ജോലി വാഗ്ദാനം ചെയ്ത് യുവതിയെ വിദേശത്ത് എത്തിച്ച് പീഡിപ്പിച്ചു: അഞ്ചു വർഷത്തിന് ശേഷം പ്രതി പിടിയിൽ
സ്വന്തം ലേഖകൻ
അടൂർ: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് യുവതിയെ വിദേശത്ത് എത്തിച്ച പീഡിപ്പിച്ച ശേഷം അഞ്ചു വർഷത്തോളം ഒളിവിൽ കഴിഞ്ഞ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളം, പള്ളുരുത്തി നാലു കുളത്തിങ്കൽ ബിജുമോനെ(നവാസ്- 48)യാണു പോലീസ് നെടുമ്പാശേരിയിൽ നിന്ന് പിടികൂടിയത്. അടൂർ സ്വദേശിനിയെ 2013 ഒക്ടോബറിൽ കുവൈത്തിൽ വീട്ടു ജോലിക്കായി കൊണ്ടുപോവുകയും രണ്ടാഴ്ചയോളം ഫ്ളാറ്റിൽ താമസിപ്പിച്ചു പീഡിപ്പിക്കുകയും ചെയ്തെന്ന കേസിൽ ഇന്റർപോളിന്റെ സഹായത്തോടെയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
പ്രതി കുവൈത്തിൽ 18 വർഷമായി ജോലി ചെയ്തു വരികയായിരുന്നു. പെൺകുട്ടിയെ തിരുവല്ല കവിയൂരുള്ള മുരളീധരൻ നായരുടെ ഭാരത് ട്രാവൽ ഏജൻസി വഴിയാണ് ഇവിടെനിന്നു കൊണ്ടു പോയത്. തുടർന്ന് ഇവരുടെ സമ്മർദങ്ങൾക്കു വഴങ്ങാതിരുന്ന യുവതി വീട്ടുകാരെ വിവരം ധരിപ്പിച്ചു.
വീട്ടുകാർ യാത്രാ ടിക്കറ്റ് അയച്ചുകൊടുത്ത് നാട്ടിൽ തിരികെയെത്തിച്ചു. വിദേശത്തു കൊണ്ടുപോയതിൽ നഷ്ടം സംഭവിച്ചെന്നു പറഞ്ഞ് പ്രതി യുവതിയെ ഭീഷണിപ്പെടുത്താൻ തുടങ്ങിയതോടെയാണു പോലീസിൽ പരാതി നൽകിയത്. കേസിലെ മറ്റു പ്രതികളായ കവിയൂർ ഞാലിക്കണ്ടം താഴത്ത് ഉപ്പൻകര വീട്ടിൽ മുരളീധരൻ നായർ (60), പറന്തൽ പ്ലാവിളപ്പടി ഭാഗം പുല്ലുപറമ്പിൽ പുത്തൻ വീട്ടിൽ ജോളി സ്റ്റാൻലി (45) എന്നിവരെ 2014 മേയ് എട്ടിന് അറസ്റ്റ് ചെയ്തിരുന്നു. കേസിൽ ഒരാൾ കൂടി അറസ്റ്റിലാകാനുണ്ട്. വിദേശത്ത് കഴിഞ്ഞ ബിജുമോൻ ഇടയ്ക്ക് നാട്ടിൽ വന്ന് ഒളിവിൽ താമസിച്ചിരുന്നു. ഇയാൾ വിദേശ ത്ത് തങ്ങിയതിനെ തുടർന്ന് ഇന്റർപോൾ ലുക്ക് ഔട്ട് നോട്ടീസ് പതിച്ചിരുന്നു.
തിങ്കളാഴ്ച രാത്രി 12 ന് നെടുമ്പാശേരി വിമാനത്താവളത്തിൽ സുരക്ഷാ ഉദ്യോഗസ്ഥർ ഇയാളെ തടഞ്ഞു വച്ച് പോലീസിൽ വി വരം അറിയിക്കുകയായിരുന്നു. എസ്.ഐ ശ്രീകുമാർ, സി.പി.ഒ രാജേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇയാളെ സ്റ്റേഷനിൽ എത്തിച്ചു.