
മധുര: രാജ്യത്ത് പാർട്ടി നേരിടുന്നത് ഗുരുതരമായ പ്രതിസന്ധിയെന്ന് സിപിഎം പാർട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കാനുള്ള റിപ്പോർട്ടില്‍ സ്വയംവിമർശനം.
പാർട്ടിയുടെ അടിത്തറയില്‍ ഗുരുതരമായ വിള്ളലുണ്ടായെന്നും കേരളത്തിലൊഴികെ രാജ്യത്ത്
മറ്റെല്ലായിടങ്ങളിലും പാർട്ടി തകർന്നടിഞ്ഞെന്നും റിപ്പോർട്ടില്‍ ചൂണ്ടിക്കാട്ടുന്നു. പൊളിറ്റ്ബ്യൂറോ ഉള്‍പ്പെടെ ഇക്കാര്യത്തില്‍ കുറ്റക്കാരാണെന്ന സൂചനയാണ് റിപ്പോർട്ടിലുള്ളത്.
തിരഞ്ഞെടുപ്പു രംഗത്തും സമരരംഗത്തും പാർട്ടി വലിയ പരാജയങ്ങളാണ് ഏറ്റുവാങ്ങേണ്ടി
വരുന്നതെന്ന് റിപ്പോർട്ടില്‍ പറയുന്നു. അടിസ്ഥാന ജനവിഭാഗങ്ങള്‍ പാർട്ടിയില്‍ നിന്നും അകന്നു. ബംഗാളിലും ത്രിപുരയിലും പാർട്ടിക്കുണ്ടായ തിരിച്ചടി രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലെ പാർട്ടിയുടെ വളർച്ചയെ മുരടിപ്പിച്ചു. കേരളത്തില്‍ മാത്രമാണ് പാർട്ടി സംഘടന വലിയ പരിക്കേല്‍ക്കാതെ നിലനില്‍ക്കുന്നതെന്നും റിപ്പോർട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മുരടിപ്പിനപ്പുറം തകർച്ചയിലേക്കാണ് പാർട്ടി നീങ്ങുന്നതെന്നാണ് വിലയിരുത്തല്‍. ബംഗാളിലും ത്രിപുരയിലും സ്വാധീനത്തിലുണ്ടായ ഇടിവിനു ശേഷം തകർച്ച പൊതു പ്രവണതയായി. സമരരംഗത്ത് പുതിയ അടവുകളും മുദ്രാവാക്യങ്ങളും സ്വീകരിക്കുന്നതില്‍ കഴിവില്ലായ്മ തന്നെയുണ്ടെന്നും റിപ്പോർട്ടില്‍ തുറന്നു സമ്മതിക്കുന്നു.
കർഷകർ, കർഷകത്തൊഴിലാളികള്‍, ഗ്രാമീണ ദരിദ്രർ എന്നിങ്ങനെ അടിസ്ഥാന വിഭാഗങ്ങളില്‍പെട്ടവരുടെ സമരങ്ങള്‍ വളർത്തിയെടുക്കാൻ കഴിയുന്നില്ലെന്നും റിപ്പോർട്ടില്‍ തുറന്നു സമ്മതിക്കുന്നുണ്ട്.
തൊഴിലാളികളെ സംഘടിപ്പിക്കുന്നതില്‍ പാർട്ടിക്ക് വീഴ്ച സംഭവിച്ചെന്നും റിപ്പോർട്ടില്‍ പറയുന്നു. പ്രക്ഷോഭങ്ങളും പ്രചാരണ പ്രവർത്തനങ്ങളും വഴിപാടുകളായി മാറി. ദേശീയ ക്യാംപെയ്നുകളില്‍പോലും ഇതാണു സ്ഥിതി. ജനപിന്തുണയ്ക്കു വേണ്ട രാഷ്ട്രീയവും ആശയപരവുമായ പ്രവർത്തനത്തെ അവഗണിക്കുന്നു. കഴിഞ്ഞ പാർട്ടി കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ കൊണ്ടുവന്ന നിർദേശങ്ങള്‍ നടപ്പാക്കുന്നതില്‍ പിബി പരാജയമായെന്നും റിപ്പോർട്ടില്‍ പറയുന്നു.
പാർലമെന്ററി പോരാട്ടങ്ങളിലും പാർട്ടിക്ക് മികച്ച പ്രകടനം കാഴ്ച്ചവെക്കാനാകുന്നില്ലെന്നും റിപ്പോർട്ടില്‍ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ പാർട്ടി കോണ്‍ഗ്രസിനു ശേഷം നടന്ന 13 നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ത്രിപുര ഒഴികെയുള്ള സംസ്ഥാനങ്ങളില്‍ പാർട്ടിക്ക് ലഭിച്ചത് ഒരു ശതമാനത്തിലും താഴെ വോട്ടുകളാണ്. ത്രിപുരയില്‍ 24.62 വോട്ട് സമാഹരിക്കാനായി. എന്നാല്‍,
മികച്ച പ്രകടനം എന്ന് പറയാനാകില്ല. എന്നാല്‍, മറ്റിടങ്ങളില്‍ പാർട്ടിക്ക് ലഭിച്ച വോട്ടുകളുടെ കണക്കുകള്‍ അതിലും പരമദയനീയമാണെന്നും ചൂണ്ടിക്കാട്ടുന്നു. 11 സീറ്റില്‍ മത്സരിച്ച ഹിമാചല്‍പ്രദേശില്‍ 0.06 ശതമാനം, 17 സീറ്റില്‍ മത്സരിച്ച രാജസ്ഥാനില്‍ 0.97ശതമാനം, 19 സീറ്റില്‍ മത്സരിച്ച തെലങ്കാനയില്‍ 0.23ശതമാനം, 7 സീറ്റില്‍ മത്സരിച്ച ആന്ധ്രയില്‍ 0.13ശതമാനം എന്നിങ്ങനെയാണു സിപിഎമ്മിന്റെ വോട്ട് വിഹിതം .