video
play-sharp-fill
തൃശൂരിൽ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയെ കൊലപ്പെടുത്തിയ സംഭവം : സനൂപിനെ ഇരുമ്പ് വടി കൊണ്ട് അടിച്ചു, വെട്ടുകത്തി കൊണ്ട് വെട്ടി ; പ്രതികളുടെ മൊഴി പുറത്ത്

തൃശൂരിൽ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയെ കൊലപ്പെടുത്തിയ സംഭവം : സനൂപിനെ ഇരുമ്പ് വടി കൊണ്ട് അടിച്ചു, വെട്ടുകത്തി കൊണ്ട് വെട്ടി ; പ്രതികളുടെ മൊഴി പുറത്ത്

സ്വന്തം ലേഖകൻ

തൃശൂർ: സിപിഎം ബ്രാഞ്ച് സെക്രട്ടറി സനൂപിനെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. ഇരുമ്പ് വടി കൊണ്ട് സനൂപിന്റെ തലക്ക് പിന്നിൽ അടിച്ചെന്ന് അറസ്റ്റിലായ നാലാം പ്രതി സുജയ്‌യും ഒപ്പം വെട്ടുകത്തി കൊണ്ട് വെട്ടിയെന്ന് അഞ്ചാംപ്രതി സുനീഷും പൊലീസിന് മൊഴി നൽകി.

സംഭവുമായി ബന്ധപ്പെട്ട് നേരത്തെ പിടിയിലായ മുഖ്യപ്രതി നന്ദനെ കോടതി പതിനാല് ദിവസത്തേക്ക് റിമാന്റ് ചെയ്തിരിക്കുകയാണ്. ഇയാളെ കസ്റ്റഡിയിൽ വാങ്ങിയ ശേഷം തെളിവെടുപ്പിനായി ചിറ്റിലങ്ങാട് എത്തിക്കും.നന്ദനെ ചോദ്യം ചെയ്തതിൽ നിന്ന് മറ്റ് പ്രതികളെ കുറിച്ച് പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേസിലെ പ്രതികൾ തൃശൂർ ജില്ല വിട്ടിട്ടില്ലെന്നാണ് വിവരം. പ്രതികൾ വസ്ത്രം ഉപേക്ഷിച്ച ചിറ്റിലങ്ങാട്ടെ കുളക്കരയിൽ ഫോറൻസിക് സംഘം പരിശോധന നടത്തിയിട്ടുണ്ട്.

പരിശോധനയിൽ നിന്നും ലഭിച്ച രക്ത സാമ്പിളുകൾ ഡിഎൻഎ പരിശോധനയ്ക്ക് അയക്കും. സംഭവുമായി ബന്ധപ്പെട്ട് എഫ്.ഐ.ആർ പ്രകാരം ഇനി രണ്ടുപേരെ കൂടി പിടികൂടാനുണ്ട്. മാരോൺ, അഭിജിത്ത് എന്നിവരെയാണ് പിടികൂടാനുള്ളത്.

ഇന്നലെ വൈകിട്ട് തൃശൂർ കേച്ചേരി ഭാഗത്ത് നിന്നും കേസിൽ പ്രതികളായ സുനീഷിനേയും സുജയ് കുമാറിനെയും കുന്നംകുളം എ.സി.പി ടി.എസ് സിനോജിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയിരുന്നു. കൊലപാതകത്തിൽ നേരിട്ട് പങ്കുള്ളവരാണ് ഇരുവരും എന്ന് പൊലീസ് പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് തൃശൂർ കുന്നംകുളം ചിറ്റിലങ്ങാട് സി പി എം ബ്രാഞ്ച് സെക്രട്ടറി സനൂപിനെ കുത്തികൊലപ്പെടുത്തിയത്. നാല് സിപിഎം പ്രവർത്തകർക്കും പരിക്കേറ്റിരുന്നു.

ചിറ്റിലങ്ങാട്ടെ സി.പി.എം പ്രവർത്തകനായ മിഥുനും പ്രതികളും തമ്മിൽ കഴിഞ്ഞ ദിവസം വാക്കുതർക്കമുണ്ടായിരുന്നു. ഈ പ്രശ്‌നം പരിഹരിക്കാനാണ് സനൂപും മറ്റ് മൂന്ന് സി.പി.എം പ്രവർത്തകരും സ്ഥലത്തെത്തിയത്. തുടർന്നാണ് പ്രതികൾ സനൂപിനെ കുത്തികൊലപ്പെടുത്തിയത്.