video
play-sharp-fill

Monday, September 22, 2025

വീണ്ടും പാകിസ്ഥാന് കനത്ത പ്രഹരം നൽകി ഇന്ത്യൻ കൗമാരപ്പട; സാഫ് അണ്ടർ-17ൽ മിന്നും വിജയം

Spread the love

കൊളംബോ: സാഫ് അണ്ടർ-17 ചാമ്പ്യൻഷിപ്പിൽ പാകിസ്ഥാനെ 3-2 എന്ന സ്കോറിന് തോൽപ്പിച്ച് ഇന്ത്യ ഗ്രൂപ്പ് ബിയിൽ ഒന്നാം സ്ഥാനം ഉറപ്പിച്ചു. ഇരു ടീമുകളും ഇതിനകം സെമിഫൈനലിൽ പ്രവേശിച്ചിരുന്നെങ്കിലും, നിര്‍ണായകമായ ഒന്നാം സ്ഥാനത്തിന് വേണ്ടിയുള്ള പോര് ആവേശകരമായിരുന്നു. മത്സരത്തിന്‍റെ 31-ാം മിനിറ്റിൽ നായകൻ വാങ്‌ഖെം ഡെന്നി സിംഗിന്‍റെ പാസിൽ ദലാൽമുൻ ഗാങ്‌ടെ ഇന്ത്യക്ക് വേണ്ടി ആദ്യ ഗോൾ നേടി. എന്നാൽ, പിന്നീട് പാകിസ്ഥാൻ ശക്തമായി തിരിച്ചുവന്നു. ഇന്ത്യൻ പെനാൽറ്റി ബോക്സിൽ വെച്ച് ഹംസ യാസിറിനെ വീഴ്ത്തിയതിന് പാകിസ്ഥാന് പെനാൽറ്റി ലഭിച്ചു.

43-ാം മിനിറ്റിൽ മുഹമ്മദ് അബ്‍ദുള്ള പെനാൽറ്റി ഗോളാക്കി. ആദ്യ പകുതി അവസാനിക്കുമ്പോൾ ഇരു ടീമുകളും 1-1 എന്ന നിലയിലായിരുന്നു. രണ്ടാം പകുതിയിൽ ബിബിയാനോ ഫെർണാണ്ടസിന്‍റെ ടീം വീണ്ടും ലീഡ് നേടി. 63-ാം മിനിറ്റിൽ ശുഭം പൂനിയയുടെ പാസിൽ ഗുൺലൈബ വാങ്‌ഖീരക്പാം ഇന്ത്യക്ക് വേണ്ടി രണ്ടാം ഗോൾ നേടി. എന്നാൽ ഏഴ് മിനിറ്റിന് ശേഷം പാകിസ്ഥാൻ വീണ്ടും സമനില ഗോൾ നേടി. ഇന്ത്യൻ ഗോൾകീപ്പർ മനശ്ജ്യോതി ബറുവയുടെ കൈയ്യിൽ നിന്ന് വഴുതിപ്പോയ പന്ത് ഹംസ യാസിർ പാകിസ്ഥാന് വേണ്ടി വലയിലാക്കി.

74-ാം മിനിറ്റിൽ രാഹൻ അഹമ്മദ് ഇന്ത്യക്ക് വേണ്ടി വിജയ ഗോൾ നേടി. ഭൂട്ടാനെതിരെയുള്ള അവസാന മത്സരത്തിൽ വിജയ ഗോൾ നേടിയതും രാഹനായിരുന്നു. ഈ വിജയത്തോടെ ഇന്ത്യ ഗ്രൂപ്പ് ഘട്ടത്തിലെ മൂന്ന് മത്സരങ്ങളിലും വിജയിച്ച് ഒന്നാം സ്ഥാനം നേടി. നേരത്തെയുള്ള രണ്ട് മത്സരങ്ങളിൽ ഇന്ത്യ മാലിദ്വീപിനെ 6-0നും ഭൂട്ടാനെ 1-0നും തോൽപ്പിച്ചിരുന്നു. സെപ്റ്റംബർ 25-ന് നടക്കുന്ന സെമിഫൈനലിൽ ഇന്ത്യ ബംഗ്ലാദേശിനെ നേരിടും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group