സഞ്ജുവിന്റെ ക്യാച്ചിൽ സംശയം; അമ്പയർക്കെതിരെ ഐസിസിക്ക് പരാതിയുമായി പാകിസ്താൻ

Spread the love

ദുബായ്: ഇന്ത്യന്‍ വിക്കറ്റ് കീപ്പറായ സഞ്ജുവിന്റെ ക്യാച്ചില്‍ സംശയം പ്രകടിപ്പിച്ച ടീം അധികൃതര്‍ ടെലിവിഷന്‍ അമ്പയര്‍ക്കെതിരെ പരാതി നല്‍കി.ടെലികോം ഏഷ്യയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

റിപ്പോര്‍ട്ട് പ്രകാരം പാകിസ്താന്‍ ടീം മാനേജര്‍ നവീദ് ചീമ ആദ്യം പോയത് മാച്ച് റഫറി ആന്‍ഡി പൈക്രോഫ്റ്റിനടുത്താണ്. എന്നാല്‍ പൈക്രോഫ്റ്റ് പരാതി സ്വീകരിക്കാന്‍ തയ്യാറായില്ല. തന്റെ അധികാരപരിധിയില്‍പ്പെടുന്ന കാര്യമല്ലെന്ന മറുപടിയാണ് പൈക്രോഫ്റ്റ് നല്‍കിയത്.

പിന്നാലെ ഐസിസിക്ക് ഇ-മെയില്‍ വഴി പരാതി നല്‍കുകയായിരുന്നുവെന്നാണ് വിവരം. ഇതുസംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.മത്സരത്തിന്റെ മൂന്നാം ഓവറിലാണ് സംഭവം. ഹാര്‍ദിക് പാണ്ഡ്യയുടെ പന്തില്‍ വിക്കറ്റ് കീപ്പറായ സഞ്ജു ക്യാച്ചെടുത്താണ് ഫഖർ പുറത്താകുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഓപ്പണറായി സ്ഥാനക്കയറ്റം കിട്ടിയെത്തിയ ഫഖര്‍ സമാൻ മത്സരത്തിൽ ഒമ്പത് പന്തില്‍നിന്ന് 15 റണ്‍സാണെടുത്തത്. എന്നാൽ സഞ്ജുവിന്റെ കൈയ്യിലെത്തുംമുമ്പ് പന്ത് മൈതാനത്ത് കുത്തിയിരുന്നോ എന്നതിൽ സംശയമുണ്ടായിരുന്നു. തേർഡ് അമ്പയർ വിശദമായി പരിശോധിക്കുകയും പിന്നാലെ ഔട്ട് വിധിക്കുകയുമായിരുന്നു.

അമ്പയറുടെ തീരുമാനത്തിൽ ഫഖർ സമാൻ കടുത്ത അതൃപ്തി പ്രകടിപ്പിച്ചു. മടങ്ങുന്നതിനിടെ ഫഖര്‍ കുപിതനായി പ്രതികരിക്കുകയും ചെയ്തു. ക്യാച്ചില്‍ സംശയം പ്രകടിപ്പിച്ച് മുന്‍ പാക് പേസര്‍ വഖാര്‍ യൂനിസ് അടക്കമുള്ളവർ രംഗത്തെത്തിയിരുന്നു. സഞ്ജു ക്യാച്ച് എടുത്തത് ശരിയായ രീതിയിലാണോ എന്ന കാര്യത്തില്‍ ഉറപ്പില്ലെന്ന് അദ്ദേഹം പ്രതികരിച്ചു.

ഫഖർ സമാൻ ഔട്ട് അല്ലെന്നും ബാറ്റർക്ക് സംശയത്തിന്റെ ആനുകൂല്യം ലഭിക്കേണ്ടതായിരുന്നുവെന്നും മുൻ പാക് താരം ഷൊയിബ് അക്തർ പറഞ്ഞു. ഇതിനിടെയാണ് പാക് ടീം ഐസിസിക്ക് പരാതിയുമായി എത്തുന്നത്.

നേരത്തേ മാച്ച് റഫറിയായ പൈക്രോഫ്റ്റിനെ നീക്കണമെന്നാവശ്യപ്പെട്ട് പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ഐസിസിക്ക് പരാതി നൽകിയിരുന്നു.ആദ്യതവണ ഇന്ത്യയും പാകിസ്താനും കളിച്ചപ്പോൾ ടോസിനുശേഷം ഇന്ത്യൻ ക്യാപ്റ്റന് കൈ കൊടുക്കുന്നതിൽനിന്ന് പാകിസ്താൻ ക്യാപ്റ്റൻ സൽമാൻ ആഗയെ പൈക്രോഫ്റ്റ് പിന്തിരിപ്പിച്ചെന്നായിരുന്നു മാച്ച് റഫറിക്കെതിരേ പാക് ടീം മാനേജ്‌മെന്റ് നടത്തിയ ആരോപണം.

മാച്ച് റഫറിയെ ടൂർണമെന്റിൽനിന്ന് പുറത്താക്കണമെന്നതടക്കമുള്ള ആവശ്യം പാക് ക്രിക്കറ്റ് ബോർഡ് മുന്നോട്ടുവെച്ചെങ്കിലും ഐസിസി അംഗീകരിച്ചില്ല.