
കൊല്ലം: ഇരവിപുരം പോലീസ് സ്റ്റേഷനിൽ കയറി ഭീഷണിപ്പെടുത്തിയതിന് സിപിഎം നേതാവും മുൻ കൗൺസിലറുമായ എം. സജീവിനും മറ്റ് പത്തുപേർക്കുമെതിരേ കേസെടുത്തു. ശനിയാഴ്ച ഉച്ചയ്ക്ക് 1.56-നാണ് സംഭവം.
പ്രവർത്തകരോടൊപ്പം സ്റ്റേഷനിലെത്തിയ കൊല്ലം കോർപ്പറേഷൻ സ്ഥിരംസമിതി മുൻ അധ്യക്ഷൻ എം. സജീവ്, എസ്ഐ ആർ.യു. രഞ്ജിത്തിന്റെ മുറിയിൽക്കയറി കൈവശം കരുതിയിരുന്ന വാഴയിലയിൽ പൊതിഞ്ഞ അവിൽ, മലർ, പഴം എന്നിവ മേശപ്പുറത്ത് നിരത്തി. ഇതെന്താണെന്ന് എസ്ഐ ചോദിച്ചതോടെ അസഭ്യപരാമർശങ്ങൾ നടത്തുകയും അടിക്കാൻ ശ്രമിക്കുകയും ചെയ്തു. സ്റ്റേഷനിലുണ്ടായിരുന്ന മറ്റ് ഉദ്യോഗസ്ഥർ ഇടപെട്ട് സംഘത്തെ തടഞ്ഞു. തുടർന്ന് സ്റ്റേഷന്റെ ഗ്രിൽ വലിച്ചുപൊട്ടിക്കാൻ ശ്രമിച്ചു.
പള്ളിമുക്ക് സ്വദേശിയായ യുവാവ് ഓടിച്ച ബൈക്ക് പള്ളിമുക്കിലെ പെട്രോൾ പമ്പിൽവെച്ച് ജീവനക്കാരിയെ ഇടിച്ചുപരിക്കേൽപ്പിച്ചിരുന്നു. നാട്ടുകാരും പമ്പ് ജീവനക്കാരും ചേർന്ന് ബൈക്ക് തടഞ്ഞുവെച്ചു. തുടർന്ന് ഇരവിപുരം പോലീസ് നടത്തിയ പരിശോധനയിൽ വാഹനത്തിന്റെ ഇൻഷുറൻസ് കാലാവധി കഴിഞ്ഞതായി കണ്ടെത്തുകയും വാഹനം കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പോലീസ് പിടിച്ചെടുത്ത വാഹനം വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഭീഷണി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സ്റ്റേഷനിൽനിന്നിറങ്ങിയശേഷം “പുറത്തിറങ്ങി ജോലിചെയ്തുനോക്ക്” എന്ന് ഭീഷണി മുഴക്കിയതായും 15 മിനിറ്റോളം സ്റ്റേഷനിൽ സംഘർഷാവസ്ഥയുണ്ടാക്കിയതായും പോലീസ് അറിയിച്ചു. എസ്ഐയെ ഭീഷണിപ്പെടുത്തുകയും ഔദ്യോഗിക കർത്തവ്യം തടസ്സപ്പെടുത്തുകയും പോലീസ് സ്റ്റേഷനിൽ സംഘർഷാവസ്ഥ സൃഷ്ടിക്കുകയും ചെയ്തെന്നാണ് കേസ്.



