സമാധാനത്തിന്റെയും ജനാധിപത്യത്തിന്റെയും മതനിരപേക്ഷതയുടെയും മാര്‍ഗത്തില്‍ ജീവിക്കാന്‍ ഇരുരാജ്യങ്ങളിലെയും ജനങ്ങള്‍ക്ക് അവകാശമുണ്ട് ; ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വെടിനിര്‍ത്തല്‍ പ്രഖ്യാപനം ; സ്വാഗതം ചെയ്ത് സിപിഎം

Spread the love

ന്യൂഡല്‍ഹി: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബി. ഇരു രാജ്യത്തെ ജനങ്ങളുടെ സമാധാനത്തിനും പുരോഗതിക്കും ഭീകരവാദം പരിഹാരമല്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി പ്രസ്താവനയില്‍ പറഞ്ഞു. സമാധാനത്തിന്റെയും ജനാധിപത്യത്തിന്റെയും മതനിരപേക്ഷതയുടെയും മാര്‍ഗത്തില്‍ ജീവിക്കാന്‍ ഇരുരാജ്യങ്ങളിലെയും ജനങ്ങള്‍ക്ക് അവകാശമുണ്ട്. ഭീകരവാദത്തിന് അന്ത്യം കുറിക്കാന്‍ ശക്തമായ ഇടപെടല്‍ നടത്തേണ്ടതുണ്ടെന്നും എം എ ബേബി പ്രസ്താവനയിലൂടെ അറിയിച്ചു.

അതേസമയം, ഇന്ത്യ – പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിന് പിന്നാലെ, ഇന്ത്യ എന്നും ഭീകരതയ്‌ക്കെതിരെ ഉറച്ചതും വീട്ടുവീഴ്ചയില്ലാത്തതുമായ നിലപാട് പുലര്‍ത്തിയിട്ടുണ്ടെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മില്‍ വെടിനിര്‍ത്തലിലേക്ക് നയിച്ചതെന്ന് യുഎസ് പ്രസിഡന്റ് ട്രംപിന്റെ മധ്യസ്ഥശ്രമത്തെ പറ്റി പരാമര്‍ശിക്കുന്നില്ല.

‘വെടിവയ്പ്പും സൈനിക നടപടിയും നിര്‍ത്തലാക്കുന്നതിനുള്ള ഒരു ധാരണയിലേക്ക് ഇന്ത്യയും പാക്കിസ്ഥാനും ഇന്ന് എത്തിച്ചേര്‍ന്നു. എല്ലാ രൂപത്തിലുമുള്ള ഭീകരതയ്ക്കെതിരെ ഇന്ത്യ വിട്ടുവീഴ്ചയില്ലാത്ത നിലപാട് പുലര്‍ത്തിയിട്ടുണ്ട്. അത് അങ്ങനെ തന്നെ തുടരും.” – ജയശങ്കര്‍ എക്‌സില്‍ കുറിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൂന്ന് ദിവസത്തെ യുദ്ധ സമാനമായ സാഹചര്യത്തിനൊടുവിലാണ് ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരിക്കുന്നത് യുഎസ് മധ്യസ്ഥതയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള വെടിനിര്‍ത്തലിലേക്ക് നയിച്ചതെന്നായിരുന്നു ട്രംപിന്റെ അവകാശവാദം. എന്നാല്‍ മധ്യസ്ഥതയ്ക്ക് യുഎസ് ഉള്‍പ്പെടെയുള്ള മൂന്നാംകക്ഷിയുടെ പങ്കില്ലെന്നാണ് ഇന്ത്യ വ്യക്തമാക്കുന്നത്. 48 മണിക്കൂര്‍ നേരം ഇരുരാജ്യങ്ങളുമായും ചര്‍ച്ച നടത്തിയെന്നും മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാന്‍സും സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയും നേതൃത്വം നല്‍കിയെന്നുമാണ് യുഎസിന്റെ അവകാശവാദം. ബുദ്ധിപരമായ നീക്കത്തിന് ഇന്ത്യയെയും പാകിസ്ഥാനെയും അഭിനന്ദിക്കുന്നുവെന്നും ട്രംപ് കുറിപ്പില്‍ പറയുന്നു.

എന്നാല്‍ പാകിസ്ഥാന്റെ ആവശ്യപ്രകാരമാണ് വെടിനിര്‍ത്തല്‍ എന്ന തീരുമാനത്തിലേക്ക് എത്തിയതെന്നാണ് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയത്തിന്റെ വിശദീകരണം. വൈകിട്ട് വിക്രം മിസ്രി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യം കൃത്യമായി പറയുകയും യുഎസിന്റെ മധ്യസ്ഥ ശ്രമം പരാമര്‍ശിക്കാതിരിക്കുകയും ചെയ്തതോടെയാണ് ഇന്ത്യ മൂന്നാം കക്ഷിയുടെ മധ്യസ്ഥതയെന്ന അവകാശവാദം തള്ളിയിരിക്കുന്നത്.