
പോലീസിൽ പരാതി നൽകിയതിലുള്ള വിരോധം ; വീട്ടമ്മയുടെ തട്ടുകട അടിച്ചു തകർത്തു ; സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ ചിങ്ങവനം പൊലീസ് കേസെടുത്തു ; സിപിഎം മുട്ടം എരമശേരി ബ്രാഞ്ച് സെക്രട്ടറി കുറ്റുവേലിൽ സന്തോഷിനെതിരെയാണ് കേസ് ; ബ്രാഞ്ച് സെക്രട്ടറിക്കെതിരെ പാർട്ടിക്കുള്ളിലും വിമർശനം
കോട്ടയം : വീട്ടമ്മയുടെ തട്ടുകട അടിച്ചു തകർത്ത സംഭവത്തിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ ചിങ്ങവനം പൊലീസ് കേസെടുത്തു. സിപിഎം മുട്ടം എരമശേരി ബ്രാഞ്ച് സെക്രട്ടറി കുറ്റുവേലിൽ സന്തോഷിനെതിരെയാണ് കേസെടുത്തത്.
ചങ്ങനാശേരി പൂവം പനച്ചിക്കാവ് ചക്കച്ചാംപറമ്പ് കാഞ്ചന സുകു എംസി റോഡിൽ മുളങ്കുഴ ജംക്‌ഷനിൽ നടത്തിയിരുന്ന കടയാണ് ബ്രാഞ്ച് സെക്രട്ടറി കഴിഞ്ഞ ദിവസം രാത്രി അടിച്ചുതകർത്തത്. ബ്രാഞ്ച് സെക്രട്ടറിയുടെ ഭീഷണി ലോക്കൽ സെക്രട്ടറിയെ അറിയിച്ചപ്പോൾ ഇടപെടാൻ പറ്റില്ലെന്നായിരുന്നു മറുപടി. ഉപജീവനത്തിനു കഷ്ടപ്പെടുന്ന തന്നെപ്പോലൊരു വീട്ടമ്മ സഹായം തേടി രാത്രിയിൽ സിപിഎം നേതൃത്വത്തെ സമീപിച്ചപ്പോൾ ഇങ്ങനെയാണോ പെരുമാറേണ്ടതെന്നും കാഞ്ചന ചോദിക്കുന്നു.
തട്ടുകട അടിച്ചു തകർത്ത സംഭവത്തിനു മുൻപ് വീട്ടമ്മയെ ബ്രാഞ്ച് സെക്രട്ടറി ഭീഷണിപ്പെടുത്തുകയും മോശമായി പെരുമാറുകയും ചെയ്തിരുന്നു. അഞ്ചിനു രാത്രി 11.10നു ബ്രാഞ്ച് സെക്രട്ടറി തട്ടുകടയിൽ ഭക്ഷണം കഴിക്കാനെത്തി. കഴിച്ചശേഷം കാലിന്റെ വിരലിൽ ചവിട്ടി മോശമായി പെരുമാറി. മുൻപു ലോക്കൽ സമ്മേളനം നടത്തിപ്പിന് 5000 രൂപ ആവശ്യപ്പെട്ടും പാർട്ടി പത്രം വരുത്തണമെന്നു പറഞ്ഞും പണം ചോദിച്ചു. ഇതു രണ്ടും വിസമ്മതിച്ചതോടെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെ എത്തിച്ച് പരിശോധന നടത്തി കട പൂട്ടിക്കാനും നേതാവ് ശ്രമിച്ചെന്നും കാഞ്ചന പറയുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാട്ടുകാർ തടഞ്ഞതോടെ ഉദ്യോഗസ്ഥ സംഘം പരിശോധന ഉപേക്ഷിച്ച് സ്ഥലംവിട്ടു. ജാതീയമായി ആക്ഷേപിക്കുകയും മോശമായി പെരുമാറുകയും ചെയ്ത സംഭവത്തിൽ ജില്ലാ പൊലീസ് മേധാവിക്കു കാഞ്ചന പരാതി നൽകിയിരുന്നു. ഇതോടെയാണു ബ്രാഞ്ച് സെക്രട്ടറിക്കു വിരോധമുണ്ടായതും കട അടിച്ച് തകർത്തതും. വീട്ടമ്മയുടെ കട തകർത്തതിൽ ബ്രാഞ്ച് സെക്രട്ടറിക്കെതിരെ പാർട്ടിക്കുള്ളിലും വിമർശനം ഉയർന്നു. ബ്രാഞ്ച് സെക്രട്ടറിയെ മാറ്റി മുഖം രക്ഷിക്കാനുള്ള ചർച്ചകളും പാർട്ടിയിൽ നടക്കുന്നുണ്ടെന്നാണ് സൂചന.