
സി.പി.എമ്മുകാരനായ അനിയനെ സഹായിക്കാൻ സംസ്ഥാന നേതാവായ കോൺഗ്രസുകാരൻ: അനിയൻ മത്സരിക്കുന്ന സീറ്റ് ആർ.എസ്.പിയ്ക്കു വിട്ടു നൽകി കോൺഗ്രസ് നേതാവിന്റെ ഉപകാരം; കെ.പി.സി.സി പ്രസിഡന്റിനു പരാതിയുമായി കോൺഗ്രസ് പ്രവർത്തകർ
സ്വന്തം ലേഖകൻ
കോട്ടയം: സി.പി.എമ്മുകാരനായ അനിയനെ സഹായിക്കാൻ കോൺഗ്രസ് നേതാവിന്റെ ഒത്തുകളി. എരുമേലി പഞ്ചായത്തിലെ തുമരം പാറ സീറ്റിലെ സ്ഥാനാർത്ഥിയെ നിർണ്ണയിച്ചതിലാണ് കോൺഗ്രസ് നേതാവിന്റെ ഒത്തുകളിയുള്ളത്. സീറ്റ് ആർ.എസ്.പി എന്ന കോട്ടയത്ത് കാര്യമായ സ്വാധീനമില്ലാത്ത ചെറുകക്ഷിക്ക് നൽകിയാണ് ഒത്തു കളിച്ചിരിക്കുന്നത്. കോൺഗ്രസ് പാർട്ടിയ്ക്കു വിജയിക്കാമായിരുന്ന സീറ്റ് മുന്നണിയിലെ ദുർബല കക്ഷിയ്ക്കു വിട്ടു നൽകിയതിനെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്.
കോൺഗ്രസിന്റെ സംസ്ഥാന നേതാവിന്റെ സഹോദരനാണ് എരുമേലിയിൽ മത്സരിക്കുന്നത്. ഇദ്ദേഹം സി.പി.എം നേതാവുമാണ്. കോൺഗ്രസിലെയും യു.ഡി.എഫിലെയും സീറ്റു നിർണ്ണയ ചർച്ചകൾ ആരംഭിച്ചപ്പോൾ മുതൽ അനിയനെ സഹായിക്കാൻ ചേട്ടൻ കരുക്കൾ നീക്കിയിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏറ്റവും ഒടുവിലാണ് ആർ.എസ്.പിയ്ക്കു തന്നെ സീറ്റ് നൽകാൻ ധാരണയായത്. തുടർന്നു, യു.ഡി.എഫ് സീറ്റ് ധാരണയിൽ ഒത്തു തീർപ്പാക്കുകയായിരുന്നു. എന്നാൽ, ഇത് സി.പി.എം നേതാവായ സഹോദരനുമായുള്ള കോൺഗ്രസ് സംസ്ഥാന നേതാവിന്റെ ഒത്തുകളിയാണ് എന്ന ആരോപണമാണ് കോൺഗ്രസിലെ ഒരു വിഭാഗം ഉയർത്തുന്നത്. ഈ ആരോപണം ഉന്നയിച്ച് പ്രവർത്തകർ സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിനും കെ.പി.സി.സി പ്രസിഡന്റിനും അടക്കം കത്തു നൽകിയിട്ടുണ്ട്.
നിർണ്ണായകമായ തിരഞ്ഞെടുപ്പിൽ വിജയ സാധ്യതയുള്ള ഒരു സീറ്റ് മുന്നണിയിലെ ഏറ്റവും ദുർബലമായ ഘടകകക്ഷിയ്ക്കു കൈവിട്ടു നൽകിയതിലൂടെ കോൺഗ്രസ് നേതൃത്വം അക്ഷരാർത്ഥത്തിൽ പ്രവർത്തകരെ ചതിക്കുകയാണ് എന്നാണ് ആരോപണം ഉയരുന്നത്.