
പാലക്കാട്: മണ്ണാർക്കാട് എലമ്പുലാശ്ശേരിയിൽ കുടുംബവഴക്കിനിടെ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി.കോട്ടയം അയർക്കുന്നം വെള്ളിമഠം ജെയ്മോന്റെ മകൾ അഞ്ജുമോളാണ് (23) കൊല്ലപ്പെട്ടത്.അഞ്ചുമോളുടെ ഭര്‍ത്താവ് വാക്കടപ്പുറം സ്വദേശി യുഗേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു.
എലമ്പുലാശ്ശേരിയിൽ വാക്കടപ്പുറത്ത് ഇന്നലെ രാത്രി 12 മണിയോടെയാണ് കൊലപാതകം നടന്നത്. വഴക്കിനിടെ ഭർത്താവ് ഭാര്യയുടെ കഴുത്തിൽ പിടിച്ചു തള്ളുകയായിരുന്നു. സംഭവശേഷം ഭർത്താവ് യുഗേഷ് മണ്ണാർക്കാട് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു.
തുടർന്ന് പൊലീസ് സംഭവ സ്ഥലത്തെത്തിയതോടെയാണ് നാട്ടുകാർ വിവരമറിഞ്ഞത്. യുഗേഷിന്റെ വീടിന് സമീപത്തുള്ള കല്ലുവെട്ട് കുഴിയിലാണ് മൃതദേഹം കിടന്നിരുന്നത്. കഴുത്തിൽ ശ്വാസം മുട്ടിച്ചതിന്റെ പാടുകളുണ്ട്

Whatsapp Group 1 | Whatsapp Group 2 |Telegram Group
മൃതദേഹം കിടന്ന ഭാഗത്ത് മൽപിടിത്തം നടന്നതിന്റെ ലക്ഷണമൊന്നും കണ്ടെത്തിയിട്ടില്ല. കൊലപ്പെടുത്തിയ ശേഷം കൊണ്ടുവന്നിട്ടതായിരിക്കുമെന്നാണ് പൊലീസ് കരുതുന്നത്. റോഡിൽ നിന്ന് അഞ്ച് അടിയോളം മാത്രം താഴ്ചയുള്ള ഭാഗത്താണ് മൃതദേഹം കിടന്നിരുന്നത്. അതുകൊണ്ടുതന്നെ തള്ളിയിട്ടു കൊലപ്പെടുത്തിയതല്ലെന്ന് പൊലീസ് നേരത്തെ ഉറപ്പിച്ചിരുന്നു.
ഫൊറൻസിക് വിദഗ്ധർ സ്ഥലത്ത് പരിശോധന നടത്തി. പാലക്കാട് എസ്പി അജിത്കുമാർ, മണ്ണാർക്കാട് ഡിവൈഎസ്പി എം.സന്തോഷ്കുമാർ, മണ്ണാർക്കാട് എസ്എച്ച്ഒ എം.ബി.രാജേഷ്, ഒറ്റപ്പാലം തഹസിൽദാർ അബ്ദുൽ മജീദ്, എന്നിവരുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തി.തൃശൂർ ഗവ. മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ ശ്വാസംമുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്നു സ്ഥിരീകരിച്ചതായി പൊലീസ് പറഞ്ഞു.
അഞ്ജുമോളും യുഗേഷും തമ്മിൽ നിരന്തരം വഴക്ക് ഉണ്ടായിരുന്നു, ജനപ്രതിനിധികളും പൊലീസും ഇടപെട്ട് രമ്യതയിലെത്തിക്കുകയും ചെയ്തിരുന്നു. അഞ്ജുമോൾ ഏതാനും ദിവസങ്ങളായി മുണ്ടൂർ പറളിയിലെ മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലായിരുന്നു.
ബുധനാഴ്ചയാണ് ഇവിടെ നിന്നു പോന്നത്. വൈകിട്ട് ഇരുവരെയും എളമ്പുലാശ്ശേരിയിലെ കടയിൽ കണ്ടിരുന്നതായി നാട്ടുകാർ പറഞ്ഞു. മരണവിവരം അറിഞ്ഞ് അഞ്ജുവിന്റെ ബന്ധുക്കളും സ്ഥലത്തെത്തി. ഇന്നലെ രാത്രി എട്ടുമണിയോടെ ഐവർമഠത്തിൽ സംസ്കരിച്ചു. രണ്ടുവർഷം മുൻപാണ് ഇവരുടെ വിവാഹം നടന്നത്. പ്രണയവിവാഹമായിരുന്നു. ഒരു വയസ്സുള്ള ആൺകുട്ടിയുണ്ട്.