
തിരുവനന്തപുരം: സീതാറാം യച്ചൂരിയുടെ ഒഴിവില്‍ സിപിഎം ജനറല്‍ സെക്രട്ടറി സ്ഥാനത്ത് സാധ്യതയുള്ള എം.എ ബേബിയെ വെട്ടിനിരത്താന്‍ കേരള ഘടകത്തിലെ പിണറായി ലോബി. പ്രകാശ് കാരാട്ടിന്റെ ഭാര്യ വൃന്ദാ കാരാട്ടിനെ ജനറല്‍ സെക്രട്ടറിയാക്കാനാണ് കേരളത്തില്‍ പിണറായി വിജയനും എംവി ഗോവിന്ദനും നയിക്കുന്ന പ്രബലചേരി ചരടുവലി നടത്തുന്നത്. സിപിഎമ്മില്‍ ഏറെക്കാലമായി പുതിയ ഗ്രൂപ്പ് തലത്തിലും ആശയപരമായി പിണറായി വിജയനോട് അകന്നും നില്‍ക്കുന്ന എംഎ ബേബിയെ പാര്‍ട്ടിയുടെ അമരക്കാരനാക്കിയാല്‍ പിണറായിയും ഗോവിന്ദനുമൊക്കെ അപ്രസക്തരാകും. ഏപ്രില്‍ രണ്ടിന് മധുരയില്‍ ആരംഭിക്കുന്ന ഇരുപത്തിനാലാം പാര്‍ട്ടി കോണ്‍ഗ്രസില്‍ ബേബിയെ വെട്ടിനിരത്താന്‍ കേരളത്തില്‍ നിന്നു തന്നെ പടനീക്കം സജീവമായിരിക്കുന്നു.
75 വയസ് എന്ന പ്രായപരിധി കര്‍ശനമായി നടപ്പാക്കുമ്പോള്‍ അനുഭവസമ്പത്തുള്ള ഒരു നിര പിബിയില്‍നിന്ന് ഒഴിയുകയാണ്. എം.എ.ബേബിയും അശോക് ദവ്‌ളയും ഉള്‍പ്പടെ അഞ്ചു നേതാക്കള്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടാവുന്നവരാണ്. ആ സാഹചര്യത്തിലാണ് എംഎ ബേബി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് വരാതിരിക്കാനുള്ള അണിയറനീക്കങ്ങള്‍ പുരോഗമിക്കുന്നത്.
പോളിറ്റ് ബ്യൂറോയില്‍ നിന്ന് വലിയൊരു നിര ഒഴിവാകുമ്പോള്‍ കേരളത്തില്‍നിന്ന് കെ.കെ. ശൈലജ പിബിയിലെത്താനും സാധ്യതയുണ്ട്. പ്രായപരിധി കര്‍ശനമായി നടപ്പാക്കുന്നതോടെ തലമുറ മാറ്റം പൊളിറ്റ് ബ്യൂറോയിലും കേന്ദ്രകമ്മിറ്റിയിലും ഉണ്ടാവും. കേരളത്തില്‍ സിപിഎമ്മിന്റെ ഉടമസ്ഥനും മുഖ്യമന്ത്രിയുമായ പിണറായി വിജയന് മാത്രമാണ് പ്രായപരിധിയില്‍ ഇളവുള്ളത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സീതാറാം യച്ചൂരി അന്തരിച്ചതോടെ പാര്‍ട്ടി കോര്‍ഡിനേറ്ററായി പ്രവര്‍ത്തിക്കുന്ന പ്രകാശ് കാരാട്ട്, ഭാര്യ വൃന്ദാ കാരാട്ട്, മണിക് സര്‍ക്കാര്‍, സുഭാഷിണി അലി തുടങ്ങി ഒരു വലിയ നിര നേതൃത്വത്തില്‍ നിന്നും ഒഴിയുകയാണ്. എന്നാല്‍ വനിത എന്ന നിലയില്‍ വൃന്ദ കാരാട്ടിന് ഇളവു നല്‍കണമെന്നാണ് പിണറായി നയിക്കുന്ന ഗ്രൂപ്പിന്റെ താല്‍പര്യം. ആറു പുതുമുഖങ്ങള്‍ പൊളിറ്റ് ബ്യൂറോയില്‍ എത്താമെന്നിരിക്കെയാണ് കേരളത്തില്‍ നിന്ന് കെകെ ഷൈലജയ്ക്ക് സാധ്യത തെളിയുന്നത്. എന്നാല്‍ കെകെ ഷൈലജയെ വെട്ടിനിരത്താനും പിണറായി ഗ്രൂപ്പ് അണിയറയില്‍ സജീവമാണ്. ബൃന്ദാ കാരാട്ടും സുഭാഷിണി അലിയും ഒഴിയുകയാണെങ്കില്‍ ശൈലജ പിബിയിലേക്ക് എത്താനുള്ള സാധ്യത കൂടുതലാണ് . 17 അംഗ പിബിയില്‍ നാലു പേരാണ് കേരളത്തില്‍ നിന്ന് നിലവിലുള്ളത്.
സിപിഎമ്മിന്റെ 87 അംഗ കേന്ദ്രകമ്മിറ്റിയിലും 20 ലേറെ പുതുമുഖങ്ങള്‍ എത്തിയേക്കാം. കേരളത്തില്‍നിന്ന് പികെ ശ്രീമതി, എ കെ ബാലന്‍ എന്നിവര്‍ കേന്ദ്രകമ്മിറ്റിയില്‍ നിന്ന് ഇത്തവണ ഒഴിയുന്നതോടെ ടിപി രാമകൃഷ്ണന്‍, സജി ചെറിയാന്‍, എ എ റഹീം , കെ കെ രാഗേഷ് എന്നിവര്‍ കേന്ദ്രകമ്മിറ്റിയിലെത്താനുള്ള സാധ്യതയുണ്ട്. പ്രായപരിധി മാനദണ്ഡ പ്രകാരം 17 പോളിറ്റ് ബ്യൂറോ അംഗങ്ങളില്‍ ഏഴ് പേര്‍ 75 വയസ് പ്രായപരിധി കടന്നവരാണ്. പ്രകാശ് കാരാട്ട്, പിണറായി വിജയന്‍, ത്രിപുര മുന്‍ മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍, സൂര്യകാന്ത് മിശ്ര, തമിഴ് മുന്‍ സംസ്ഥാന സെക്രട്ടറി ജി രാമകൃഷ്ണന്‍, ബൃന്ദ കാരാട്ട്, സുഭാഷിണി അലി എന്നിവര്‍ക്കാണ് 75 വയസ് തികഞ്ഞിരിക്കുന്നത്.
പാര്‍ട്ടിയുടെ രാജ്യത്തെ ഏക മുഖ്യമന്ത്രി എന്ന നിലയില്‍ കഴിഞ്ഞ തവണത്തേത് പോലെ പിണറായി വിജയന് ഇത്തവണയും ഇളവ് ലഭിക്കും. ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി മറിയം ധാവ്ളെ, സി ഐ ടി യു ദേശീയ സെക്രട്ടറി എ ആര്‍ സിന്ധു, തമിഴ്നാട്ടിലെ മുതിര്‍ന്ന ട്രേഡ് യൂണിയന്‍ നേതാവ് യു വാസുകി, കെ കെ ശൈലജ എന്നിവരില്‍ ആരെങ്കിലുമാവും പിബിയില്‍ പുതുതായി എത്തുക. കിസാന്‍ സഭാ നേതാവ് വിജു കൃഷ്ണന്‍, തമിഴ്നാട് സംസ്ഥാന സെക്രട്ടറി പി ഷണ്‍മുഖം, ബംഗാളില്‍ നിന്നുള്ള മുന്‍ എം പി അരുണ്‍കുമാര്‍ എന്നിവരുടെ പേര് പോളിറ്റ് ബ്യൂറോ പരിഗണനാ ചര്‍ച്ചയിലുണ്ട്.
കേരളത്തിന് കൂടുതല്‍ പ്രാതിനിധ്യം നല്‍കാന്‍ തീരുമാനിച്ചാല്‍ കെ രാധാകൃഷ്ണന്‍, തോമസ് ഐസക് എന്നിവരും പരിഗണനയിലുണ്ടാകും. ജനറല്‍ സെക്രട്ടറിയാകാന്‍ എം എ ബേബി, ആന്ധ്രാപ്രദേശ് മുന്‍ സംസ്ഥാന സെക്രട്ടറി ബി വി രാഘവലു, കിസാന്‍ സഭാ നേതാവ് അശോക് ധാവ്ളെ, ബംഗാളില്‍ നിന്നുള്ള മുഹമ്മദ് സലീം, തപന്‍സെന്‍ എന്നീ പേരുകള്‍ പരിഗണനയിലുണ്ട്. കേരളത്തിനു പുറത്തുള്ള പാര്‍ട്ടി നേതാക്കള്‍ക്കേറെയും എംഎ ബേബി ജനറല്‍ സെക്രട്ടറിയാകണമെന്ന താല്‍പര്യമാണ്. കേരള നേതാക്കള്‍ ഇത്തവണ ഇക്കാര്യത്തില്‍ ഏകാഭിപ്രായത്തിലല്ലെന്ന പ്രത്യേകതയും ഇത്തവണത്തെ പാര്‍ട്ടി കോണ്‍ഗ്രസിലുണ്ട്. പോളിറ്റ് ബ്യൂറോയിലും കേന്ദ്രകമ്മിറ്റിയിലും 75 വയസ്സ് പ്രായപരിധി കര്‍ശനമായി നടപ്പാക്കുന്നതില്‍ ഇളവുവേണമെന്നാണ് മലയാളികളായ ഒരുവിഭാഗം നേതാക്കള്‍ ആവശ്യപ്പെട്ടത്. ആന്ധ്രാപ്രദേശില്‍നിന്നുള്ള ആര്‍. അരുണ്‍കുമാറും പിന്തുണച്ചു. എം.എ. ബേബിയെ ജനറല്‍ സെക്രട്ടറിയാക്കണമെന്നാണ് പ്രകാശ് കാരാട്ടിന്റെ താത്പര്യം. ഇതിനിടെയാണ്, വൃന്ദയുടെ പേര് മനസില്‍ വച്ചുകൊണ്ടുള്ള കേരള നേതാക്കളുടെ ചര്‍ച്ച.
ഹിന്ദി സംസ്ഥാനങ്ങളെ പാര്‍ട്ടി അവഗണിക്കുന്നുവെന്ന അഭിപ്രായവും പാര്‍ട്ടിയിലുണ്ട് . കര്‍ഷകപ്രക്ഷോഭത്തില്‍ പാര്‍ട്ടിയുടെയും കിസാന്‍സഭയുടെയും പങ്കാളിത്തവും രാജസ്ഥാനില്‍ ഒരു ലോക്‌സഭാസീറ്റു ലഭിച്ചതുമൊക്കെ അവര്‍ നേട്ടങ്ങളായി ഉയര്‍ത്തിക്കാട്ടുന്നു. കിസാന്‍സഭ ദേശീയ പ്രസിഡന്റ് അശോക് ധാവ്‌ളെയെ പരിഗണിക്കണമെന്ന നിലപാടിലാണവര്‍.എം.എ ബേബി ജനറല്‍ സെക്രട്ടറി ആയാല്‍ ഇഎംഎസിനു ശേഷം കേരളത്തില്‍ നിന്നുള്ള ആദ്യത്തെ സിപിഎം ജനറല്‍ സെക്രട്ടറി എന്ന പദവി കൊല്ലംകാരന്‍ ബേബിയ്ക്കു സ്വന്തമാകും. കേരളത്തില്‍ പാര്‍ട്ടി കോണ്‍ഗ്രസ് നടത്തിയാല്‍ മാത്രമേ പാര്‍ട്ടിയുടെ ശക്തി തെളിയിക്കുന്ന ആള്‍ബലം ലഭിക്കു എന്ന സാഹചര്യമുണ്ട്. മധുരയില്‍ പാര്‍ട്ടിക്ക് കാര്യമായ ശക്തിയില്ലാത്ത സാഹചര്യത്തില്‍ കേരളത്തില്‍ നിന്ന് പരമാവധി ആളെ എത്തിക്കാനുള്ള നീക്കത്തിലാണ് പാര്‍ട്ടി. മധുര ക്ഷേത്രം ഉള്‍പ്പെടെ തീര്‍ഥാടന കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കും വിധമുള്ള ടൂര്‍ പാക്കേജാണ് പാര്‍ട്ടി പല വിധത്തില്‍ നടപ്പാക്കിയിരിക്കുന്നത്.
ഇത്തരത്തില്‍ പതിനായിരത്തോളം പേരെ ടൂര്‍ പാക്കേജില്‍ പാര്‍ട്ടി മധുരയില്‍ എത്തിക്കുന്നുണ്ട്. നിലവിലെ സാഹചര്യത്തില്‍ ബംഗാളില്‍ പാര്‍ട്ടി കോണ്‍ഗ്രസ് നടത്തിയാലും പരിപാടി വിജയിക്കില്ല. ഒരു ലക്ഷം പേരെ പോലും പ്രകനത്തിന് ലഭിക്കില്ലെന്ന വിധം പാര്‍ട്ടി ബംഗാളില്‍ ശോഷിച്ചു കഴിഞ്ഞു. ത്രിപുരയില്‍ പതിനായിരം പേരെ പോലും പാര്‍ട്ടിക്ക് ലഭിക്കില്ലെന്ന സാഹചര്യത്തിലാണ് കേരളത്തില്‍ നിന്ന് ആളെ ഇറക്കാമെന്ന പ്രതീക്ഷയില്‍ മധുരയില്‍ പാര്‍ട്ടി കോണ്‍ഗ്രസ് നടത്തുന്നത്. മുന്‍പ് കോയമ്ബത്തൂരില്‍ പാര്‍ട്ടി കോണ്‍ഗ്രസ് നടത്തിയപ്പോഴും 80 ശതമാനം പങ്കാളിത്തവും കേരളത്തില്‍ നിന്നായിരുന്നു.