സി പി എം പാലാ, പൂഞ്ഞാർ ഏരിയ കമ്മറ്റികൾ പുന:സംഘടിപ്പിച്ചു:സജേഷ് ശശി പാലായിലും ടി.എസ്. സിജു പൂഞ്ഞാറിലും സെക്രട്ടറിമാരായി

Spread the love

കോട്ടയം: സംഘടനാ പ്രവര്‍ത്തനം കൂടുതല്‍ എളുപ്പവും ശക്തവുമാക്കുന്നതിനായി ഏരിയാ കമ്മിറ്റികള്‍ പുനഃസംഘടിപ്പിച്ചതോടെ സിപിഎമ്മിനു പാലായിലും പൂഞ്ഞാറിലും പുതിയ സെക്രട്ടറിമാര്‍.
ജില്ലാ കമ്മിറ്റിയംഗവും വെളിയന്നൂര്‍ പഞ്ചായത്ത് പ്രസിഡന്‍റുമായ സജേഷ് ശശി പാലായിലും ടി.എസ്. സിജു പൂഞ്ഞാറിലും സെക്രട്ടറിമാരായി തെരഞ്ഞെടുക്കപ്പെട്ടു.

പാലാ ഏരിയാ കമ്മിറ്റിയില്‍ ഉള്‍പ്പെട്ടിരുന്ന മരങ്ങാട്ടുപള്ളി ലോക്കല്‍ കമ്മിറ്റി കടുത്തുരുത്തി ഏരിയയിലേക്കും കടപ്ലാമറ്റം ലോക്കല്‍ കമ്മിറ്റി അയര്‍ക്കുന്നം ഏരിയ കമ്മിറ്റിയിലേക്കും മാറ്റി. നിലവില്‍ കടപ്ലാമറ്റം ലോക്കലില്‍നിന്നുള്ള പി.എം. ജോസഫായിരുന്നു പാലായില്‍ ഏരിയാ സെക്രട്ടറി. പി.എം. ജോസഫും കടപ്ലാമറ്റം ലോക്കല്‍ സെക്രട്ടറി ബേബി വര്‍ക്കിയും ഇനി അയര്‍ക്കുന്നം ഏരിയ കമ്മിറ്റിയംഗങ്ങളാകും. മരങ്ങാട്ടുപിള്ളി ലോക്കല്‍ സെക്രട്ടറി കെ.സി. ബിനീഷ് കടുത്തുരുത്തി കമ്മിറ്റിയില്‍ എത്തി.

സ്ഥലവിസ്തൃതിയില്‍ ജില്ലയിലെ ഏറ്റവും വലിയ ഏരിയാ കമ്മിറ്റിയായ പൂഞ്ഞാര്‍ ഏരിയായിലുണ്ടായിരുന്ന കടനാടും ഭരണങ്ങാനവും ഇനി പാലായ്ക്കു കീഴിലായിരിക്കും. ഇതോടെ കടനാട് ലോക്കല്‍ കമ്മിറ്റിയംഗമായ നിലവിലെ പൂഞ്ഞാര്‍ ഏരിയാ സെക്രട്ടറി കുര്യാക്കോസ് ജോസഫിന് സ്ഥാനം നഷ്ടമായി. പകരം പൂഞ്ഞാര്‍ തെക്കേക്കരയില്‍നിന്നുള്ള ടി.എസ്. സിജുവിനെ സെക്രട്ടറിയാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൂഞ്ഞാറിനു കീഴിലുള്ള തിടനാട് ലോക്കല്‍ ഇനി കാഞ്ഞിരപ്പള്ളി ഏരിയയ്ക്കു കീഴിലായിരിക്കും. കടനാട്, ഭരണങ്ങാനം എന്നിവിടങ്ങളില്‍നിന്നുള്ള കുര്യാക്കോസ് ജോസഫ്, സി.എം. സിറിയക്, ടി.എസ്. ശിവദാസ് എന്നീ ഏരിയാ കമ്മിറ്റിയംഗങ്ങള്‍ പാലായില്‍ കമ്മിറ്റിയംഗങ്ങളുമായി.

കാഞ്ഞിരപ്പള്ളി ഏരിയായ്ക്കു കീഴിലുള്ള എലിക്കുളം വാഴൂര്‍ ഏരിയയിലേക്കും കടുത്തുരുത്തി ഏരിയയ്ക്കു കീഴിലുള്ള കല്ലറ ലോക്കല്‍ തലയോലപ്പറമ്ബിലേക്കും മാറി. ഇതനുസരിച്ച്‌ ഏരിയ കമ്മിറ്റിയംഗങ്ങളെയും മാറ്റിയിട്ടുണ്ട്. പാലായില്‍ നടന്ന യോഗത്തില്‍ സംസ്ഥാന കമ്മിറ്റിയംഗം കെ. അനില്‍കുമാര്‍, ജില്ലാ സെക്രട്ടറി ടി.ആര്‍. രഘുനാഥന്‍, കെ.എം. രാധാകൃഷ്ണന്‍, കെ. രാജേഷ്, പി.വി. സുനില്‍, ലാലിച്ചന്‍ ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു