play-sharp-fill
ക്രിക്കറ്റ് പരിശീലിക്കാൻ പന്ത് കെട്ടിയിട്ട പ്ലാസ്റ്റിക് കയർ കഴുത്തിൽ കുരുങ്ങി പത്തു വയസുകാരന് ദാരുണാന്ത്യം; മണിക്കൂറുകളോളം ജീവനു വേണ്ടി വൈശാഖ് കുരുക്കിൽ കിടന്നു പിടഞ്ഞു

ക്രിക്കറ്റ് പരിശീലിക്കാൻ പന്ത് കെട്ടിയിട്ട പ്ലാസ്റ്റിക് കയർ കഴുത്തിൽ കുരുങ്ങി പത്തു വയസുകാരന് ദാരുണാന്ത്യം; മണിക്കൂറുകളോളം ജീവനു വേണ്ടി വൈശാഖ് കുരുക്കിൽ കിടന്നു പിടഞ്ഞു

സ്വന്തം ലേഖകൻ

കോട്ടയം: ക്രിക്കറ്റ് പരിശീലിക്കുന്നതിനായി പന്ത് കെട്ടിയിട്ട പ്ലാസ്റ്റിക്ക് കയർ കഴുത്തിൽ കുരുങ്ങി പത്തു വയസുകാരന് ദാരുണാന്ത്യം. കഴുത്തിൽ കുരുങ്ങിയ കയറിൽ കിടന്ന് മണിക്കൂറുകളോളം ജീവനു വേണ്ടി കുട്ടി പിടഞ്ഞെങ്കിലും, വീട്ടിൽ ആരുമില്ലാതിരുന്നതിനാൽ സംഭവം പുറത്തറിഞ്ഞില്ല. കൈപ്പുഴമുട്ട് ചീപ്പുങ്കൽ പുത്തൻപറമ്പിൽ പൊന്നപ്പന്റെ മകൻ വൈശാഖ് (10) ആണ് മരിച്ചത്.
ക്രിക്കറ്റ് പരിശീലിക്കുന്നതിനായി വൈശാഖ് വീട്ടുമുറ്റത്ത് പന്തിൽ പ്ലാസ്റ്റിക്ക് കയർ കെട്ടിയിട്ടിരുന്നു. അച്ഛനും അമ്മയും ജോലിയ്ക്ക് പോയതിനു ശേഷം വൈശാഖ് വീട്ടു മുറ്റത്ത് നിന്ന് പന്ത് തട്ടി പ്രാക്ടീസ് ചെയ്യുകയായിരുന്നു. വൈശാഖ് പന്ത് തട്ടുന്നതിനിടെ അപ്രതീക്ഷിതമായി പ്ലാസ്റ്റിക് കയർ കഴുത്തിൽ കുരുങ്ങുകയായിരുന്നു. കുരുക്ക് അഴിക്കാൻ ശ്രമിക്കുന്തോറും കുരുക്ക് മുറുകി വന്നതായി പൊലീസ് പറയുന്നു. പല തവണ ശ്രമിച്ചിട്ടും കുരുക്ക് അഴിക്കാൻ വൈശാഖിന് സാധിച്ചില്ല. കഴുത്തിൽ കുടുക്ക് വീണതിനാൽ ശബ്ദം പുറത്ത് വന്നതുമില്ല. അച്ഛനും അമ്മയും എത്തിയപ്പോൾ കണ്ടത് കഴുത്തിൽ കുടുക്ക് വീണ് കിടക്കുന്ന വൈശാഖിനെയാണ്. ഉടൻ തന്നെ ഇവർ ചേർന്ന് വൈശാഖിനെ മെഡിക്കൽ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. അഞ്ചാം ക്ലാസിലേയ്ക്ക് ആറാം തീയതി മുതൽ പോകാൻ തയ്യാറെടുപ്പ് നടത്തുന്നതിനിടെയാണ് വൈശാഖിന്റെ ദാരുണാന്ത്യമുണ്ടായത്. അമ്മ സുവർണകുമാരി, സഹോദരൻ – വൈഷ്ണവ്.