play-sharp-fill
ക്രിമിനൽ കേസ്, സ്ഥാനാർത്ഥിത്വത്തിന് അയോഗ്യതയല്ല; സുപ്രീംകോടതി

ക്രിമിനൽ കേസ്, സ്ഥാനാർത്ഥിത്വത്തിന് അയോഗ്യതയല്ല; സുപ്രീംകോടതി

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ക്രിമിനൽ കേസ് ചുമത്തപ്പെട്ടവരെ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് അയോഗ്യരാക്കില്ലെന്നും ഇത് സംബന്ധിച്ച് നിയമം കൊണ്ട് വരേണ്ടത് പാർലമെന്റാണെന്നും സുപ്രീംകോടതി. അതേസമയം രാഷ്ട്രീയത്തിലെ ക്രിമിനൽവൽക്കരണം തടയാൻ സുപ്രീംകോടതി മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. ജനപ്രതിനിധികൾക്ക് അഭിഭാഷകരായി പ്രാക്ടീസ് ചെയ്യാമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗബെഞ്ചും വിധിച്ചു. മുഴുവൻ സമയ വേതനം വാങ്ങുന്നവർ അല്ല ജനപ്രതിനിധികൾ എന്നും അതിനാൽ ഇവരെ പ്രാക്ടീസ് ചെയ്യുന്നത് വിലക്കാനാകില്ലെന്നും പറഞ്ഞ കോടതി ഇത് ചോദ്യം ചെയ്ത് സമർപ്പിച്ച മുഴുവൻ ഹർജികളും തള്ളി. സ്ഥാനാർത്ഥികൾ പൂരിപ്പിക്കേണ്ട ഫോമിൽ കേസുകളെക്കുറിച്ച് വിശദീകരിക്കാൻ പ്രത്യക കോളംവേണം,സ്ഥാനാർത്ഥികളുടെ ക്രിമിനൽ പശ്ചാത്തലം രാഷ്ട്രീയ പാർട്ടികൾ പരസ്യപ്പെടുത്തണം,നാമനിർദ്ദേശ പത്രിക നൽകിയ ശേഷം മൂന്ന് തവണയെങ്കിലും ഇത് സംബന്ധിച്ചു മാധ്യമങ്ങളിൽ പരസ്യം നൽകണം,ക്രിമിനൽ കേസുകൾ സംബന്ധിച്ച വിവരങ്ങൾ സ്ഥാനാർഥികൾ പാർട്ടികൾക്ക് കൈമാറണം. ഇത് പാർട്ടികൾ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കണമെന്നുമാണ് കോടതി നിർദേശിച്ചിരിക്കുന്നത്.