2 താരങ്ങള്‍ പുറത്ത്, കുല്‍ദീപും അര്‍ഷ്ദീപും ടീമില്‍; നാലാം ടെസ്റ്റിനുള്ള ഇന്ത്യയുടെ പ്ലേയിംഗ് ഇലവനെ തെരഞ്ഞെടുത്ത് മുൻ താരം

Spread the love

മുംബൈ: ലോര്‍ഡ്സ് ടെസ്റ്റില്‍ 22 റണ്‍സ് തോല്‍വി വഴങ്ങി അഞ്ച് മത്സര പരമ്പരയില്‍ 1-2ന് പിന്നിലായതോടെ ഓള്‍ഡ് ട്രാഫോര്‍ഡില്‍ നടക്കുന്ന ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റില്‍ ഇന്ത്യയുടെ പ്ലേഗിംഗ് ഇലവനില്‍ ആരൊക്കെ കളിക്കുമെന്ന ആകാംക്ഷയിലാണ് ഇന്ത്യൻ ആരാധകര്‍. പേസര്‍ ജസ്പ്രീത് ബുമ്ര കളിക്കുമോ എന്നതാണ് പ്രധാന ആകാംക്ഷയെങ്കിലും നാലാം ടെസ്റ്റിനുള്ള ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ വരുത്തേണ്ട മാറ്റങ്ങള്‍ നിര്‍ദേശിക്കുകയാണ് മുന്‍ ഇന്ത്യൻ നായകനും ചീഫ് സെലക്ടറുമായിരുന്ന ദിലീപ് വെംഗ്സര്‍ക്കാര്‍.

നാലാം ടെസ്റ്റിനുള്ള ടീമില്‍ ഇന്ത്യ അഞ്ച് ബൗളര്‍മാരുമായി ഇറങ്ങണമെന്ന് വെംഗ്‌സര്‍ക്കാര്‍ റേവ് സ്പോര്‍ട്സിനോട് പറഞ്ഞു. പാര്‍ട് ടൈം ബൗളര്‍മാരെക്കൊണ്ട് ഒരിക്കലും ടെസ്റ്റ് ജയിക്കാനാവില്ലെന്നും വെംഗ്‌സര്‍ക്കാര്‍ വ്യക്തമാക്കി. നാലാം ടെസ്റ്റില്‍ ഇന്ത്യ കുല്‍ദീപ് യാദവിനെയും അര്‍ഷ്ദീപ് സിംഗിനെയും കളിപ്പിക്കണം. ഇരുവരും ടീമിലെത്തുമ്പോള്‍ ഓള്‍ റൗണ്ടര്‍മാരായ നിതീഷ് കുമാര്‍ റെഡ്ഡിയും വാഷിംഗ്ടണ്‍ സുന്ദറുമാകും പുറത്തുപോകുക. പന്ത് ഇരുവശത്തേക്കും മൂവ് ചെയ്യുന്ന ഇംഗ്ലണ്ടിലെ സാഹചര്യങ്ങളില്‍ അര്‍ഷ്ദീപിനെ കളിപ്പിക്കുന്നത് ഇന്ത്യക്ക് ഗുണകരമാകും. റിവേഴ്സ് സ്വിംഗ് ചെയ്യിക്കാനുള്ള അർഷ്ദീപിന്‍റെ മികവും നിര്‍ണായകമാകും. നാലാം ടെസ്റ്റില്‍ പേസര്‍മാരായി ജസ്പ്രീത് ബുമ്രയും മുഹമ്മദ് സിറാജും തുടരണം.

ടെസ്റ്റ് ജയിക്കാന്‍ അഞ്ച് സ്പെഷലിസ്റ്റ് ബൗളര്‍മാര്‍ തന്നെ ടീമില്‍ വേണം. പാര്‍ട് ടൈം ബൗളര്‍മാരെക്കൊണ്ട് ഒരിക്കലും 20 വിക്കറ്റെടുത്ത് ടെസ്റ്റ് ജയിക്കാനാവില്ലെന്നും വെംഗ്സര്‍ക്കാര്‍ പറഞ്ഞു. പരമ്പരയിലിതുവരെ രണ്ട് ടെസ്റ്റുകളില്‍ കളിച്ച നിതീഷ് കുമാര്‍ റെഡ്ഡി ആക 45 റണ്‍സാണ് നേടിയത്. മൂന്ന് വിക്കറ്റും വീഴ്ത്തി. അതേസമയം, കുല്‍ദീപിനിതുവരെ പരമ്പരയില്‍ കളിക്കാന്‍ അവസരം ലഭിച്ചിട്ടില്ല. അഞ്ച് ബൗളര്‍മാരെ ടീമിലെടുത്താലും ബാറ്റിംഗ് നിര അവരുടെ ഉത്തരവാദിത്തം നിറവേറ്റേണ്ടിവരുമെന്നും വെംഗ്സര്‍ക്കാര്‍ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group