
നഗരസഭാ അധ്യക്ഷ ലഹരി മാഫിയയ്ക്ക് ഒത്താശ ചെയ്യുന്നുവെന്ന ആരോപണം; പാർട്ടി നേതൃത്വം വടിയെടുത്തതോടെ ആരോപണം പരസ്യമായി പിൻവലിച്ച് സിപിഎം കൗൺസിലർ
പത്തനംതിട്ട: അടൂർ നഗരസഭാ അധ്യക്ഷ ലഹരി മാഫിയ്ക്ക് ഒത്താശ ചെയ്യുന്നുവെന്ന ആരോപണം പരസ്യമായി പിൻവലിച്ച് സിപിഎം കൗൺസിലർ. പാർട്ടി നേതൃത്വം വടിയെടുത്തതോടെയാണ് സ്വന്തം നഗരസഭ അധ്യക്ഷയ്ക്കെതിരായ ആരോപണം സിപിഎം കൗൺസിലർ റോണി പാണംതുണ്ടിൽ പിൻവലിച്ചത്.
സിപിഎം വാട്സ്അപ് ഗ്രൂപ്പിൽ നിന്ന് പുറത്തുവന്ന റോണിയുടെ ശബ്ദരേഖ ഏറെ വിവാദമായിരുന്നു. ലോക്കൽ കമ്മിറ്റി അംഗം കൂടിയായ സിപിഎം കൗൺസിലർ റോണി പാണംതുണ്ടിൽ പാർട്ടിയുടെ തന്നെ നഗരസഭ അധ്യക്ഷയ്ക്കെതിരെ ഉന്നയിച്ചത് ഗുരുതര ആരോപണമായിരുന്നു. സിപിഎം കൗൺസിലർമാരുടെ വാട്സ്അപ് ഗ്രൂപ്പിൽ നിന്നാണ് ശബ്ദരേഖ പുറത്തുവന്നത്.
ആരോപണത്തിൽ ഉറച്ചുനിൽക്കുന്നുവെന്ന് റോണി അടുത്ത ദിവസം വ്യക്തമാക്കിയതുമാണ്. എന്നാൽ, രണ്ടാഴ്ചയ്ക്കിപ്പുറം പറഞ്ഞതെല്ലാം അപ്പാടെ വിഴുങ്ങുകയാണ് റോണി. അടൂർ നഗരത്തിൽ ലഹരി വ്യാപനമുള്ള മേഖലകളിൽ വഴി വിളക്കുകൾ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത് നടക്കാത്തിലുള്ള വിഷമത്തിൽ വൈകാരികമായി പ്രതികരിച്ചതെന്ന വിചത്രമായ വിശദീകരണമാണ് റോണി പാണംതുണ്ടിൽ നൽകുന്നത്. റോണിയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്നും, പാർട്ടി അന്വേഷിച്ച് തള്ളിക്കളയുകയാണെന്നും സിപിഎം അടൂർ ഏരിയ സെക്രട്ടറി എസ്. മനോജ് വ്യക്തമാക്കിയിരുന്നു.
റോണിയും പാർട്ടി ഏരിയ സെക്രട്ടറിയും നഗരസഭ അധ്യക്ഷയ്ക്ക് ക്ലീൻചിറ്റ് നൽകിയതിനു പിന്നിൽ സിപിഎം നേതൃത്വത്തിന്‍റെ കർശന ഇടപെടലാണ്. നഗരസഭ അധ്യക്ഷ ദിവ്യ റെജി മുഹമ്മദ് സിപിഎം ഏരിയ കമ്മിറ്റി അംഗവും മഹിള അസോസിയേഷൻ നേതാവുമാണ്. റോണിയുടെ ആരോപണത്തിനെതിരെ അവർ സംസ്ഥാന നേതൃത്വത്തിന് പരാതി നൽകുകയും വക്കീൽ നോട്ടീസ് അയയ്ക്കുകയും ചെയ്തു. വിവാദം കൂടുതൽ ആളിക്കത്തും മുൻപ് അവസാനിപ്പിക്കണമെന്ന് ഇതോടെ നേതൃത്വം കർശന നിർദേശം നൽകി.
അങ്ങനെയാണ് വാർത്താസമ്മേളനം വിളിച്ച് ആരോപണം പറഞ്ഞവർ തന്നെ വിഴുങ്ങിയത്. അതേസമയം, ദിവ്യ റെജി മുഹമ്മദിന്‍റെ നഗരസഭ അധ്യക്ഷ സ്ഥാനം തെറിപ്പിക്കാൻ സിപിഎം പ്രാദേശിക നേതാക്കളിൽ ചിലർ റോണിയെ ഉപയോഗിച്ചതാണെന്നും അവർക്കുള്ള തിരിച്ചടിയാണ് നേതൃത്വത്തിന്‍റെ ഇടപെടിലെന്നുമാണ് ഒരുവിഭാഗം സിപിഎം നേതാക്കൾ പറയുന്നത്.