
പാർട്ടി ശക്തി കേന്ദ്രങ്ങളിൽ പോലും ബിജെപിക്ക് വോട്ട് ചോരുന്നുവെന്ന് സിപിഎം സംഘടനാ റിപ്പോർട്ട്; നവകേരള രേഖ മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിക്കും
കൊല്ലം: പാർട്ടിയുടെ ശക്തി കേന്ദ്രങ്ങളിൽ പോലും ബിജെപിക്ക് വോട്ട് ചോരുന്നുവെന്ന് സിപിഎം സംഘടനാ റിപ്പോർട്ടിൽ പരാമർശം. ഈ ചോർച്ച ഗൗരവമായി കാണണം. സിപിഎം സംസ്ഥാന സമ്മേളനത്തിൽ എം വി ഗോവിന്ദൻ ഇന്ന് അവതരിപ്പിക്കുന്ന റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. തെരഞ്ഞെടുപ്പ് കാലത്ത് ജില്ലാ കമ്മിറ്റികൾ നൽകിയ അവലോകന റിപ്പോർട്ടുകൾ തെറ്റിപ്പോയെന്നും ബിജെപിയുടെ കടന്നുവരവ് തിരിച്ചറിയാൻ കഴിയുന്ന വിധത്തിലായിരുന്നില്ലെന്നും വിമർശനമുണ്ട്.
അതോടൊപ്പം നവകേരളത്തിനുള്ള പുതുവഴികൾ എന്ന രേഖ മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിക്കും. മുഖ്യമന്ത്രി അവതരിപ്പിക്കുന്ന രേഖയിൽ വൻകിട നിക്ഷേപം വൻ തോതിൽ ആകർഷിക്കാൻ നിർദ്ദേശമുണ്ടെന്നാണ് സൂചന. ഐ ടി, ടൂറിസം തുടങ്ങി ശാക്തിക മേഖലകൾക്കാണ് ഊന്നൽ. ആഗോള നിക്ഷേപ ഭീമന്മാരെ ഉൾപ്പെടെ കേരളത്തിൽ എത്തിക്കാൻ രേഖയിൽ നിർദേശങ്ങളുണ്ട്. ഇതിനായി നിയമ, ചട്ട പരിഷ്കാരങ്ങൾ നടത്തും. റോഡ്, റെയിൽ വികസനം, മറ്റ് അനുബന്ധ വികസനങ്ങൾ എന്നിവയുടെ വേഗം കൂട്ടുന്നതിനെ കുറിച്ചും രേഖയിൽ പരാമർശമുണ്ടാകും.
തൊഴിൽ സൃഷ്ടിക്കലാണ് നവകേരളത്തിനുള്ള പുതുവഴികൾ എന്ന രേഖയിലെ പ്രധാന ഫോക്കസ്. യുവാക്കൾ വിദേശത്ത് പോകുന്ന പ്രവണത തടയും. സമാന സാഹചര്യം കേരളത്തിൽ സൃഷ്ടിക്കാനുള്ള നടപടിയെടുക്കും. സോഷ്യൽ ഇൻഫ്രാസ്ട്രക്ചർ മെച്ചപ്പെടുത്താനുള്ള നിർദ്ദേശങ്ങളും രേഖയിലുണ്ടാകും. സ്കാൻഡിനേവിയൻ രാജ്യങ്ങളിലെ മാതൃക പിന്തുടരും. വയോജന, ഭിന്നശേഷി സൗഹൃദ പദ്ധതികൾക്കും രേഖയിൽ ഊന്നൽ നൽകിയിട്ടുണ്ടെന്നാണ് സൂചന.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം സംസ്ഥാനത്ത് അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഎമ്മിനെയും ഇടതു മുന്നണിയെയും ആര് നയിക്കുമെന്ന് തീരുമാനിച്ചിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. മൂന്നാം എൽഡിഎഫ് ഭരണം ഉറപ്പാണ്. പിണറായി വിജയൻ തന്നെ സിപിഎമ്മിനെ അടുത്ത തെരഞ്ഞെടുപ്പിലും നയിക്കണം എന്ന് തീരുമാനിച്ചിട്ടില്ല. പിണറായി വിജയൻ മത്സരിക്കണമോ എന്ന് പോലും ഇപ്പോൾ തീരുമാനിച്ചിട്ടില്ല. അക്കാര്യം സമയമാകുമ്പോൾ ചർച്ച ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.
മുസ്‍ലിം ലീഗിനെ എൽഡിഎഫിന് ആവശ്യമില്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു. മുസ്‍ലിം ലീഗിനെ സ്വാഗതം ചെയ്തിട്ടില്ല. അവരെ ഇപ്പോൾ മുന്നണിയിലെടുക്കില്ല. ഇപ്പോഴവർ മറ്റൊരു മുന്നണിയിലാണ്. ആ മുന്നണി വിട്ട് സ്വതന്ത്ര നിലപാട് സ്വീകരിക്കുമ്പോഴേ അക്കാര്യം ചർച്ച ചെയ്യൂ. സ്വകാര്യ നിക്ഷേപങ്ങൾക്കായി കേരളം തുറന്ന് വെക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.