
സ്വന്തം ലേഖകൻ
കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പരാജയം വിലയിരുത്താന്‍ ചേര്‍ന്ന സിപിഎം കോട്ടയം ജില്ലാ കമ്മിറ്റി യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെയും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെയും നിര്‍ത്തിപ്പൊരിച്ചു.പിണറായിയുടെ ധാര്‍ഷ്ട്യവും ധിക്കാരവും കോട്ടയം എംപിയായിരുന്ന തോമസ് ചാഴികാടനെ വിമര്‍ശിച്ചതുമാണ് ജില്ലാ കമ്മറ്റിയംഗങ്ങള്‍ ചോദ്യം ചെയ്തത്.
സംസ്ഥാന സെക്രട്ടറിയുടെ കസേരയിലിരുന്ന് സിപിഎമ്മിനു ചേരാത്ത രീതിയില്‍ പഠിപ്പിക്കാന്‍ വരുന്ന ഹെഡ്മാസറ്ററെ പോലെയാണ് ഗോവിന്ദനെന്നും അംഗങ്ങള്‍ കുറ്റപ്പെടുത്തി. സംസ്ഥാന സെക്രട്ടേറിയേറ്റംഗം ടി. പി. രാമകൃഷ്ണന്റെയും ജില്ലയുടെ ചുമതലയുള്ള സംസ്ഥാന സെക്രട്ടേറിയേറ്റംഗവും മന്ത്രിയുമായ വി.എന്‍. വാസവന്റെ സാന്നിധ്യത്തിലായിരുന്നു അംഗങ്ങളുടെ വിമര്‍ശനം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുഖ്യമന്ത്രി തെറ്റ് തിരുത്താന്‍ തയാറാകുന്നില്ലെന്നും ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്തെ ജനങ്ങള്‍ക്ക് ഉപകാരപ്പെടുന്ന ഒരു പദ്ധതി പോലും രണ്ടാം പിണറായി സര്‍ക്കാര്‍ നടപ്പാക്കുന്നില്ലെന്നും ദൂര്‍ത്തും ധാഷ്ഠ്യവും അഴിമതിയുമാണ് എല്ലായിടത്തുമെമാണ് ജനസംസാരമെന്ന് അംഗങ്ങള്‍ വിമര്‍ശിച്ചു.
നവകേരള സദസിന്റെ ഭാഗമായി പാലായില്‍ എത്തിയ മുഖ്യമന്ത്രി സംഘാടക സമിതിക്കു വേണ്ടി സ്വാഗതം പറഞ്ഞ തോമസ് ചാഴികാടന് എംപിയെ രൂക്ഷമായ വിമര്‍ശിച്ചത് വലിയ നാണക്കേടാണുണ്ടാക്കിയതെന്ന് അംഗങ്ങള്‍ പറഞ്ഞു. കോട്ടയത്തെ തോല്‍വിയ്ക്കു പ്രധാന കാരണം ഇതാണെന്നും അംഗങ്ങള്‍ വിമര്‍ശിച്ചു
ഇത്രയധികം ആളുകള്‍ പങ്കെടുക്കുന്ന വേദിയില്‍ സ്ഥലം എംപിയെ നിസാരമായ കാര്യം ഉന്നയിച്ചതിന്റെ പേരില്‍ ശാസിക്കേണ്ട ഒരു കാര്യവും മുഖ്യമന്ത്രിക്കില്ലായിരുന്നു. വിമര്‍ശനം ഉണ്ടായിട്ടും തെറ്റു പറ്റിയിട്ടും മുഖ്യമന്ത്രി അതു തിരുത്താന്‍ തയാറായില്ല. ഇതു ജനങ്ങള്‍ക്കിടയില്‍ വലിയ അവമതിപ്പ് ഉളവാക്കുകയും നിഷ്പക്ഷമതികളായ പലരുടെയും വോട്ടുകള്‍ കിട്ടാതെ പോകുകയും ചെയതു.
സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ പ്രസ്താവനകളും നിലപാടുകളും പാര്‍ട്ടി സെക്രട്ടറിക്കു ചേര്‍ന്നതല്ല, മാധ്യമ പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തുകയാണ്. ധിക്കാരവും ധാര്‍ഷ്ട്യവും ഇന്നത്തെ കാലത്ത് ആരും വകവയ്ക്കില്ല. പാര്‍ട്ടി പ്രവര്‍ത്തകരോടു പോലും വളരെ മോശമായ രീതിയിലാണ് സംസാരിക്കുന്നതെന്നും അംഗങ്ങള്‍ പറഞ്ഞു.
ഗോവിന്ദന്റെ പത്രസമ്മേളനങ്ങളിലെ നിലപാടുകളും പ്രസ്താവനകളും മുന്നണിയെയും പാര്‍ട്ടിയെയും ദോഷകരമായി ബാധിച്ചു. സംസ്ഥാന സര്‍ക്കാരിനെതിരേയും രൂക്ഷമായ വിമര്‍ശനമുയര്‍ന്നു. മന്ത്രിമാരായ വീണാ ജോര്‍ജ്, എം.ബി. രാജേഷ് എന്നിവര്‍ക്കെതിരേയായിരുന്നു വിമര്‍ശനം.
മുന്‍ആരോഗ്യമന്ത്രി കെ.കെ. ശൈലജയെ പോലെയുള്ള പ്രഗത്ഭരായ ആളുകള്‍ കൈകാര്യം ചെയതു ജനകീയമാക്കിയ ആരോഗ്യവകുപ്പിനെ പൊതുസമൂഹത്തില്‍ മോശമാക്കുകയാണ് മന്ത്രി വീണയുടെ പ്രവര്‍ത്തനങ്ങള്‍ ചെയത്. സര്‍ക്കാരിനും പാര്‍ട്ടിയ്ക്കും ചേരാത്ത രീതിയിലുള്ള പ്രവര്‍ത്തനങ്ങളാണ് ആരോഗ്യവകുപ്പില്‍ നടക്കുന്നതെന്നും വിമര്‍ശനമുണ്ടായി.
സാധാരണക്കാര്‍ ഏറെ ആശ്രയിക്കുന്ന തദ്ദേശവകുപ്പിലെ നികുതി നിര്‍ദേശം താഴെ തട്ടിലുള്ളവരെ സര്‍ക്കാരില്‍ നിന്നകറ്റി.പൂഞ്ഞാര്‍ സംഭവത്തില്‍ മുഖ്യമന്ത്രിയുടെ നിലപാട് മുസ്ലീം സമൂഹത്തെ പാര്‍ട്ടിയില്‍നിന്നും അകറ്റിയെന്ന് പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി ഏരിയയില്‍ നിന്നുള്ള ജില്ലാ കമ്മിറ്റി അംഗങ്ങള്‍ പറഞ്ഞു.
പത്തനംതിട്ട ലോക്സഭ മണ്ഡലത്തിലെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പാര്‍ട്ടിയ്ക്കു വീഴ്ച സംഭവിച്ചുവെന്നും കേന്ദ്രകമ്മിറ്റിയംഗം തോമസ് ഐസക്കിനെ ഒരുകാരണവശാലും പത്തനംതിട്ടയില്‍ സ്ഥാനാര്ഥിയാക്കരുതായിരുന്നവെന്നും ജില്ലാ കമ്മിറ്റിയംഗങ്ങള്‍ വിമര്‍ശനം ഉന്നയിച്ചു. രാജു ഏബ്രഹാമായിരുന്നു ഏറ്റവും നല്ല സ്ഥാനാര്‍ഥി. രാജു ഏബ്രഹമായിരുന്നു സ്ഥാനാര്ഥിയെങ്കില് വിജയം ഉറപ്പായിരുന്നു.
തോമസ് ഐസക്കിനു സീറ്റു കൊടുക്കണമെന്ന് നിര്ബന്ധമുണ്ടായിരുന്നവെങ്കില് ആലപ്പുഴ, എറണാകുളം സീറ്റുകള്‍ നല്കാന് സംസ്ഥാന നേതൃത്വം മുന്കൈയെടുക്കണമായിരുന്നുവെന്നും അംഗങ്ങള്‍ പറഞ്ഞു. കോട്ടയത്ത് സിപിഎം വോട്ടുകള്‍ ബിഡിജെഎസിലേക്ക് പോകുന്നതു തടയാന്‍ പാര്‍ട്ടിക്ക് ആയില്ല.
പാര്‍ട്ടി ശക്തികേന്ദ്രങ്ങളായ പല പഞ്ചായത്തുകളിലും ബിജെപിക്ക് വോട്ട് വര്‍ധിച്ചു. ഇതു ഗൗരവമായി കാണണമെന്നും അല്ലാത്ത പക്ഷം വന്‍ തിരിച്ചടിയുണ്ടാകുമെന്നും ജില്ലാ കമ്മറ്റിയംഗങ്ങള്‍ മുന്നറിയിപ്പു നല്കി.