play-sharp-fill
അയർക്കുന്നത്ത് വീട്ടമ്മയെ കെട്ടിയിട്ട് തോക്കുചൂണ്ടി സ്വർണ്ണം കവർന്ന സംഭവം ; പ്രതിയെക്കുറിച്ച് സൂചന ലഭിച്ചതായി പൊലീസ്

അയർക്കുന്നത്ത് വീട്ടമ്മയെ കെട്ടിയിട്ട് തോക്കുചൂണ്ടി സ്വർണ്ണം കവർന്ന സംഭവം ; പ്രതിയെക്കുറിച്ച് സൂചന ലഭിച്ചതായി പൊലീസ്

സ്വന്തം ലേഖകൻ

കോട്ടയം : അയർക്കുന്നത്ത് വീട്ടമ്മയെ കെട്ടിയിട്ട് തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി സ്വർണം കവർന്ന കേസിൽ പ്രതിയെക്കുറിച്ച് സൂചന ലഭിച്ചുവെന്ന് പൊലീസ് വ്യക്തമാക്കി. സമാന രീതിയിൽ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി കവർച്ച നടത്തുന്നവരെ കേന്ദ്രീകരിച്ചു പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൂടുതൽ വിവരങ്ങൾ ലഭിച്ചത്.


കഴിഞ്ഞ ദിവസം ഉച്ചയോടെ അയർക്കുന്നം ചേന്നാമറ്റം പുത്തൻപുരയ്ക്കൽ റിട്ട. അധ്യാപകൻ ജോസിന്റ ഭാര്യ ലിസമ്മയെ (60) കെട്ടിയിട്ട് 29 പവൻ അപഹരിച്ച കേസിലാണ് നിർണായക വിവരങ്ങൾ ലഭിച്ചത്. സംഭവം നടന്ന വീടിനു സമീപം സി.സി ടി.വി കാമറകൾ ഇല്ലെങ്കിലും അഞ്ചു കിലോമീറ്റർ ചുറ്റളവിലെ കാമറകളിൽനിന്നുള്ള ദൃശ്യങ്ങൾ ശേഖരിച്ചാണു പരിശോധന പുരോഗമിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചെന്നാമ്മറ്റം തൈക്കൂട്ടം റോഡിലെ വീട്ടിലാണ് ജോസും ഭാര്യയും താമസിച്ചിരുന്നത്. സംഭവസമയം ജോസ് ചങ്ങനാശേരിയിലായിരുന്നു. പന്ത്രണ്ടോടെ പാന്റും ഷർട്ടും ധരിച്ചു മാസ്‌കുമണിഞ്ഞ് വീട്ടിലെത്തിയ യുവാവ് വാതിൽപ്പടിയിൽ ഇരുന്ന ലിസമ്മയുമായി സംസാരിക്കുകയായിരുന്നു.

കോവിഡ് വാക്‌സിൻ വിതരണവുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ച് പറയാൻ എത്തിയതെന്നായിരുന്നു വിശദീകരണം.എന്നാൽ, സംസാരിച്ചു തുടങ്ങിയപ്പോൾ, ഇപ്പോൾ വീട്ടിലാരുമില്ലെന്നും പിന്നീട് വരാനും ആവശ്യപ്പെടുകയായിരുന്നു. ഇതോടെ പുറത്തേയ്ക്കിറങ്ങിയ യുവാവ് മതിലിനു പിന്നിൽ അൽപ്പ നേരം നിന്ന ശേഷം തിരികെയെത്തി.

പ്രദേശത്തെങ്ങും കട തുറന്നിട്ടില്ലെന്നും കുടിക്കാൻ വെള്ളം വേണമെന്നും ആവശ്യപ്പെട്ടു. വെള്ളമെടുക്കാൻ ലിസമ്മ വീട്ടിനുള്ളിലേക്കു കയറിയതിനു പിന്നാലെ ഉള്ളിൽ കടന്ന യുവാവ് വാതിൽ അകത്തു നിന്നു പൂട്ടി. തുടർന്നു തോക്കുചൂണ്ടി ശബ്ദമുണ്ടാക്കരുതെന്നു ലിസമ്മയെ ഭീഷണിപ്പെടുത്തുകയായിരുന്നു.

തുടർന്നു ലിസമ്മയുടെ കൈ രണ്ടും പിന്നിലേക്കു കെട്ടുകയും വായിൽ തുണി തിരുകുകയും ചെയ്തു. തുടർന്നു കഴുത്തിൽ കിടന്ന അഞ്ചു പവൻ മാല, രണ്ടു കമ്മലുകൾ, മോതിരം എന്നിവ ഊരിയെടുത്തു. പിന്നീട്, വീട്ടിലെ മൂന്ന് അലമാരകളിൽ പരിശോധന നടത്തി.

ഒരു അലമാരയിൽ നിന്ന് സ്വർണം ലഭിച്ചു. തുടർന്നു കാറിന്റെയും വീടിന്റെയും താക്കോൽ ആവശ്യപ്പെട്ടുവെങ്കിലും കാറിന്റെ താക്കോൽ എവിടെയെന്ന് അറിയില്ലെന്നു ലിസമ്മ പറഞ്ഞു. ഇതോടെ വീടിന്റെ താക്കോൽ എടുത്തു വീട് പുറത്തു നിന്നു പൂട്ടിയ ശേഷം യുവാവ് മുങ്ങുകയായിരുന്നു.

ഒരു മണിക്കൂറിനു ശേഷം നിരങ്ങി നീങ്ങി കൈയിൽ കെട്ടുപൊട്ടിച്ച ലിസമ്മ വീടിന്റെ ജനൽ തുറന്ന് ബഹളം വയ്ക്കുകയും സമീപത്തെ പുരയിടത്തിലുണ്ടായിരുന്ന ജോസിന്റെ സഹോദരനും ഭാര്യയും ഓടിയെത്തുകയും ചെയ്യുമ്പോഴാണ് മോഷണ വിവരം പുറംലോകമറിയുന്നത്.