
തിരുവനന്തപുരം: കുറ്റകൃത്യങ്ങളില്‍ സ്ഥിരം പ്രതിയായതോടെ കാപ്പ നിയമപ്രകാരം പൊലീസ് നാടുകടത്തിയ യുവാവ് വധശ്രമ കേസില്‍ അറസ്റ്റില്‍. ഒറ്റൂർ വെട്ടിമണ്‍കോണം സ്വദേശി അഭിജിത് (27)ആണ് അറസ്റ്റിലായത്. കഴിഞ്ഞ ജൂലൈ 16ന് തിരുവനന്തപുരം ജില്ലയില്‍ പ്രവേശിക്കുന്നതിന് എട്ടു മാസത്തേക്ക് വിലക്ക് ഏർപ്പെടുത്തി പൊലീസ് ഇയാളെ നാടുകടത്തിയിരുന്നു. എന്നാല്‍ വിലക്ക് ലംഘിച്ച് തിരിച്ചു വന്ന് കഴിഞ്ഞ ദിവസം രാത്രിയില്‍ കല്ലമ്പലം ജംഗ്ഷനില്‍ സ്വകാര്യ ബസ് ജീവനക്കാരനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലാണ് വീണ്ടും പിടിയിലായത്.
കല്ലമ്പലം,കടയ്ക്കാവൂർ,വർക്കല എന്നിവിടങ്ങളിലായി കൊലപാതക ശ്രമങ്ങള്‍ ഉള്‍പ്പെടെ എട്ടോളം കേസുകളില്‍ ഇയാള്‍ പ്രതിയാണ്. കല്ലമ്പലം എസ്.എച്ച്.ഒ ഗോപകുമാർ,എസ്.ഐ സുനില്‍കുമാർ,എ.എസ്.ഐ ഇർഷാദ്,എസ്.സി.പി.ഒ മാരായ അസീം,അനീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കാപ്പ ലംഘനത്തിനും വധശ്രമത്തിനും കേസെടുത്ത് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.


