
തിരുവനന്തപുരം: പാർട്ടി അംഗങ്ങളും ലീഡർഷിപ്പിലുളളവരും മദ്യപിക്കരുതെന്ന കർശന നിർദ്ദേശവുമായി സി.പി.ഐ.
വെളളിയാഴ്ച അവസാനിച്ച സംസ്ഥാന കൗണ്‍സില്‍ അംഗീകരിച്ച പുതുക്കിയ പെരുമാറ്റച്ചട്ടത്തിലാണ് മദ്യപാനം വിലക്കിയിരിക്കുന്നത്.
മദ്യപാനം ഒരു ശീലമാക്കുകയോ പൊതു സ്ഥലങ്ങളില്‍ മദ്യപിച്ച നിലയില്‍ പങ്കെടുത്ത് പാർട്ടിയുടെ യശസിന് കളങ്കം ഉണ്ടാക്കുയോ ചെയ്യരുത്.
മദ്യവർജ്ജനമാണ് പാർട്ടിയുടെ നയമെന്നും സമൂഹം ഉയർത്തിപ്പിടിക്കുന്ന സദാചാര മൂല്യങ്ങള്‍ പരിരക്ഷിക്കുകയും വേണമെന്നാണ് പുതുക്കിയ പെരുമാറ്റച്ചട്ടത്തിലെ നിർദ്ദേശം.
സദാചാര മൂല്യങ്ങള്‍ പരിരക്ഷിക്കുന്നതിനൊപ്പം സ്വന്തം വ്യക്തിജീവിതത്തില്‍ കൂടി മറ്റുളളവർക്ക് മാതൃകയാകണം.
പൊതുവില്‍ ബഹുജനങ്ങളുടെ ഇടയില്‍ ബഹുമാനവും വിശ്വാസവും വളർത്തുന്ന തരത്തിലായിരിക്കണം സഖാക്കളുടെ പെരുമാറ്റമെന്നും പുതുക്കിയ പെരുമാറ്റച്ചട്ടം നിർദ്ദേശിക്കുന്നുണ്ട്.
സഖാക്കളുടെ വ്യക്തി പരമായ ബന്ധങ്ങള്‍ പ്രവർത്തിക്കുന്ന സ്ഥലത്തെ പാർട്ടി അണികളും വളരെശ്രദ്ധയോടെ വീക്ഷിക്കും. അനാഢംബരമായും കളങ്കരഹിതമായും ലളിതമായും ജീവിക്കുകയും മറ്റ് പാർട്ടി അംഗങ്ങള്‍ക്ക് മാതൃകയായി ജീവിക്കുകയും വേണം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഓരോ പാർട്ടി ഘടകത്തിലെയും സഖാക്കള്‍ ഉളളുതുറന്നും സത്യസന്ധമായതുമായ സമീപനം കൈക്കൊളളണം.
സഖാക്കള്‍ പാർട്ടിയില്‍ നിന്ന് ഒന്നും ഒളിച്ചുവെക്കരുതെന്നും പൊതുജീവിതത്തിനും സ്വകാര്യ ജീവിതത്തിനും ഇടയില്‍ അതിർ വരമ്പുകള്‍ ഉണ്ടാകരുതെന്നും പെരുമാറ്റച്ചട്ടം നിർദ്ദേശിക്കുന്നു.
പാർട്ടിയുടെ പേരില്‍ നടക്കുന്ന പണപ്പിരിവിനും കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. നേതാക്കള്‍ ഒറ്റയ്ക്ക് പോയി പിരിവ് നടത്തരുത് എന്നതാണ് നിർദ്ദേശം.
പിരിവിൻെറ കണക്ക് കൃത്യമായി സൂക്ഷിച്ച് ബന്ധപ്പെട്ട ഘടകങ്ങളെ ബോധ്യപ്പെടുത്തുകയും വേണം.
പാർട്ടിയുടെ ഉപരിഘടകത്തിലുളളവർ സ്വന്തം ഘടകത്തിൻെറ തീരുമാനത്തിന് വിധേയമായി ബന്ധപ്പെട്ട കീഴ് ഘടകങ്ങളിലെ പാർട്ടി സെക്രട്ടറിമാർ അറിഞ്ഞുകൊണ്ടുമാത്രമേ പാർട്ടി സംഘടനകളുടെ ആവശ്യത്തിനോ ബഹുജനസംഘടനകളുടെ ആവശ്യത്തിനോ മറ്റേതെങ്കിലും പ്രദേശത്ത് നിന്നും സംഭാവനയോ സഹായമോ സ്വീകരിക്കാവു.
ഏത് ആവശ്യത്തിന് എത്ര രൂപ സംഭരിച്ചു എന്തെല്ലാം സഹായം സ്വീകരിച്ചു എന്നത് കഴിയുന്നത്ര വേഗം ബന്ധപ്പെട്ട ഘടകങ്ങളെ അറിയിച്ച് ഫണ്ട് പിരിവിൻെറ സുതാര്യത ഉറപ്പാക്കണമെന്നും പെരുമാറ്റച്ചട്ടം നിർദ്ദേശിക്കുന്നു.
നേതാക്കള്‍ വിദേശത്ത് പോയി നടത്തുന്ന പണപ്പിരിവുകള്‍ക്കും സി.പി.ഐ നിയന്ത്രണം കൊണ്ടു വന്നിട്ടുണ്ട്. വിദേശ രാജ്യങ്ങള്‍ സന്ദർശിക്കുകയോ സമ്പത്ത് സമാഹരിക്കുകയോ മറ്റ് സഹായങ്ങള്‍ സ്വീകരിക്കുകയോ ചെയ്യുമ്പോള്‍ സംസ്ഥാന എക്സിക്യൂട്ടിവിനെ യാത്രോദ്ദേശം അറിയിച്ച് അനുമതി വാങ്ങണം.
എക്സിക്യൂട്ടിവിൻെറ അംഗീകാരത്തിന് വിധേയമായെ യാത്രയും സമ്പത്ത് സമാഹരണവും പാടുളളുവെന്നാണ് നിർദ്ദേശം.
ഉപരി ഘടകങ്ങളിലെ സഖാക്കള്‍ക്ക് സംഘടനകളോ വ്യക്തികളോ നല്‍കുന്ന വിലപ്പെട്ട ഉപഹാരങ്ങള്‍ ബന്ധപ്പെട്ട പാർട്ടി ഘടകങ്ങള്‍ക്കോ ബഹുജന സംഘടനകള്‍ക്കോ നല്‍കണം.
അത് സ്വന്തം ഘടകത്തിനെ അറിയിക്കുകയും വേണം.പാർട്ടി അംഗങ്ങളും നേതാക്കളും വിവാഹവുമായി ബന്ധപ്പെട്ട് സ്ത്രീധനം വാങ്ങുകയോ നല്‍കുകയോ ചെയ്യരുതെന്നും പെരുമാറ്റച്ചട്ടം നിർദ്ദേശിക്കുന്നുണ്ട്.
വിവാഹത്തോട് അനുബന്ധിച്ച് നടത്തുന്ന ചടങ്ങുകളും മറ്റ് ചടങ്ങുകളും ലളിതമായും ആർഭാടരഹിതമായും നടത്തണം.
അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ജാതീയതയും പ്രചരിപ്പിക്കുന്ന ചടങ്ങുകളില്‍ പങ്കെടുക്കരുതെന്നും സിപിഐ അംഗങ്ങളെ ഓർമ്മിപ്പിക്കുന്നുണ്ട്.