video
play-sharp-fill

ഞണ്ട് കൃഷിക്ക് ലോൺ തരപ്പെടുത്തി കൊടുക്കാമെന്ന് വിശ്വസിപ്പിച്ച് നിരവധിപേരിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്തു; രണ്ടുപേർ അറസ്റ്റിൽ; ഒരാൾ ഒളിവിൽ; വ്യാജ സീലും  മുദ്രപത്രങ്ങളും പോലീസ് കണ്ടെടുത്തു

ഞണ്ട് കൃഷിക്ക് ലോൺ തരപ്പെടുത്തി കൊടുക്കാമെന്ന് വിശ്വസിപ്പിച്ച് നിരവധിപേരിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്തു; രണ്ടുപേർ അറസ്റ്റിൽ; ഒരാൾ ഒളിവിൽ; വ്യാജ സീലും മുദ്രപത്രങ്ങളും പോലീസ് കണ്ടെടുത്തു

Spread the love

തിരുവനന്തപുരം: ഞണ്ട് കൃഷിയ്ക്ക് ലോൺ തരപ്പെടുത്തികൊടുക്കാമെന്നു പറഞ്ഞ് വിശ്വസിപ്പിച്ച് നിരവധി പേരിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്ത പ്രതികൾ അറസ്റ്റിൽ. പെരുമ്പഴുതൂർ മേലാരിയോട് വാടകയ്ക്ക് താമസിക്കുന്ന രജി (33), ഇയാൾക്കൊപ്പം താമസിച്ചിരുന്ന മീനു എന്ന ആതിര (28) എന്നിവരെയാണ് വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്നാം പ്രതി തൃക്കണ്ണാപുരം മിനർവാ ട്രേഡേഴ്സ് ഉടമ രാകേഷ് ഒളിവിലാണ്.

വീട്ടിൽ ഞണ്ട് കൃഷിയ്ക്കായി  സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ കോവളം ബ്രാഞ്ചിൽ നിന്ന് ഈടില്ലാതെ 10 ലക്ഷം രൂപയുടെ ലോൺ ശരിയാക്കി നൽകാമെന്ന് പരാതിക്കാരിയെ വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. തട്ടിപ്പിന് മുന്നോടിയായി കോട്ടുകാൽ വില്ലേജിൽ പയറ്റുവിളസ്വദേശി അനികുമാർ എന്നയാളിന്‍റെ കട വാടകയ്ക്ക് എടുപ്പിച്ചു. മൂന്നാം പ്രതിയുടെ തൃക്കണ്ണാപുരത്തുള്ള മിനർവാ ട്രേഡേഴ്സ്ൽ നിന്ന് ഫുഡ് പ്രോസസിങിനുള്ള മെഷീനുകളും വാടകയ്ക്ക് എടുപ്പിച്ചു.

വെണ്ണിയൂർ സ്വദേശിയായ പരാതിക്കാരിയുടെ ബയോഡാറ്റ എഴുതിവാങ്ങി. 100 രൂപയുടെ രണ്ട് മുദ്രപ്പത്രത്തിലും വെള്ളപേപ്പറിലും പരാതിക്കാരിയുടെയും ഭർത്താവിന്‍റെയും ഒപ്പും വിരലടയാളവും വാങ്ങിയാണ് പ്രതികൾ തട്ടിപ്പ് നടത്തിയത്. ലോണിന്‍റെ ആവശ്യത്തിനാണെന്ന് പറഞ്ഞ് 24,000 രൂപ പ്രതികളുടെ ഫോൺ നമ്പറുകളിലേക്ക് ഗൂഗിൾ പേ വഴി വാങ്ങി. പല തവണകളായി പണമായും കൈപ്പറ്റി. ആകെ 3,00,000 രൂപ പരാതിക്കാരിയെ കബളിപ്പിച്ച് പല തവണകളായി പ്രതികൾ മൂന്നു പേരും കൈക്കലാക്കി എന്നാണ് കേസ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരാതിക്കാരിയുടെ പേരിൽ സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയുടെ കോവളം ബ്രാഞ്ചിൽ നിന്ന് 20 ലക്ഷത്തിലധികം രൂപയുടെ ലോൺ അനുവദിപ്പിച്ച് ഈ തുക മൂന്നാം പ്രതിയുടെ മിനർവാ ട്രേഡേഴ്സ്ന് ട്രാൻസ്ഫർ ചെയ്തശേഷം ഈ തുക പ്രതികൾ മൂന്നു പേരും പങ്കിട്ടെടുത്തെന്നും പരാതിയിൽ പറയുന്നു. ലോൺ അനുവദിച്ചിട്ടും തങ്ങളുടെ അക്കൗണ്ടിൽ പണം ലഭിച്ചില്ലെന്ന് വെണ്ണിയൂർ സ്വദേശി ഷിബുവും പരാതി നൽകിയിട്ടുണ്ട്.  15 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് കേസ്. കഴിഞ്ഞ ദിവസം പ്രതികളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ  വ്യാജ സീൽ, മുദ്രപത്രങ്ങൾ എന്നിവ കണ്ടെത്തിയെന്ന് പൊലീസ് പറഞ്ഞു. കൂടുതൽ പേർ ഇവരുടെ കബളിപ്പിക്കലിന് ഇരയായിട്ടുണ്ടെന്നും പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യംചെയ്യുമെന്നും പൊലീസ് പറഞ്ഞു.