ദുലീപ് ട്രോഫി: നിരാശപ്പെടുത്തി ജയ്‌സ്വാളും ശ്രേയസ് അയ്യരും; റുതുരാജ് സെഞ്ചുറിയിലേക്ക്, ഖലീലിന് രണ്ട് വിക്കറ്റ്

Spread the love

ബെംഗളൂരു: ദുലീപ് ട്രോഫി രണ്ടാം സെമി ഫൈനലില്‍ വെസ്റ്റ് സോണിന് വേണ്ടി നിരാശപ്പെടുത്തി ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍. സെന്‍ട്രല്‍ സോണിനെതിരായ മത്സരത്തില്‍ ജയ്‌സ്വാള്‍ നാല് റണ്‍സിന് പുറത്തായി. ബെംഗളൂരുവില്‍ പുരോഗമിക്കുന്ന മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത വെസ്റ്റ് സോണ്‍ ഒന്നാം ദിനം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സെടുത്തിട്ടുണ്ട്. റുതുരാജ് ഗെയ്കവാദ് (55), ഷംസ് മുലാനി (18) എന്നിവരാണ് ക്രീസില്‍. ശ്രേയസ് അയ്യര്‍ക്ക് (25) തിളങ്ങാനായില്ല. ഷാര്‍ദുല്‍ താക്കൂറിന്റെ നേതൃത്വത്തിലാണ് വെസ്റ്റ് സോണ്‍ ഇറങ്ങുന്നത്.

മൂന്നാം പന്തില്‍ തന്നെ ജയ്‌സ്വാളിന്റെ വിക്കറ്റ് വെസ്റ്റ് സോണിന് നഷ്ടമായി. ഖലീല്‍ അഹമ്മദിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു ജയ്‌സ്വാള്‍. സഹ ഓണപ്പര്‍ ഹര്‍വിക് ദേശായി നാലാം ഓവറിലും മടങ്ങി. ഇത്തവണ ദീപക് ചാഹറാണ് വിക്കറ്റ് നേടിയത്. ഇതോടെ രണ്ടിന് 10 എന്ന നിലയിലായി വെസ്റ്റ് സോണ്‍. തുടര്‍ന്ന് ആര്യ ദേശായി (39) – റുതുരാജ് സഖ്യം 90 റണ്‍സ് കൂട്ടിചേര്‍ത്തു. ഇതുതന്നെയാണ് വെസ്റ്റ് സോണിനെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്.

ആര്യയെ പുറത്താക്കി ഹര്‍ഷ് ദുബെയാണ് സെന്‍ട്രല്‍ സോണിന് ബ്രേക്ക് ത്രൂ നല്‍കിയത്. തുടര്‍ന്ന് ക്രീസിലെത്തിയ ശ്രേയസ് അയ്യര്‍ക്ക് (28 പന്തില്‍ 25) മികച്ച തുടക്കം മുതലാക്കാന്‍ സാധിച്ചില്ല. ഏകദിന ശൈലയില്‍ ബാറ്റ് വീശിയ താരം നാല് ബൗണ്ടറികള്‍ നേടി. എന്നാല്‍ ഖലീലിന്റെ പന്തില്‍ ശ്രേയസ് ബൗള്‍ഡായത് വെസ്റ്റ് സോണിന് തിരിച്ചടിയായി. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വെസ്റ്റ് സോണ്‍: യശസ്വി ജയ്സ്വാള്‍, റുതുരാജ് ഗെയ്കവാദ്, ആര്യ ദേശായി, ശ്രേയസ് അയ്യര്‍, ഹാര്‍വിക് ദേശായി (വിക്കറ്റ് കീപ്പര്‍), ഷംസ് മുലാനി, ശാര്‍ദുല്‍ താക്കൂര്‍ (ക്യാപ്റ്റന്‍), തനുഷ് കോട്ടിയന്‍, ധര്‍മേന്ദ്രസിങ് ജഡേജ, അര്‍സാന്‍ നാഗ്വാസ്വല്ല, തുഷാര്‍ ദേശ്പാണ്ഡെ.

സെന്‍ട്രല്‍ സോണ്‍: ആയുഷ് പാണ്ഡെ, ഉപേന്ദ്ര യാദവ് (വിക്കറ്റ് കീപ്പര്‍), ഡാനിഷ് മലേവാര്‍, രജത് പടിദാര്‍ (ക്യാപ്റ്റന്‍), യാഷ് റാത്തോഡ്, ശുഭം ശര്‍മ്മ, ഹര്‍ഷ് ദുബെ, സരന്‍ഷ് ജെയിന്‍, ദീപക് ചാഹര്‍, ഖലീല്‍ അഹമ്മദ്, യാഷ് താക്കൂര്‍.