
തിരുവനന്തപുരം : ശബരിമല സ്വർണ്ണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയും കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയും തമ്മിലുള്ള കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ കോണ്‍ഗ്രസിനെതിരെ തുടർന്നും രാഷ്ട്രീയ ആയുധമാക്കാനൊരുങ്ങി സിപിഎം. തന്ത്രപ്രധാനമായ സുരക്ഷയുള്ള സോണിയ ഗാന്ധിയെ പോറ്റി എങ്ങനെ നേരില്‍ കണ്ടുവെന്നും ഈ കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ കോണ്‍ഗ്രസ് വ്യക്തമാക്കണമെന്നുമാണ് സിപിഎംന്റെ ആവശ്യം.
ബെല്ലാരിയിലെ സ്വർണ്ണ വ്യാപാരി ഗോവർദ്ധനൊപ്പമാണ് പോറ്റി സോണിയ ഗാന്ധിയെ കണ്ടതെന്നാണ് പുറത്തുവരുന്ന വിവരം. ഇവരുടെ സന്ദർശനത്തിന് പിന്നില്‍ അന്തർസംസ്ഥാന ബന്ധങ്ങളുണ്ടെന്നും സിപിഎം ആരോപിക്കുന്നു. തിരക്കേറിയ പൊതുവേദികളില്‍ ആർക്കും പകർത്തിയെടുക്കാവുന്ന ചിത്രങ്ങളല്ല സോണിയ ഗാന്ധിയുടേതെന്നും, അവരുടെ വസതിയില്‍ വെച്ച് നടന്ന സ്വകാര്യ കൂടിക്കാഴ്ചയാണിതെന്നും സിപിഎം ചൂണ്ടിക്കാട്ടി.
എന്നാല്‍ തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിയില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് സിപിഎം പഴയ ചിത്രങ്ങള്‍ കുത്തിപ്പൊക്കുന്നതെന്നാണ് കോണ്‍ഗ്രസിന്റെ വാദം..ശബരിമല സ്വർണ്ണക്കവർച്ച കേസില്‍ പ്രത്യേക അന്വേഷണ സംഘം അന്വേഷണം ഊർജിതമാക്കിയിരിക്കെയാണ് ഈ രാഷ്ട്രീയ പോര് മുറുകുന്നത്. സ്വർണ്ണത്തിന് പകരം വില കുറഞ്ഞ ലോഹങ്ങള്‍ ഉപയോഗിച്ചതായും അന്താരാഷ്ട്ര പുരാവസ്തു മാഫിയയ്ക്ക് ഇതില്‍ പങ്കുണ്ടെന്നും നേരത്തെ ആരോപണങ്ങള്‍ ഉയർന്നിരുന്നു. ഉണ്ണികൃഷ്ണൻ പോറ്റിയെ ശബരിമലയില്‍ കൊണ്ടുവന്നത് യുഡിഎഫ് സർക്കാരിന്റെ കാലത്താണെന്ന് സിപിഎം ആരോപിക്കുമ്ബോള്‍, നിലവിലെ അന്വേഷണത്തില്‍ നിന്ന് രക്ഷപ്പെടാനുള്ള സർക്കാരിന്റെ അടവാണിതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group


