വലിയ പാർട്ടി അവരാണെന്ന ഭാവം ഇനി വേണ്ട…! എല്ലാരംഗത്തും താഴ്ത്തിക്കെട്ടാൻ ശ്രമം; സിപിഐ മന്ത്രിമാര്‍ ഭരിക്കുന്ന വകുപ്പുകളോട് കാണിക്കുന്നത് കടുത്ത അവഗണന; സിപിഎമ്മിനെതിരെ രൂക്ഷവിമര്‍ശനവുമായി സി.പി.ഐ തിരുവനന്തപുരം ജില്ലാ സമ്മേളനം; ഇടത് മുന്നണി വിടണമെന്ന് ആവശ്യം ശക്തം….

Spread the love

തിരുവനന്തപുരം: ഇടത് മുന്നണി വിടണമെന്ന് ആവശ്യവുമായി സി.പി.ഐ.

തിരുവനന്തപുരത്തെ സി.പി.ഐയുടെ ജില്ലാ സമ്മേളനത്തില്‍ രാഷ്ട്രീയ റിപോർട്ടിന്മേല്‍ നടന്ന പൊതുചർച്ചയിലാണ് പാർട്ടി ഇടത് മുന്നണി വിടണമെന്ന ആവശ്യം ഉയർന്നത്. സി.പി.ഐയെ എല്ലാരംഗത്തും താഴ്ത്തിക്കെട്ടാനാണ് സി.പി.എമ്മിൻ്റെ ശ്രമമെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ടാണ് പ്രതിനിധികള്‍ പാർട്ടി മുന്നണി വിടണമെന്ന ആവശ്യം ഉന്നയിച്ചത്.

വലിയ പാർട്ടി അവരാണെന്നതരത്തിലാണ് സിപിഎമ്മിന്റെ പ്രവർത്തനം. സിപിഐ മന്ത്രിമാർ ഭരിക്കുന്ന വകുപ്പുകളോട് തികഞ്ഞ അവഗണനയാണ് കാട്ടുന്നതെന്ന പരാതിയുമുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അവശ്യസാധനങ്ങള്‍ എത്തിക്കുന്ന സപ്ലൈകോയ്ക്ക് പണം അനുവദിക്കാൻ കൂട്ടാക്കാത്ത ധനവകുപ്പ്, സി.പി.എം ഭരിക്കുന്ന സഹകരണ വകുപ്പിന് കീഴിലുളള കണ്‍സ്യൂമർഫെഡിന് ഇഷ്ടംപോലെ സഹായം ലഭ്യമാക്കുന്നു എന്നും പ്രതിനിധികള്‍ വിമർശിച്ചു.

രണ്ടാം പിണറായി സർക്കാരിന് ഇടതുപക്ഷ സ്വഭാവം നഷ്ടപ്പെടുന്നു. സർക്കാർ കൈക്കൊളളുന്ന പല തീരുമാനങ്ങളും ഇടതുപക്ഷ സർക്കാരിന് ചേർന്ന രീതിയിലുളളതല്ല.
ഗവർണറുമായുളള ഏറ്റുമുട്ടലില്‍ സി.പി.എമ്മിന് ഇരട്ടത്താപ്പാണെന്നും രാഷ്ട്രീയ റിപോർട്ടിന്മേലുളള പൊതുചർച്ചയില്‍ പ്രതിനിധികള്‍ വിമർശിച്ചു. ഗവർണർക്കെതിരായ നിലപാടുകളില്‍ സി.പി.എമ്മിന് ഒട്ടും ആത്മാർത്ഥതയില്ല.

നിലപാടുകളില്‍ വെളളം ചേർക്കുന്നത് പതിവാണെന്നും പ്രതിനിധികള്‍ കുറ്റപ്പെടുത്തി. സി.പി.എം ഭരിക്കുന്ന വകുപ്പുകളില്‍ എല്ലാം വൻതോതില്‍ പിൻവാതില്‍ നിയമനങ്ങള്‍ നടക്കുന്നുണ്ടെന്നും ചർച്ചയില്‍ ആക്ഷേപം ഉയർന്നു.

സി.പി.ഐ മന്ത്രിമാർക്ക് എതിരെയും ജില്ലാ സമ്മേളനത്തിലെ ചർച്ചയില്‍ രൂക്ഷവിമർശനം നടന്നു. തലസ്ഥാന ജില്ലയിലെ സി.പി.ഐയെ അക്ഷരാർത്ഥത്തില്‍ കൈപ്പിടിയിലൊതുക്കിയ മന്ത്രി ജി.ആർ.അനിലാണ് ഏറ്റവും കൂടുതല്‍ വിമർശനം ഏറ്റുവാങ്ങിയത്.