play-sharp-fill
കൊല്ലത്ത് കോൺഗ്രസിന് സെൽഫി കുരുക്ക്:  ഡിസിസി പ്രസിഡന്റ് പോക്‌സോ കേസിൽ കുടുങ്ങി: പ്രത്യാരോപണവുമായി സിപിഎം രംഗത്ത്

കൊല്ലത്ത് കോൺഗ്രസിന് സെൽഫി കുരുക്ക്: ഡിസിസി പ്രസിഡന്റ് പോക്‌സോ കേസിൽ കുടുങ്ങി: പ്രത്യാരോപണവുമായി സിപിഎം രംഗത്ത്

സ്വന്തം ലേഖകൻ

കൊല്ലം: കൊല്ലത്ത് കോൺഗ്രസിന് കുരുക്കായി സെൽഫി.! ഓച്ചിറയിൽ തട്ടിക്കൊണ്ടു പോകലിന് ഇരയായ പതിമൂന്നുകാരിയുടെ മാതാപിതാക്കൾക്കൊപ്പം ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണയെടുത്ത സെൽഫിയാണ് ഇപ്പോൾ കോൺഗ്രസിന് കുരുക്കായി മാറിയിരിക്കുന്നത്. പ്രായപൂർത്തിയാകാത്ത കുട്ടികൾ ഇരയാകുന്ന കുറ്റകൃത്യങ്ങളിലെ ഇരയെ തിരിച്ചറിയാൻ സഹായിച്ചെന്ന പോക്‌സോ നിയമത്തിലെ വകുപ്പ് പ്രകാരം ബിന്ദുവിനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുക കൂടി ചെയ്തതോടെ കോൺഗ്രസ്് പാർട്ടി പ്രതിരോധത്തിലായി.
ഓച്ചിറയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തെത്തുടർന്ന് അവിടെയെത്തി കുട്ടിയുടെ മാതാപിതാക്കൾക്കൊപ്പം ചിത്രമെടുത്ത് ഫേസ്ബുക്കിൽ ഇട്ടതിനാണ് ബിന്ദുവിനെ ഒന്നാം പ്രതിയാക്കി കേസെടുത്തത്. പോക്സോ കേസിലെ പ്രതികളുടെ വിവരങ്ങൾ പുറത്തു വരുന്നതൊന്നും കൊടുക്കാൻ പാടില്ലെന്നാണ് നിയമം. ഇരയുടെ സൂചനകൾ പോലും ചർച്ചയാക്കുന്നത് കുറ്റകരമാണ്. ഈ സാഹചര്യത്തിലാണ് കേസ്. പോക്സോ കേസ് ആയതുകൊണ്ട് തന്നെ ബിന്ദു കൃഷ്ണയ്ക്ക് അറസ്റ്റ് ഒഴിവാക്കാൻ മുൻകൂർ ജാമ്യം എടുക്കേണ്ടി വരും.


പെൺകുട്ടിയെ തിരിച്ചറിയാൻ ഇടവരുന്നവിധം ചിത്രമോ പേരോ ഷെയർ ചെയ്യരുതെന്ന് നിയമമുണ്ട്. ഇതു ലംഘിച്ചതിനാണ് പോക്സോ നിയമപ്രകാരം ശനിയാഴ്ച രാത്രി പത്തുമണിയോടെ ഓച്ചിറ പൊലീസ് കേസെടുത്തത്. സിപിഎമ്മാണ് ഈ വിഷയം ചർച്ചയാക്കിയത്. ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് ബിന്ദു കൃഷ്ണയേയും കോൺഗ്രസിനേയും പ്രതിക്കൂട്ടിൽ നിർത്തനാണ് ഇതിലൂട ശ്രമിക്കുന്നത്. ഓച്ചിറയിൽ പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയത് സിപിഐ ബ്രാഞ്ച് സെക്രട്ടറിയുടെ മകനാണ്. ഈ കേസിൽ ഇനിയും പ്രതിയേയും കുട്ടിയേയും കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല. ഇത് ശക്തമായി കോൺഗ്രസ് പ്രചരണ ആയുധവുമാക്കി. ഇതിനിടെയാണ് ബിന്ദു കൃഷ്ണയെ കുടുക്കി പൊലീസ് കേസെടുക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വ്യാപകപരാതി വന്നതിനെത്തുടർന്ന് ബിന്ദുകൃഷ്ണ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ചിരുന്നു. ഈ പോസ്റ്റ് ഷെയർ ചെയ്തവർക്കെതിരേ അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു. ഇവർക്കെതിരേയും നടപടിയെടുക്കാൻ നിയമമുണ്ട്. ഇതിലൂടെ ഒട്ടേറെ കോൺഗ്രസുകാരെ പോക്സോ കേസിൽ പ്രതിയാക്കാമെന്നാണ് പൊലീസ് കരുതുന്നത്. അതുകൊണ്ട് തന്നെ കരുതലോടെ അന്വേഷണം നടത്തുകയാണ് പൊലീസ്. കേസ് രാഷ്ട്രീയ പ്രേരിതമാണെന്നാണ് കോൺഗ്രസിന്റെ ആരോപണം. കേസിൽ ബിന്ദു കൃഷ്ണ മുൻകൂർ ജാമ്യത്തിനും ശ്രമിച്ചേക്കും. പ്രതിയെ പിടികൂടാത്തതിൽ പ്രതിഷേധിച്ച് പെൺകുട്ടിയുടെ വീടിന് മുന്നിൽ ബിന്ദു കൃഷ്ണ നടത്തിവന്ന ഉപവാസസമരം നടത്തിയിരുന്നു. ഇതോടെയാണ് വിഷയം ചർച്ചയായത്. രമേശ് ചെന്നിത്തല, ഉമ്മൻ ചാണ്ടി, സുരേഷ് ഗോപി അടക്കമുള്ളവർ സ്ഥലത്ത് എത്തുകയും ചെയ്തിരുന്നു.

അതിനിടെ പ്രായപൂർത്തിയാകാത്ത നാടോടിപ്പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ അന്വേഷണം മഹാരാഷ്ട്രയിലേക്ക് വ്യാപിപ്പിച്ചതായി പൊലീസ് അറിയിച്ചു. ബെംഗളൂരുവിലെ അന്വേഷണത്തിൽ അവരെ കണ്ടെത്താൻ പൊലീസിന് സാധിച്ചില്ല. രാജസ്ഥാനിലുണ്ടാകുമെന്ന സൂചനയെത്തുടർന്ന് അവിടേക്ക് നടത്താനിരുന്ന അന്വേഷണമാണ് മഹാരാഷ്ട്രയിലേക്ക് വ്യാപിപ്പിച്ചത്. പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ആറു ദിവസം പിന്നിട്ടിട്ടും കാര്യമായ വിവരങ്ങളൊന്നും ലഭിക്കാത്തത് പൊലീസിനേയും പ്രതിസന്ധിയിലാക്കി. പെൺകുട്ടിയും പ്രധാനപ്രതി മുഹമ്മദ് റോഷനും മൊബൈൽ ഫോൺ ഉപയോഗിക്കാത്തതും അന്വേഷണത്തെ കാര്യമായി ബാധിച്ചു. പ്രായപൂർത്തിയാകാത്ത ഇവർക്ക് പുറത്തുനിന്നു സംരക്ഷണം ലഭിക്കുന്നതാണ് പൊലീസിന് പിടികൊടുക്കാതെ ഒളിവിൽ കഴിയാൻ സഹായകമെന്നാണ് വിലയിരുത്തൽ.

രാജസ്ഥാനിൽ നടത്തിയ അന്വേഷണത്തിൽ പെൺകുട്ടിയെയും മുഹമ്മദ് റോഷനെയും പൊലീസിന് കണ്ടെത്താനായിരുന്നില്ല. ഈ സാഹചര്യത്തിലാണ് അന്വേഷണം മഹാരാഷ്ട്രയിലേക്ക് വ്യാപിപ്പിക്കാൻ അന്വേഷസംഘത്തിന് ഉന്നതപൊലീസ് നിർദ്ദേശം ലഭിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച രാത്രി വീട്ടിൽ അതിക്രമിച്ച് കയറിയ സംഘം പതിനഞ്ചുകാരിയായ മകളെ തട്ടിക്കൊണ്ടുപോയെന്നായിരുന്നു പിതാവിന്റെ പരാതി. ഓച്ചിറ സ്വദേശികളായ മുഹമ്മദ് റോഷനും മറ്റ് മൂന്നുസുഹൃത്തുക്കൾക്കുമെതിരെ രാജസ്ഥാൻ സ്വദേശികളായ കുടുംബം നൽകിയ പരാതിയിൽ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ പെൺകുട്ടിയുമായി അടുപ്പമുണ്ടായിരുന്ന മുഹമ്മദ് റോഷനെയും പെൺകുട്ടിയെയും പൊലീസിന് കണ്ടെത്താനായില്ല. പിടിയിലായ പ്രതികൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ബംഗളൂരുവും പിന്നീട് രാജസ്ഥാൻ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടത്തി.

രാജസ്ഥാൻ സ്വദേശിനിയായ പെൺകുട്ടിയുടെ ബന്ധുക്കളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഈ സാഹചര്യത്തിലാണ് രാജസ്ഥാനിലുള്ള പൊലീസ് സംഘത്തിന് മഹാരാഷ്ട്രയിലേക്ക് അന്വേഷണം വ്യാപിപ്പിക്കാൻ നിർദ്ദേശമെത്തിയത്. അതേസമയം സംഭവത്തിൽ പൊലീസ് വേണ്ടത്ര ജാഗ്രത പാലിച്ചില്ലെന്ന് പെൺകുട്ടിയുടെ വീട് സന്ദർശിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ആരോപിച്ചു.