
കെകെ രാഗേഷിനെ പുകഴ്ത്തിയ ദിവ്യ എസ് അയ്യർക്ക് പിന്തുണയുമായി സിപിഎം നേതാക്കൾ രംഗത്ത്; സൈബർ ആക്രമണം അപലപനീയം, യൂത്ത് കോൺഗ്രസ്സുകാർക്ക് ഇഷ്ടപ്പെടുന്ന അഭിപ്രായമേ പറയാവൂ എന്ന് ശഠിക്കുന്നതാണ് തെറ്റെന്ന് കെ കെ ശൈലജ; അനാവശ്യ വിവാദമുണ്ടാക്കി നല്ല ഐഎഎസ് ഓഫീസറെ അപകീർത്തിപ്പെടുത്തുന്നത് ശരിയല്ലെന്ന് ഇപി ജയരാജൻ
കണ്ണൂർ: സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട കെകെ രാഗേഷിനെ പുകഴ്ത്തിയ ദിവ്യ എസ് അയ്യർക്കെതിരെ ഉയർന്ന വിമർശനങ്ങൾക്കെതിരെ പിന്തുണയുമായി കൂടുതൽ സിപിഎം നേതാക്കൾ രംഗത്ത്. മുതിർന്ന സിപിഎം നേതാക്കളായ കെകെ ശൈലജയും ഇപി ജയരാജനും പിന്തുണയുമായി രംഗത്തെത്തി.
ദിവ്യ എസ് അയ്യർക്കെതിരായ സൈബർ ആക്രമണം അപലപനീയമാണെന്ന് കെകെ ശൈലജ പറഞ്ഞു. സഹപ്രവർത്തകരെക്കുറിച്ചോ സുഹൃത്തുക്കളെക്കുറിച്ചോ തങ്ങൾക്ക് തോന്നിയ അഭിപ്രായങ്ങൾ പറയുന്നത് സ്വാഭാവികമാണ്. യൂത്ത് കോൺഗ്രസ്സുകാർക്ക് ഇഷ്ടപ്പെടുന്ന അഭിപ്രായമേ ദിവ്യ പറയാവൂ എന്ന് ശഠിക്കുന്നതാണ് തെറ്റ്.
ദിവ്യയുടെ വ്യക്തിത്വത്തെ അപമാനിച്ചു കൊണ്ടുള്ള പോസ്റ്റുകൾക്കെതിരെ നടപടി സ്വീകരിക്കണമെന്നും കെകെ ശൈലജ പറഞ്ഞു. സഹപ്രവർത്തകർ ചില സ്ഥാനങ്ങളിലേക്ക് വന്നാൽ പ്രശംസിക്കുന്നത് സ്വാഭാവികമാണെന്ന് ഇപി ജയരാജനും പ്രതികരിച്ചു. അനാവശ്യ വിവാദമുണ്ടാക്കി നല്ല ഐഎഎസ് ഓഫീസറെ അപകീർത്തിപ്പെടുത്തുന്നത് ശരിയല്ല. ഇത്തരം കാര്യങ്ങളിൽ പൊതുധാരണ ഉണ്ടാകണം. അപകീർത്തികരമായ വാർത്തകൾ ഉണ്ടാക്കാൻ ശ്രമിക്കുന്നത് ഗുണകരമാണോ എന്ന് കോൺഗ്രസ് നേതൃത്വം ചിന്തിക്കണമെന്നും ഇപി പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, ഭർത്താവും കോൺഗ്രസ് നേതാവുമായ ശബരിനാഥനും വിഷയത്തിൽ പ്രതികരിച്ചു. രാഷ്ട്രീയ നിയമനം ലഭിച്ച വ്യക്തിയെ ദിവ്യ അഭിനന്ദിച്ചത് സദ്ദുദേശപരമെങ്കിലും അതിലൊരു വീഴ്ചയുണ്ടെന്നായിരുന്നു ശബരിയുടെ പ്രതികരണം. സർക്കാരിനെയും നയങ്ങളെയും അഭിനന്ദിക്കാം. പക്ഷേ രാഷ്ട്രീയ നിയമനം ലഭിച്ച വ്യക്തിയെ അഭിനന്ദിച്ചത് അതുപോലെയല്ല.
അതിനാൽ തന്നെ ദിവ്യ നടത്തിയ പ്രതികരണം പെട്ടെന്ന് സർക്കാർ തലത്തിൽ നിന്ന് രാഷ്ട്രീയതലത്തിലേക്ക് മാറി. അതുകൊണ്ടാണ് ഈ വിവാദം ഉണ്ടായതെന്നും ശബരിനാഥൻ വിവരിച്ചു. കർണന് പോലും അസൂയ തോന്നുന്ന കെ കെ ആർ കവചമെന്നായിരുന്നു മുഖ്യമന്ത്രിക്കൊപ്പമുള്ള രാഗേഷിന്‍റെ ചിത്രം പങ്കുവച്ചുകൊണ്ട് ദിവ്യ എസ് അയ്യർ ഇന്നലെ പുകഴ്ത്തിയത്. കെ മുരളീധരനും യൂത്ത് കോൺഗ്രസ് നേതാക്കളുമടക്കം രൂക്ഷ വിമർശനവുമായി രംഗത്തെത്തിയതിന് പിന്നാലെയാണ് ശബരിയുടെ പ്രതികരണം.