്ലൈവുഡ് ലോഡ് നൗഫൽ ലോറിയിൽ കയറ്റിയിരുന്നു. ഇതിനെ തുടർന്ന് ലോഡ് പടുതയിട്ടു മൂടി കെട്ടി മുറുക്കുകയാണ് അഞ്ച് ഇതരസംസ്ഥാനക്കാർ ചെയ്തത്. കൊടുത്ത കെട്ട് കൂലി കുറഞ്ഞു പോയെന്നു പറഞ്ഞാണ് ഇവർ നൗഫലിന് ആക്രമിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്ലൈവുഡ് വേസ്റ്റ് ഉപയോഗിച്ച് നടത്തിയ ആക്രമണത്തിൽ നൗഫലിന് കാലിന് ഒടിവും ശരീരത്തിന്റെ പല ഭാഗങ്ങളിൽ പരിക്കുകളും സംഭവിച്ചു. അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ പി.റ്റി. ബിജോയ്, എസ്. ഐ മാരായ അൽബിൻ സണ്ണി, പി.വി. എൽദോസ്, എസ്.സി.പി.ഒ ബേസിൽ ജോസഫ് എന്നിവരാണ് ഉണ്ടായിരുന്നത്.