ബാങ്കിൽ നിന്ന് ലോൺ എടുക്കാൻ സിബിൽ സ്കോർ നിർബന്ധമല്ല; നിലപാട് വ്യക്തമാക്കി കേന്ദ്രം

Spread the love

ക്രെഡിറ്റ് സ്കോർ ഇല്ലെങ്കിലോ, സ്കോർ കുറവാണെങ്കിലോ ഒരു ലോൺ ലഭിക്കുമോ എന്ന കാര്യത്തിൽ എല്ലാവർക്കും സംശയമാണ്. എന്നാൽ ഇനിയാ സംശയം വേണ്ട, ബാങ്കിൽ നിന്നും ആദ്യമായി വായ്പയെടുക്കുന്നവർക്ക് മിനിമം സിബിൽ സ്കോർ ആവശ്യമില്ലെന്ന് കേന്ദ്ര ധനമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞ ആഴ്ച ലോക്സഭയിൽ നടന്ന മൺസൂൺ സെഷനിൽ സംസാരിക്കവെ, സഹമന്ത്രി പങ്കജ് ചൗധരി കേന്ദ്ര സർക്കാറിന്റെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ആദ്യമായി അപേക്ഷിക്കുന്നവർക്ക് ക്രെഡിറ്റ് സ്കോർ കുറവോ പൂജ്യമോ ആണെങ്കിൽ ബാങ്കുകൾക്ക് വായ്പാ അപേക്ഷകൾ നിരസിക്കാൻ കഴിയില്ലെന്ന് ധനകാര്യ കാര്യ സഹമന്ത്രി പങ്കജ് ചൗധരി പറഞ്ഞു.

കൂടാതെ ആദ്യമായി ലോണ്‍ നല്‍കുന്നവര്‍ക്ക് ക്രെഡിറ്റ് ഹിസ്റ്ററിയില്ലെന്നത് മാത്രം കാരണമായി അപേക്ഷ തള്ളരുതെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ടെന്നു പങ്കജ് ചൗധരി ഓര്‍മിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്താണ് സിബിൽ സ്കോർ?

ഒരു വ്യക്തിയുടെ സാമ്പത്തിക ഇടപാടുകളും തിരിച്ചടവുകളും വിലയിരുത്തിയാണ് സിബിൽ സ്കോർ നിശ്ചയിക്കപ്പെടുന്നത്. ഇത്തരത്തിൽ നിർണ്ണയിക്കുന്ന മൂന്നക്ക സംഖ്യയെയാണ് സിബിൽ സ്കോർ എന്നു വിളിക്കുന്നത്.

300 മുതൽ 900 വരെയുള്ള സ്‌കോർ, ഒരു വ്യക്തിയുടെ ക്രെഡിറ്റ് യോഗ്യത കാണിക്കുന്നു. കുറഞ്ഞ സിബിൽ സ്കോർ വായ്പാ സാധ്യത കുറയ്ക്കുന്നു. സിബിൽ സ്കോർ 900-ലേക്ക് അടുക്കുന്തോറും ലോണുകളുടെയും മറ്റ് ക്രെഡിറ്റ് ഉപകരണങ്ങളുടെയും ലഭ്യത കൂട്ടും. 700-ഉം അതിനുമുകളിലും ആണ് സിബിൽ സ്കോർ വരുന്നത് എങ്കിൽ നല്ലതാണ്. 18 മുതൽ 36 മാസം വരെ നല്ല രീതിയിലുള്ള വായ്പ തിരിച്ചടവുകളാണ് സിബിൽ സ്കോർ കൂട്ടുക. ബാങ്കുകൾ, ക്രെഡിറ്റ് കമ്പനികൾ, നോൺ-ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനികൾ (NBFC) എന്നിവയിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സിബിൽ സ്കോർ തീരുമാനിക്കപ്പെടുന്നത്

ലോൺ നൽകുന്നതിന് നിർബന്ധമായ ക്രെഡിറ്റ് സ്കോർ വേണമെന്ന നിബന്ധന നിലവിലില്ലെന്ന് സഹമന്ത്രി പങ്കജ് ചൗധരി വ്യക്തമാക്കി. വായ്പ അനുവദിക്കുന്നതിന് മുൻപ് പരിഗണിക്കേണ്ട ഘടകങ്ങളിലൊന്നായി മാത്രമാണ് കടം വാങ്ങുന്നവരുടെ ക്രെഡിറ്റ് ഇൻഫർമേഷൻ റിപ്പോർട്ട് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.