പോസ്റ്റർ എഴുതുന്നതിനെച്ചൊല്ലി തർക്കം: തിരുവാതുക്കലിൽ സംഘർഷം: ബിജെപി പ്രകടനവും സിപിഎം കൺവൻഷനും നേർക്കുനേർ; രണ്ടു ബിജെപി പ്രവർത്തകർക്ക് പരിക്ക്; മൂന്നു സിപിഎം പ്രവർത്തകർ അറസ്റ്റിൽ; പ്രദേശത്ത് വൻ പൊലീസ് സന്നാഹം
സ്വന്തം ലേഖകൻ
കോട്ടയം: പോസ്റ്റർ എഴുതുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് തിരുവാതുക്കലിൽ സിപിഎം ബിജെപി സംഘർഷം. രണ്ടു ബിജെപി പ്രവർത്തകർക്ക് പരിക്കേറ്റപ്പോൾ, മൂന്നു സിപിഎം പ്രവർത്തകർ പൊലീസ് കസ്റ്റഡിയിലായി. സംഭവത്തിൽ പ്രതിഷേധിച്ച് ബിജെപി പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തിയത് സിപിഎം തിരഞ്ഞെടുപ്പ് കൺവൻഷൻ വേദിയ്ക്കരികിൽ വരെയെത്തി. കൺവൻഷൻ വേദിയ്ക്ക് നൂറു മീറ്റർ അകലെ വച്ച് പൊലീസ് പ്രകടനം തടഞ്ഞതോടെ വൻ സംഘർഷം ഒഴിവായി. സംഭവത്തിൽ ബിജെപി പ്രവർത്തകരും തിരുവാതുക്കൽ സ്വദേശികളുമായ ബിനീഷ് കുമാർ, റെജിമോൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്ത സിപിഎം പ്രവർത്തകരായ വെളൂർ കല്ലുപുരയ്ക്കൽ മുടിശേരിൽ വീട്ടിൽ പ്രവീൺ (35) , വേളൂർ കുരിക്കശേരിൽ വീട്ടിൽ നിധിൻ കെ.ഷിബു (26), വേളൂർ പതിനഞ്ചിൽക്കടവിൽ കുറ്റിക്കൽ വീട്ടിൽ അജുൻ (29) എന്നിവരെയാണ് വെസ്റ്റ് സി.ഐ അറസ്റ്റ് ചെയ്തു. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.
ശനിയാഴ്ച അർധരാത്രിയോടെ തിരുവാതുക്കലിലായിരുന്നു അക്രമസംഭവങ്ങൾ ഉണ്ടായത്. തിരുവാതുക്കലിലനു സമീപം ബിജെപി പ്രവർത്തകർ ചുവരെഴുത്ത് നടത്തുകയായിരുന്നു. ഇതിനിടെ ഇതുവഴി എത്തിയ സിപിഎം പ്രവർത്തകരും ചുവരെഴുതുകയായിരുന്ന ബിജെപി പ്രവർത്തകരും തമ്മിൽ വാക്കേറ്റമുണ്ടായി. ഇതേ തുടർന്ന് സിപിഎം പ്രവർത്തകർ പ്രകോപനമൊന്നുമില്ലാതെ തങ്ങളെ ആക്രമിക്കുകയായിരുന്നുവെന്നു ബിജെപി പ്രവർത്തകർ ആരോപിച്ചു. എന്നാൽ, ഇടതു മുന്നണി ബുക്ക് ചെയ്ത മതിലിൽ ബിജെപി പ്രവർത്തകർ സ്ഥാനാർത്ഥിയുടെ പേര് എഴുതിയതാണ് പ്രശ്‌നങ്ങൾക്ക് കാരണമായതെന്നു സിപിഎമ്മും ആരോപിച്ചു. ആക്രമണത്തിൽ പരിക്കേറ്റവരെ ഉടൻ തന്നെ ജനറൽ ആശുപത്രിയിൽ പ്രവേശിച്ചു. ആക്രമണം നടത്തിയ മൂന്നു സിപിഎം പ്രവർത്തകരെ രാവിലെ തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഇതിനിടെ ആക്രമണത്തിൽ പ്രതിഷേധിച്ച് ബിജെപി നേതൃത്വത്തിൽ ഞായറാഴ്ച വൈകിട്ട് അഞ്ചരയോടെ തിരുവാതുക്കലിൽ പ്രതിഷേധം പ്രകടനം നടത്തി. അക്രമമുണ്ടായ സാഹചര്യത്തിൽ പ്രകടനം നടത്തരുതെന്ന പൊലീസ് വിലക്ക് ലംഘിച്ചാണ് ബിജെപി പ്രവർത്തകർ പ്രകടനം നടത്തിയത്. ബിജെപി പ്രകടനം നടക്കുമ്പോൾ തന്നെയാണ് തിരുവാതുക്കലിൽ ഇടതു മുന്നണിയുടെ തിരഞ്ഞെടുപ്പ് കൺവൻഷനും നടന്നിരുന്നത്. കൺവൻഷൻ വേദിയ്ക്ക് നൂറു മീറ്റർ മുൻപിലായി പൊലീസ് ബിജെപി പ്രകടനം തടഞ്ഞു. ഇതിനിടെ ഇരുകൂട്ടരും പ്രകോപന പരമായി മുദ്രാവാക്യം വിളിച്ചത് സംഘർഷ സാധ്യത വർധിപ്പിച്ചു. തുടർന്ന് പ്രശ്‌നങ്ങളില്ലാതെ ബിജെപി പ്രവർത്തകർ പിരിഞ്ഞ് പോകുകയായിരുന്നു.