
തിരുവനന്തപുരം: രണ്ടുതവണ തുടർച്ചയായി മത്സരിച്ചവർ മാറിനില്‍ക്കണമെന്ന വ്യവസ്ഥയില്‍ ഇളവ് നല്കാൻ സിപിഎമ്മില്‍ ധാരണയായതോടെ, പാർട്ടിയിലെ പ്രമുഖർ ഉള്‍പ്പെടെ ഭൂരിപക്ഷം സിറ്റിങ് എംഎല്‍എമാരും ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വീണ്ടും മത്സരിക്കും.
നിലവിലുള്ള 62 എംഎല്‍എമാരില്‍ 50 പേരും ഇക്കുറി മത്സരിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്. ശേഷിക്കുന്ന ചിലരുടെ കാര്യത്തില്‍ വീണ്ടും പരിശോധന നടത്തി മാത്രമാകും അന്തിമ തീരുമാനം കൈക്കൊള്ളുക. സ്ഥാനാർഥി നിർണയം ഉള്‍പ്പെടെയുള്ള നിർണായക വിഷയങ്ങള്‍ ചർച്ച ചെയ്യാൻ സംസ്ഥാന കമ്മിറ്റി യോഗം ഈ ആഴ്ച ചേരും.
സെക്രട്ടേറിയറ്റില്‍ ഭൂരിപക്ഷവും സ്ഥാനാർത്ഥികളാകും
സിപിഎം സെക്രട്ടേറിയറ്റിലെ 17 അംഗങ്ങളില്‍ 13 പേർ തെരഞ്ഞെടുപ്പില്‍ ഇറങ്ങും. മുഖ്യമന്ത്രി പിണറായി വിജയൻ ഉള്‍പ്പെടെയുള്ളവരാണ് പട്ടികയില്‍. സംസ്ഥാന സെക്രട്ടറി പദവിയിലുള്ളതിനാല്‍ എം.വി. ഗോവിന്ദൻ മത്സരിക്കില്ല. ഇ.പി. ജയരാജൻ, പുത്തലത്ത് ദിനേശൻ, സി.എൻ. മോഹനൻ എന്നിവരെയും ഒഴിവാക്കാനാണ് സാധ്യത. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സീറ്റ് വിഷയത്തില്‍ ഉണ്ടായ തർക്കം പരിഹരിക്കുന്നതിനായി പേരാമ്പ്ര മണ്ഡലം കേരള കോണ്‍ഗ്രസ്-എമ്മിന് നല്കുകയാണെങ്കില്, എല്‍ഡിഎഫ് കണ്‍വീനർ ടി.പി. രാമകൃഷ്ണന്റെ കാര്യത്തില്‍ പുനരാലോചന ഉണ്ടാകും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തിരിച്ചുവരവ്: തോമസ് ഐസക് വീണ്ടും സ്ഥാനാർഥി
രണ്ട് ടേം വ്യവസ്ഥയുടെ ഭാഗമായി കഴിഞ്ഞ തവണ മാറ്റിനിർത്തപ്പെട്ട ടി.എം. തോമസ് ഐസക് ഇത്തവണ വീണ്ടും സ്ഥാനാർഥിയാകും.കെ.കെ. ശൈലജ, കെ.എൻ. ബാലഗോപാല്‍, പി. രാജീവ്, പി.കെ. ബിജു, എം. സ്വരാജ്, വി.എൻ. വാസവൻ, സജി ചെറിയാൻ, പി.എ. മുഹമ്മദ് റിയാസ്, എം.വി. ജയരാജൻ എന്നിവരും മത്സരത്തിനിറങ്ങും.
മാറിനില്ക്കുന്നവർ, ആശയക്കുഴപ്പമുള്ള മണ്ഡലങ്ങള്‍
സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ (തളിപ്പറമ്പ്) ഉള്‍പ്പെടെ എം. രാജഗോപാല്‍, എം.എം. മണി, എം. മുകേഷ്, യു. പ്രതിഭ, ദലീമ, എ.സി. മൊയ്തീൻ എന്നിവർ മത്സരത്തില്‍ നിന്ന് മാറിനില്‍ക്കും. വർക്കലയില്‍ വിജയസാധ്യത കണക്കിലെടുത്ത് വി. ജോയിയെ മത്സരിപ്പിക്കാനുള്ള ആലോചന തുടരുന്നു. നേമത്ത് ബിജെപിയുടെ കടുത്ത വെല്ലുവിളി കണക്കിലെടുത്ത് വി. ശിവൻകുട്ടിക്കാണ് മുൻതൂക്കം. കഴക്കൂട്ടത്ത് കടകംപള്ളി സുരേന്ദ്രനെ മത്സരിപ്പിക്കണമെന്ന ചർച്ചയുണ്ടെങ്കിലും ശബരിമല കേസാണ് വെല്ലുവിളി.
ചില മണ്ഡലങ്ങളില്‍ മാറ്റത്തിന് സാധ്യത
മലമ്പുഴ: വി.എസ്. അച്യുതാനന്ദന്റെ മകൻ വി.എ. അരുണ്‍കുമാറിനെ മത്സരിപ്പിച്ചാല്‍ എ. പ്രഭാകരനെ മാറ്റും
ഷൊർണൂർ: പി. മമ്മിക്കുട്ടിയെ മാറ്റി പുതുമുഖത്തെ പരീക്ഷിക്കും.
പൊന്നാനി: എം. സ്വരാജിന് ഉറപ്പുള്ള സീറ്റ് നല്കാൻ പി. നന്ദകുമാറിനെ മാറ്റാനും സാധ്യത
സംസ്ഥാന-ജില്ലാ കമ്മിറ്റികളിലെ ചർച്ചകള്‍ക്ക് ശേഷമായിരിക്കും ഔദ്യോഗിക സ്ഥാനാർഥി പട്ടിക. ഇതിനിടെ മത്സരിക്കാൻ ധാരണയായ സിറ്റിങ് എംഎല്‍എമാർക്ക് മണ്ഡലങ്ങളില്‍ സജീവമാകാൻ പാർട്ടി നേരത്തെ നിർദേശം നല്‍കിയിട്ടുണ്ട്. സ്വതന്ത്ര സ്ഥാനാർഥികളുടെ കാര്യത്തില്‍ എല്‍ഡിഎഫിലെ ഘടകകക്ഷികളുമായി നടത്തിയ ചർച്ചകള്‍ക്കുശേഷമായിരിക്കും അന്തിമ തീരുമാനം.



