സ്വന്തം ലേഖകൻ
മുംബൈ: ബാർ ഡാൻസറെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ ബിനോയ് കൊടിയേരിയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ തിങ്കളാഴ്ച മുംബൈ കോടതി വിധി പറയും. വിവാഹ വാദ്ഗാനം നൽകി പീഡിപ്പിച്ചുവെന്ന ബീഹാർ സ്വദേശിനിയായ യുവതിയുടെ പരാതിയിൽ അറസ്റ്റ് ഒഴിവാക്കാനാണ് ബിനോയ് കോടിയേരി മുൻകൂർ ജാമ്യപേക്ഷ സമർപ്പിച്ചത്. അതേ സമയം ബിനോയ്‌ക്കെതിരെ യുവതി തിങ്കളാഴ്ച കൂടുതൽ തെളിവുകൾ ഹാജരാക്കുമെന്ന് സൂചനയുണ്ട്.
കഴിഞ്ഞ ജൂൺ 20നാണ് ബിനോയ് മുംബൈയിലെ ദിൻദോഷി സെഷൻസ് കോടതിയിൽ ജാമ്യഹർജി നൽകിയത്. ബിനോയ്‌ക്കെതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്നും യുവതി ഉന്നയിക്കുന്ന ആരോപണങ്ങൾ കള്ളമാണെന്നതിന് തെളിവ് യുവതിയുടെ പരാതി തന്നെയാണെന്നാണ് ബിനോയിയുടെ അഭിഭാഷകൻ പറഞ്ഞത്. വിവാഹബന്ധം ഉപേക്ഷിച്ചതിന് 5 കോടി രൂപ നഷ്ടപരിഹാരം വേണമെന്ന് ആവശ്യപ്പെട്ട് യുവതി അയച്ച വക്കീൽ നോട്ടീസും, വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന പരാതിയും ചൂണ്ടിക്കാട്ടി യുവതി ഉന്നയിക്കുന്ന ആരോപണങ്ങളിൽ വൈരുദ്ധ്യമുണ്ടെന്നാണ് അഭിഭാഷകൻ വാദിച്ചത്. ഹർജി പരിഗണിച്ച കോടതി വിധി പറയാനായി മാറ്റി വെക്കുകയായിരുന്നു.
അതേ സമയം ബിനോയ്‌ക്കെതിരെ കൂടുതൽ തെളിവുകൾ യുവതി ഹാജരാക്കിയിരുന്നു. യുവതിക്കും കുഞ്ഞിനും ദുബായ് യാത്രയ്ക്കായി വിസയും ടിക്കറ്റും സ്വന്തം ഇ-മെയിലിൽ നിന്നും ബിനോയ് അയച്ചതിന്റെ തെളിവുകൾ യുവതിയുടെ അഭിഭാഷകൻ ഹാജരാക്കിയിരുന്നു. കോടതിയിൽ ഇത് പ്രതിഭാഗത്തിന് തിരിച്ചടിയായേക്കും. വിസയിൽ കുഞ്ഞിന്റെ അച്ഛൻ ബിനോയ് ആണെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
കോടതി ജാമ്യം അനുവദിച്ചില്ലെങ്കിൽ ഉടൻ തന്നെ അറസ്റ്റ് അടക്കമുള്ള നടപടികളിലക്ക് കടക്കാനാണ് മുംബൈ പോലീസിന്റെ നീക്കം. മുംബൈയിൽ നിന്നുള്ള സംഘം കേരത്തിൽ എത്തിയിരുന്നെങ്കിലും ബിനോയിയെ കാണാൻ സാധിച്ചിരുന്നില്ല. അതേ സമയം മജിസ്‌ട്രേറ്റിന് മുമ്പിൽ യുവതിയുടെ രഹസ്യമൊഴിയും രേഖപ്പെടുത്തും.