
ഏത് സന്ദർഭത്തിലും സിപിഎമ്മിനെ കൈവിടാതെ കാത്ത സീറ്റാണ് തളിപ്പറമ്പ് നിയമസഭാ മണ്ഡലം. മണ്ഡല രൂപീകരണത്തിന് ശേഷം നടന്ന 14 തെരഞ്ഞെടുപ്പില്‍ പതിമൂന്നും ജയിച്ചത് ഇടതുപക്ഷമായിരുന്നു. എന്നാൽ പാർട്ടി സെക്രട്ടറി എംവി ഗോവിന്ദൻ ഇത്തവണ മത്സരത്തിനില്ലെന്ന് ഉറപ്പായതോടെ മണ്ഡലം നിലനിർത്താൻ മികച്ചൊരു സ്ഥാനാർത്ഥിയെ തേടികൊണ്ടിക്കുകയാണ് സിപിഎം.
തളിപ്പറമ്പ്- എംവി രാഘവനും സികെപി പത്മനാഭനും ഒടുവില്‍ എംവി ഗോവിന്ദനും പ്രതിനിധീകരിച്ച മണ്ഡലം, മാധ്യമ പ്രവർത്തകരായ രണ്ട് സിപിഎം നേതാക്കളും പരിഗണന പട്ടികയിലുണ്ടെന്നാണ് വിവരം, അച്ഛൻ ജയിച്ചു കയറിയ മണ്ഡലത്തില്‍ അടുത്ത പരീക്ഷണത്തിനിറങ്ങുമോ എംവി നികേഷ് കുമാർ, പാർട്ടിയില്‍ എംവി ആറിനുണ്ടായിരുന്ന ആഴം നികേഷിനുണ്ടോയെന്നും പിന്നീടുണ്ടായ അകല്‍ച്ച നിലനില്‍ക്കുന്നുണ്ടോ എന്നതുമാണ് പാർട്ടിയെ ഇരുത്തി ചിന്തിപ്പിക്കുന്നത്. അഴീക്കോട്ടെ തോല്‍വിയും പാർട്ടിവോട്ടും പ്രധാനഘടകങ്ങളാണ്.
താരമുഖമായി രാജ്യസഭാംഗം ജോണ്‍ ബ്രിട്ടാസിറങ്ങിയാലും അത്ഭുതമില്ല. സിപിഎം സംസ്ഥാന കമ്മിറ്റിയംഗം ബിജു കണ്ടക്കൈ, മുൻ എംഎല്‍എ ജെയിംസ് മാത്യുവിന്റെ ഭാര്യയും ജില്ലാ കമ്മിറ്റിയംഗവുമായ എൻ സുകന്യ, എംവി ഗോവിന്ദന്റെ ഭാര്യയും ആന്തൂർ നഗരസഭാ മുൻ ചെയർപേഴ്സണുമായ പികെ ശ്യാമള എന്നീ പേരുകളും മണ്ഡലത്തിലുയർന്നു കേള്‍ക്കുന്നുണ്ട്. രണ്ട് മുനിസിപ്പാലിറ്റിയും ഏഴ് പഞ്ചായത്തുമുളള മണ്ഡലത്തില്‍ ആറും എല്‍ഡിഎഫിനൊപ്പമാണ്. പ്രതിപക്ഷമില്ലാത്ത ആന്തൂരും എതിരില്ലാതെ ജയിക്കുന്ന മലപ്പട്ടവും കരുത്താണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പക്ഷേ പത്തുവർഷത്തിനിടെ വളർച്ച താഴോട്ടെന്നാണ് കണക്ക്. 2016 ല്‍ നാല്‍പ്പതിനായിരം ഭൂരിപക്ഷമുണ്ടായിരുന്നെങ്കില്‍ 2021 ലത് 20000 ലേക്ക് എത്തി. ഒടുവില്‍ കഴിഞ്ഞ തദ്ദേശത്തില്‍ 7611 ആണ് മണ്ഡലത്തിലെ എല്‍ഡിഎഫ് ലീഡ്.




