സി പി എം ജില്ലാ കമ്മിറ്റി ഓഫീസ് ആക്രമിച്ചത് മൂന്ന് ബെെക്കുകളില്‍ എത്തിയ ആറംഗ സംഘം; സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് പൊലീസ്
സ്വന്തം ലേഖിക
തിരുവനന്തപുരം: സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസിനു നേരെ കല്ലെറിഞ്ഞത് മൂന്ന് ബെെക്കുകളിലെത്തിയ ആറംഗ സംഘമെന്ന് പൊലീസിന്റെ സ്ഥിരീകരണം.
ജില്ലാ കമ്മിറ്റി ഓഫീസിലെയും സമീപത്തെ കടകളിലേയും സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് ആക്രമണത്തിന് പിന്നില്‍ ആറംഗ സംഘമാണെന്ന് ഉറപ്പിച്ചത്.
സി.പി.എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് ആക്രമണമുണ്ടായത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മൂന്ന് ബൈക്കുകളിലായി എത്തിയ സംഘം കല്ലെറിയുകയായിരുന്നു. ആക്രമണത്തില്‍ ഓഫീസിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്റെ കാറിന് കേടുപാടുകള്‍ സംഭവിച്ചു. കാറിന്റെ ബോണറ്റിലാണ് കല്ല് പതിച്ചത്. കാറിനു സമീപത്തുനിന്ന് ഒരു കരിങ്കല്‍ കഷ്ണം കണ്ടെടുത്തിട്ടുണ്ട്.
സംഭവം നടക്കുമ്പോള്‍ ജില്ലാ സെക്രട്ടറി ഓഫീസിലുണ്ടായിരുന്നു. ഡ്യൂട്ടിയിലായിരുന്ന രണ്ട് പൊലീസുകാര്‍ അക്രമി സംഘത്തെ പിടിക്കാന്‍ ശ്രമിച്ചെങ്കിലും ഇവര്‍ രക്ഷപ്പെടുകയായിരുന്നു.
അതേസമയം എ.കെ.ജി സെന്റര്‍ ആക്രമണത്തിലെ പ്രതിയെ ഇതുവരെ പിടികൂടാന്‍ കഴിയാത്ത പൊലീസിന് ഈ സംഭവം അടുത്ത തലവേദനയായിരിക്കുകയാണ്. ജൂണ്‍ 30 ന് രാത്രിയാണ് എ കെ ജി സെന്ററിന് നേരെ ആക്രമണമുണ്ടായത്. സ്‌കൂട്ടറിലെത്തിയ ഒരാള്‍ എ.കെ.ജി സെന്ററിന് നേരെ സ്ഫോടകവസ്‌തു എറിയുകയായിരുന്നു.