റിഷഭ് പന്തിന്‍റെ കാലിലെ പരിക്ക്; ആഭ്യന്തര ക്രിക്കറ്റില്‍ നിയമമാറ്റം പ്രഖ്യാപിച്ച് ബിസിസിഐ

Spread the love

മുംബൈ: ഇംഗ്ലണ്ടിനെതിരായ മാഞ്ചസ്റ്റര്‍ ക്രിക്കറ്റ് ടെസ്റ്റില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്തിന് പന്തുകൊണ്ട് കാല്‍പ്പാദത്തിന് പരിക്കേറ്റ് പുറത്തായ പശ്ചാത്തലത്തില്‍ ആഭ്യന്തര ക്രിക്കറ്റിലും നിര്‍ണായക നിയമമാറ്റം പ്രഖ്യാപിച്ച് ബിസിസിഐ. വരാനിരിക്കുന്ന ആഭ്യന്തര സീസണില്‍ കളിക്കാര്‍ക്ക് കളിക്കിടെ ഗുരുതരമായി പരിക്കേല്‍ക്കുന്ന സാഹചര്യത്തില്‍ പകരം കളിക്കാരെ ഇറക്കാന്‍ അനുവദിക്കുമെന്നാണ് ബിസിസിഐ പ്രഖ്യാപിച്ചത്. വരാനിരിക്കുന്ന രഞ്ജി ട്രോഫി, ദുലീപ് ട്രോഫി ടൂര്‍ണമെന്‍റുകളില്‍ പുതിയ നിയമം നടപ്പിലാവും. ഇതുസംബന്ധിച്ച് എല്ലാ സംസ്ഥാന അസോസിയേഷനുകള്‍ക്കും അമ്പയര്‍മാര്‍ക്കും ബിസിസിഐ നിര്‍ദേശം നല്‍കി.

കളിക്കിടയിലോ കളി നടക്കുന്ന ഗ്രൗണ്ടിലോ വെച്ചുണ്ടാകുന്ന ഗുരുതര പരിക്കുകള്‍ക്ക് മാത്രമായിരിക്കും പകരം കളിക്കാരെ പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്താൻ അനുമതിയുണ്ടാകുക. പരിക്കേറ്റ കളിക്കാരന് സമനമായ കളിക്കാരനെയായിരിക്കും ഇത്തരത്തില്‍ ടീമുകള്‍ക്ക് കളിപ്പിക്കാന്‍ കഴിയുക. ബൗളര്‍ക്ക് പരിക്കേറ്റാല്‍ ബൗളറെയും ബാറ്റര്‍ക്ക് പരിക്കേറ്റാല്‍ ബാറ്ററെയും വിക്കറ്റ് കീപ്പര്‍ക്ക് പരിക്കേറ്റാല്‍ വിക്കറ്റ് കീപ്പറെയും ഇത്തരത്തില്‍ പ്ലേയിംഗ് ഇലവനില്‍ പകരം ഉള്‍പ്പെടുത്താനാവും. ഇവര്‍ക്ക് പരിക്കേറ്റ് പുറത്തായ കളിക്കാരനുള്ള എല്ലാ അവകാശങ്ങളും ഉണ്ടാകും.

ഒന്നില്‍ കൂടുതല്‍ ദിവസങ്ങള്‍ നീളുന്ന മത്സരങ്ങളില്‍ മാത്രമാവും ഇത്തരത്തില്‍ പകരക്കാരെ കളിപ്പിക്കാനാവു. മുഷ്താഖ് അലി ടി20, വിജയ് ഹസാരെ പോലെയുള്ള ഒരു ദിവസം കൊണ്ട് പൂര്‍ത്തിയാവുന്ന മത്സരങ്ങളില്‍ ഇത്തരത്തില്‍ പകരം കളിക്കാരെ ഇറക്കാനാവില്ല. അണ്ടര്‍ 19, സികെ നായിഡു ട്രോഫി പോലെയുള്ള ഒന്നില്‍ കൂടുതല്‍ ദിവസങ്ങളില്‍ നീളുന്ന മത്സരങ്ങളിലും പരിക്കേല്‍ക്കുന്ന കളിക്കാര്‍ക്ക് പകരക്കാരെ ഇറക്കാന്‍ കഴിയും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group