
കല്യാണമാണ്, യുദ്ധമല്ല: ദയവ് ചെയ്‌ത് വിവാഹത്തിന് പടക്കവുമായി വരരുത്
തിരൂർ : കല്യാണ ദിവസം വരനെയും വധുവിനെയും സ്വീകരിക്കുന്ന “ആഘോഷങ്ങളും” “റാഗിംഗു”മെല്ലാം ഇപ്പോൾ ക്രമസമാധാന പ്രശ്നമാകുകയാണ്. ഇതോടെ വിവാഹം യുദ്ധക്കളമാക്കരുതെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. വിവാഹങ്ങൾക്കിടെ പടക്കം എറിയുന്നതും തുടർന്ന് അടിപിടിയുണ്ടാകുന്നതും പതിവായതോടെ തിരൂരിലെ ഓഡിറ്റോറിയം പരിസരങ്ങളിൽ പടക്കം പൊട്ടിക്കുന്നത് നിരോധിച്ചു കൊണ്ടുള്ള ഉത്തരവുകളും ഇറക്കി. കഴിഞ്ഞദിവസം തിരൂരിലെ ഒരു ഹാളിൽ നടന്ന വിവാഹച്ചടങ്ങിനിടെ പടക്കം പൊട്ടിച്ചതും വെളുത്ത നിറത്തിലുള്ള പതയും പൊടിയും അടങ്ങിയ സ്പ്രേ ഉപയോഗിച്ചപ്പോൾ കുട്ടിയുടെ കണ്ണിൽ തെറിച്ചതും വഴക്കിന് ഇടയാക്കിയിരുന്നു.
പിന്നീട് വരന്റെ കൂടെ വന്ന യുവാക്കളെ വധുവിന്റെ ബന്ധുക്കളും നാട്ടുകാരും ചേർന്ന് കല്യാണത്തിൽ പങ്കെടുക്കാൻ അനുവദിക്കാതെ പറഞ്ഞുവിട്ടു. തിരുനാവായയിലും വിവാഹ ചടങ്ങിനിടെ വേദിയിലേക്ക് പടക്കം എറിഞ്ഞതിനെ തുടർന്ന് കലഹം ഉണ്ടായി. കൂടാതെ വിവാഹ പാർട്ടി പോകുന്നതിനിടെ വാഹനങ്ങൾ കുറുകെയിട്ട് ഗതാഗത തടസ്സം സൃഷ്ടിച്ചതും വിവാദമായിരുന്നു.
സന്തോഷത്തിന്റെ വിവാഹദിനങ്ങളിൽ തന്നെ മദ്യപാനം, പടക്കം പൊട്ടിക്കൽ, ബാൻഡ് മേളം, റോഡ് ഷോ, മറ്റു പരാക്രമങ്ങൾ സുഹൃത്തുക്കൾ തമ്മിലുള്ള കൈയാങ്കളിയിലും വീട്ടുകാരും സമീപവാസികളും മറ്റുമായുള്ള തർക്കങ്ങൾക്കും ഇടവരുത്തുന്നു. ഇത് സംബന്ധിച്ച പരാതികൾ പോലീസ് സ്റ്റേഷനുകളിൽ എത്തുന്നുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

റാഗിംഗ് കാരണം കല്യാണം കൂട്ടത്തല്ലില് അവസാനിക്കുന്നത് മുതല് കല്യാണം മുടങ്ങിപ്പോയ സംഭവങ്ങളുമുണ്ട്. വരന്റെ സുഹൃത്തുകൾ ഒരുക്കിയ തമാശകളിൽ മാനസിക നില പോലും തെറ്റി വിവാഹദിനം തന്നെ വിവാഹ മോചനത്തിൽ എത്തിയ സംഭവമുണ്ടായിട്ടുണ്ട്.