
നമുക്കൊപ്പമുള്ള ഒരാള്‍ പെട്ടെന്ന് കുഴഞ്ഞുവീഴുകയാണെങ്കില്‍ എന്താണ് ചെയ്യേണ്ടത്? ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനുമുമ്പ് ചില പ്രഥമശുശ്രൂഷകള്‍ പ്രയോഗിക്കാന്‍ കഴിഞ്ഞാല്‍ നമുക്ക് വിലപ്പെട്ട ഒരു ജീവന്‍ രക്ഷിക്കാനാകും.
നമ്മുടെ ജീവിതരീതി മാറിയതനുസരിച്ചു ഹൃദയസ്തംഭനംപോലെയുള്ള സംഭവങ്ങള്‍ ഇന്ന് സര്‍വസാധാരണമായി മാറിയിരിക്കുന്നു. അതുകൊണ്ടുതന്നെ സി.പി.ആര്‍. (Cardiopulmonary Resuscitation) നാമെല്ലാവരും അറിഞ്ഞിരിക്കുന്നത് നല്ലതാണ്.
ഹൃദയസ്തംഭനം ഉണ്ടാകുന്നതുമൂലം നമ്മുടെ വിവിധ അവയവങ്ങളിലേക്കുള്ള രക്തത്തിന്റെ ഒഴുക്ക് നിലയ്ക്കും. ഇങ്ങനെ സംഭവിച്ചാല്‍ ഏതാണ്ട് അഞ്ചുമിനിറ്റുമുതല്‍ എട്ടുമിനിറ്റിനുള്ളില്‍ത്തന്നെ തലച്ചോറിലേക്കുള്ള രക്തപ്രവാഹവും നിലയ്ക്കും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഈ അവസ്ഥയ്ക്ക് മസ്തിഷ്‌കമരണം എന്നും പറയപ്പെടുന്നു. ഇത്തരത്തില്‍ ഉണ്ടാകുന്ന മസ്തിഷ്‌കമരണം തടയാനുള്ള ഏറ്റവും എളുപ്പവും പ്രായോഗികവുമായ മാര്‍ഗമാണ് സി.പി.ആര്‍.
സി.പി.ആര്‍ ചെയ്യുന്നതെങ്ങനെ?
1) വീണുകിടക്കുന്ന ആള്‍ക്ക് ബോധമുണ്ടോ എന്ന് നോക്കുകയാണ് ആദ്യം വേണ്ടത്. ബോധമുണ്ടെങ്കില്‍ വെള്ളവും ആവശ്യത്തിന് വിശ്രമവും നല്‍കിയതിനുശേഷം ആശുപത്രിയിലേക്ക് കൊണ്ടുപോകണം.
2) ബോധമില്ലെങ്കില്‍ ഉടന്‍ ഹൃദയമിടിപ്പ് ഉണ്ടോയെന്നു പരിശോധിക്കണം. അതും ഇല്ലായെങ്കില്‍ പെട്ടെന്നുതന്നെ സി.പി.ആര്‍. ചെയ്യാന്‍ തുടങ്ങുക.
ശരീരത്തില്‍ എവിടെയെങ്കിലും സി.പി.ആര്‍. ചെയ്യാനാവില്ല. ഹൃദയവുമായി ബന്ധപ്പെട്ടുള്ളതായതിനാല്‍ നെഞ്ചുഭാഗത്ത് ആണ് സി.പി.ആര്‍ ചെയ്യുന്നത്. കൃത്യമായി പറഞ്ഞാല്‍ മൂക്കിന്റെ താഴേക്കുള്ള നേര്‍രേഖയും, രണ്ട് മുലക്കണ്ണുംചേര്‍ത്ത് വരയ്ക്കുന്ന സാങ്കല്പികമായ ഒരു നേര്‍രേഖയും സന്ധിക്കുന്ന ബിന്ദുവിലാണ് സി.പി.ആര്‍ ചെയ്യേണ്ടത്.
അതായത് നെഞ്ചിന്റെ കൃത്യം നടുക്ക്. ചിത്രത്തില്‍ കാണിച്ചിരിക്കുന്നതുപോലെ രണ്ടുകൈകളും വിരലുകള്‍കൊണ്ട് പിണച്ചുവച്ചതിനുശേഷം ശക്തിയായി അമര്‍ത്തണം. അഞ്ചുമുതല്‍ ഏഴു സെന്റിമീറ്റര്‍ താഴ്ചയിലാവണം അമര്‍ത്തേണ്ടത്. ചെയ്യുമ്പോള്‍ നമ്മുടെ ഷോള്‍ഡറുകള്‍ സി.പി.ആര്‍. ചെയ്യുന്ന ശരീരത്തിന്റെ 90 ഡിഗ്രിയില്‍ തന്നെ നിലനിര്‍ത്തുകയും മുട്ടുകള്‍ മടക്കാതെയിരിക്കുകയുംവേണം.
4) മുപ്പതുതവണ അമര്‍ത്തിയതിനുശേഷം വായിലൂടെ രണ്ടുതവണ കൃത്രിമശ്വാസോച്ഛ്വാസം നല്‍കുക. കൃത്രിമശ്വാസോച്ഛ്വാസം നല്‍കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അബോധാവസ്ഥയിലാവുമ്പോള്‍ ഒരാളുടെ നാവ് പിന്നോട്ടുവന്നു തൊണ്ട അടയുവാന്‍ സാധ്യതയുണ്ട്.
അതിനാല്‍ നാം കൊടുക്കുന്ന ശ്വാസം ഹൃദയത്തിലേക്ക് കിട്ടാതെവരും. അതുകൊണ്ട് ഒരുകൈ നെറ്റിയില്‍ അമര്‍ത്തി, മറ്റേകൈയിലെ രണ്ടു വിരലുകള്‍ താടിയില്‍ മുകളിലേക്കമര്‍ത്തി തല അല്പം മുകളിലേക്ക് ഉയര്‍ത്തി മൂക്ക് അടച്ചുപിടിച്ചുകൊണ്ടാണ് നല്‍കേണ്ടത്. അവരുടെ വായില്‍നിന്ന് ഛര്‍ദിയോ, രക്തമോ വന്നിട്ടുണ്ടെങ്കില്‍ ഒരു കര്‍ചീഫ് വെച്ചതിനുശേഷം അതിനുമുകളിലൂടെ ശ്വാസം നല്‍കുകയും വേണം. അത് അഞ്ചോ ആറോ തവണ ആവര്‍ത്തിക്കുക.
അതിനുശേഷം വീണ്ടും നെഞ്ചിലേക്ക് നോക്കി ഹൃദയം മിടിക്കുന്നുണ്ടോയെന്ന് പരിശോധിക്കുക. അതിനുശേഷം എത്രയും പെട്ടെന്നുതന്നെ അവരെ ആശുപത്രിയില്‍ എത്തിക്കുക. ഇത് പരിശീലിച്ചാല്‍ ആര്‍ക്കും ചെയ്യാനാകും.