
മധുര: സി.പി.എം പാർട്ടി കോണ്‍ ഗ്രസില്‍ നിന്നും വിദേശ മലയാളി പ്രതിനിധിയും സിനിമ നിർമ്മാതാവുമായ രാജേഷ് കൃഷ്ണയെ പുറത്താക്കി. സി.പി.എം.
പാർട്ടിയുടെ യു.കെ-അയർലൻഡ് ഘടകത്തിന്റെ പ്രതിനിധിയായാണ് പാർട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാൻ രാജേഷ് എത്തിയത്. എന്നാല്‍ പാർട്ടി കോണ്‍ഗ്രസില്‍ അദ്ദേഹം പങ്കെടുക്കുന്നതിന് സി.പി.എം വിലക്കേർപ്പെടുത്തുകയായിരുന്നു.
ഇന്നലെ ചേർന്ന പാർട്ടി കേന്ദ്രക്കമ്മറ്റി യോഗത്തിലാണ് ഇ.പി ജയരാജനടക്കമുള്ള മുതിർന്ന നേതാക്കള്‍ രാജേഷ് കൃഷ്ണയ്‌ക്കെതിരെ രൂക്ഷവിമർശനമാണ് ഉന്നയിച്ചത്. ഇദ്ദേഹം എങ്ങനെയാണ് പ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടതെന്ന് യോഗത്തില്‍ ചോദ്യമുയർന്നു.
ആരുടെയെങ്കിലും ഇഷ്ടക്കാരെയല്ല പ്രതിനിധിയായി ഉള്‍പ്പെടുത്തേണ്ടതെന്ന വിമർശനവും യോഗത്തിലുണ്ടായെന്നാണ് ലഭിക്കുന്ന വിവരം. രജേഷ് കൃഷ്ണയുടെ ചില ബന്ധങ്ങളും ഇടപാടുകളും പാർട്ടിക്ക് അവമതിപ്പുണ്ടാക്കുന്നതാണെന്നും കമ്മിറ്റിയംഗങ്ങളില്‍ ചിലർ വ്യക്തമാക്കിയതിനെ തുടർന്നാണ് അദ്ദേഹത്തെ ഒഴിവാക്കിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്നലെ തന്നെ ഇക്കാര്യം പാർട്ടി രാജേഷിനെ അറിയിക്കുകയും പാർട്ടി കോണ്‍ഗ്രസ് നടക്കുന്നയിടത്ത് നിന്നും പുറത്ത് പോകാൻ ആവശ്യപ്പെടുകയും ചെയ്തു. സമ്മേളന പ്രതിനിധയായി മാത്രമല്ല സമ്മേളനത്തില്‍ പങ്കെടുക്കേണ്ടതില്ലെന്ന രീതിയിലാണ് രാജേഷിനെ പുറത്താക്കിയതെന്നും റിപ്പോർട്ടുകളുണ്ട്.
സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ മകനുമായി രാജേഷ് കൃഷ്ണയ്ക്ക് അടുപ്പമുണ്ട്. ഇതിന് പുറമേ പി.ജയരാജൻ, പി.വി അൻവർ എന്നിവരുമായും ഹൃദയബന്ധം സൂക്ഷിക്കുന്നയാളാണ് പുറത്തായ രാജേഷ്.
പി.വി അൻവർ പാർട്ടിക്കും മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ ഓഫീസിനുമെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച കാലയളവില്‍ അൻവറിനെ തള്ളിപ്പറയാൻ അദ്ദേഹം മുതിർന്നിരുന്നില്ല.
അൻവറിന്റെ പിന്നില്‍ സി.പി.എമ്മിലെ ഒരുപിടി മുതിർന്ന നേതാക്കളായിരുന്നുവെന്ന് അന്ന് ചില കേന്ദ്രങ്ങളില്‍ നിന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകള്‍ പുറത്ത് വന്നിരുന്നു. അവരുമായെല്ലാം ബന്ധം സൂക്ഷിക്കുന്നയാളാണ് രാജേഷ്. ഇക്കാര്യങ്ങളടക്കം നേതാക്കള്‍ക്കിടയില്‍ ചർച്ചയായെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകളില്‍ നിന്ന് സൂചന ഉയരുന്നത്.
യു.കെ-അയർലൻഡ് ഘടകത്തിന്റെ പ്രതിനിധികളായി രാജേഷ് കൃഷ്ണയ്ക്ക് പുറമേ അയർലൻഡ് സ്വദേശിയായ ഹർസേവ് ബെയിൻസും പങ്കെടുക്കാൻ എത്തിയിരുന്നു. അദ്ദേഹത്തിന്റെ കാര്യത്തില്‍ എന്ത് തീരുമാനമാണ് പാർട്ടി കൈക്കാണ്ടതെന്ന് വ്യക്തതയില്ല.
പുറത്താക്കപ്പെട്ട രാജേഷ് പത്തനംതിട്ട കാത്തോലിക്കേറ്റ് കോളേജിലെ പഴയ എസ്.എഫ്.ഐ പ്രവർത്തകനാണ്. ‘ലണ്ടൻ ടാക്കീസ്’ എന്ന സിനിമാ പ്രോഡക്ഷൻ കമ്പനിയുടെ ഉടമയുമാണ്.
മമ്മൂട്ടി നായകനായ പുഴു എന്ന ചിത്രമടക്കം മൂന്ന് ചിത്രങ്ങള്‍ ഇതുവരെ നിർമ്മിച്ചിട്ടുണ്ട്. നിലവില്‍ ഒരു ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നതിനിടയിലാണ് രാജേഷ് പാർട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാനെത്തിയത്.