
ബംഗ്ലാദേശില്‍ വീണ്ടും ഹിന്ദു യുവാവിനെ കൊലപ്പെടുത്തി. പെട്രോള്‍ പമ്പ് ജീവനക്കാരനായ റിപ്പണ്‍ സാഹയെയാണ് ബംഗ്ലാദേശിലെ രാജ്ബാരി ജില്ലയിലെ സദർ ഉപാസിലയില്‍ പ്രവർത്തിക്കുന്ന പെട്രോള്‍ പമ്പില്‍ വച്ച് കാറിടിച്ച് കൊലപ്പെടുത്തിയത്. വെള്ളിയാഴ്ച പുലർച്ചെയായിരുന്നു സംഭവം. പെട്രോള്‍ പമ്പിലെ അറ്റൻ്ററായ റിപ്പണ്‍ സാഹയ്ക്ക് 30 വയസായിരുന്നു പ്രായം.
ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയുടെ മുൻ നേതാവ് അബുല്‍ ഹാഷിമാണ് കാറിടിച്ച് കൊലപ്പെടുത്തിയതെന്നാണ് പൊലീസ് നല്കുന്ന വിവരം. പെട്രോള്‍ പമ്പില്‍ നിന്ന് ഇന്ധനം നിറച്ച ശേഷം പണം നല്‍കാതെ പോയ അബുല്‍ ഹാഷിമിനെ റിപ്പണ്‍ സാഹ തടഞ്ഞിരുന്നു. കാർ ഓടിച്ചിരുന്ന കമല്‍ ഹൊസൈൻ വാഹനം നിർത്താതെ റിപ്പണ്‍ സാഹയെ ഇടിച്ചുവീഴ്ത്തി കടന്നുകളഞ്ഞു.
ഗുരുതരമായി പരിക്കേറ്റ യുവാവ് സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. പ്രതികള്‍ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. കൊലക്കുറ്റത്തിന് കേസെടുത്ത പൊലീസ് ഹാഷിമിനെയും ഡ്രൈവറെയും അറസ്റ്റ് ചെയ്തു. സംഭവത്തില്‍ ഉള്‍പ്പെട്ട വാഹനവും കസ്റ്റഡിയിലെടുത്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
റിപ്പണ്‍ സാഹയുടെ കൊലപാതകം ബംഗ്ലാദേശില്‍ വീണ്ടും ഹിന്ദുക്കള്‍ക്കിടയില്‍ കടുത്ത പ്രതിഷേധത്തിന് കാരണമായി. പ്രതികള്‍ക്ക് കനത്ത ശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് പ്രതിഷേധങ്ങള്‍ നടന്നു. പ്രതികള്‍ക്ക് പ്രതിപക്ഷ പാർട്ടികളുമായുള്ള ബന്ധം കേസന്വേഷണത്തെ ബാധിക്കില്ലെന്നാണ് പൊലീസ് പറയുന്നത്. കുറ്റകൃത്യത്തെ ഗൗരവത്തോടെ കാണുമെന്നും കുറ്റക്കാരെ നിയമത്തിന് മുന്നില്‍ എത്തിക്കുമെന്നും പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.



