video
play-sharp-fill
അച്ഛൻ മദ്യലഹരിയിൽ: യുകെജി വിദ്യാർത്ഥിയായ മകൾ നടുറോഡിൽ; ഏറ്റുമാനൂരിലെ നഗരസഭ അംഗങ്ങൾ ഇടപെട്ട് പെൺകുട്ടിയെ സുരക്ഷിതയാക്കി: കുട്ടിയും പിതാവും പൊലീസ് സ്റ്റേഷനിൽ

അച്ഛൻ മദ്യലഹരിയിൽ: യുകെജി വിദ്യാർത്ഥിയായ മകൾ നടുറോഡിൽ; ഏറ്റുമാനൂരിലെ നഗരസഭ അംഗങ്ങൾ ഇടപെട്ട് പെൺകുട്ടിയെ സുരക്ഷിതയാക്കി: കുട്ടിയും പിതാവും പൊലീസ് സ്റ്റേഷനിൽ


സ്വന്തം ലേഖകൻ


കോട്ടയം: മദ്യലഹരിയിൽ യുകെജി വിദ്യാർത്ഥിയായ മകൾക്കൊപ്പം നടുറോഡിൽ നിന്ന അച്ഛനെ നഗരസഭ അംഗങ്ങൾ ചേർന്ന് പിടികൂടി പൊലീസിന് കൈമാറി. ആലപ്പുഴ സ്വദേശിയായ അച്ഛനും മകളുമാണ് ചൊവ്വാഴ്ച വൈകിട്ട് ആറരയോടെ ഏറ്റുമാനൂർ ക്ഷേത്രത്തിന് സമീപത്തെ റോഡരികിൽ എത്തിയത്. മദ്യലഹരിയിൽ പെൺകുട്ടിയുടെ കൈ പിടിച്ചു നിന്ന അച്ഛനെ കണ്ട് ഏറ്റുമാനൂർ നഗരസഭയിലെ സ്റ്റാൻഡിഗ് കമ്മിറ്റി അംഗം ഗണേഷും നാട്ടുകാരും പ്രശ്‌നത്തിൽ ഇടപെടുകയായിരുന്നു. വിശന്ന് കരഞ്ഞ കുട്ടിയ്ക്ക് ഭക്ഷണവും വെള്ളവും വാങ്ങി നൽകിയ ശേഷം ഇവർ കുട്ടിയെയും അച്ഛനെയും ഏറ്റുമാനൂർ പൊലീസിൽ ഏൽപ്പിച്ചു. പൊലീസ് സാന്നിധ്യത്തിൽ കുട്ടിയുടെ അച്ഛന്റെ ഫോണിൽ നിന്നും ഇവരുടെ ബന്ധുക്കളെ വിവരം അറിയിച്ചു. 
ആലപ്പുഴ സ്വദേശിയായ അച്ഛൻ മകളെയുമായി സ്‌കൂട്ടറിലാണ് വീട്ടിൽ നിന്നും ഇറങ്ങിയത്. എന്നാൽ, പാതി വഴിയിൽ സ്‌കൂട്ടർ ഉപേക്ഷിച്ച ശേഷം പിന്നീട് ബസിലാണ് തങ്ങൾ പോന്നതെന്ന് കുട്ടി പൊലീസിനു മൊഴി നൽകിയിട്ടുണ്ട്. അച്ഛന്റെ ബന്ധുവിന്റെ വീട്ടിലേയ്ക്ക് പോകുന്നതിനായാണ് ഇവർ ഇവിടെ നിന്നും പുറപ്പെട്ടത്. ഇതേ തുടർന്ന് ബന്ധുവിനെ വിളിച്ചു വരുത്തിയ ശേഷം ഇവരെ വിട്ടയക്കുമെന്ന് പൊലീസ് അറിയിച്ചു.