
സ്വന്തം ലേഖകൻ
തിരുവല്ല : പെരിങ്ങരയില്‍ സിപിഎം ലോക്കല്‍ സെക്രട്ടറി കുത്തേറ്റു മരിച്ച സംഭവത്തില്‍ നാല് പ്രതികള്‍ പിടിയില്‍. പെരിങ്ങര സ്വദേശി കണിയാംപറന്പില്‍ ജിഷ്ണു, നന്ദു, പ്രമോദ്, ജിനാസ് (ഫൈസി) എന്നിവരാണ് പിടിയിലായത്. ഇന്ന് പുലര്‍ച്ചെ ആലപ്പുഴ കരുവാറ്റയില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്. മുഖ്യപ്രതി ജിഷ്ണു ചാത്തങ്കേരി മുന്‍ യുവമോര്‍ച്ച പെരിങ്ങര പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റാണ്
വ്യാഴാഴ്ച രാത്രി എട്ടരയോടെയാണു പെരിങ്ങര ചാത്തങ്കരി പുത്തന്‍വീട്ടില്‍ പി ബി സന്ദീപ് (32) കുത്തേറ്റ് മരിച്ചത്. മുന്‍ പഞ്ചായത്ത് അംഗം കൂടിയാണ് സന്ദീപ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
27 വര്‍ഷത്തിന് ശേഷം പെരിങ്ങര പഞ്ചായത്ത് ഭരണം എല്‍ഡിഎഫ് തിരിച്ചുപിടിച്ചതില്‍ സന്ദീപിന്റെ പങ്ക് നിര്‍ണായകമായിരുന്നു. പ്രദേശത്ത് നിരവധി ബിജെപി പ്രവര്‍ത്തകര്‍ സിപിഐ എമ്മിനൊപ്പം ചേര്‍ന്നിരുന്നു.
നിരവധി ക്രിമിനല്‍ കേസില്‍ പ്രതിയായ ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ കണാപറമ്പില്‍ ജിഷ്ണു അടക്കമുള്ള അഞ്ചംഗ സംഘമാണ് കൊലപാതകത്തിനു പിന്നിലെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.ജിഷ്ണുവും സന്ദീപുമായി വ്യക്തിവൈരാഗ്യം നില നിന്നിരുന്നു. പാര്‍ട്ടി പരമായ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായും പറയുന്നു.
ചാത്തങ്കരി എസ്എന്‍ഡിപി സ്‌കൂളിനു സമീപത്തുവച്ചാണ് സന്ദീപിനു കുത്തേറ്റത്. 11 കുത്തേറ്റ സന്ദീപിനെ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. പ്രതികള്‍ ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്നു സിപിഎം ആരോപിച്ചിരുന്നു.
പെരിങ്ങരയിലെ ഒരു വ്യാപാരിയുമായി പ്രതികള്‍ സിഗരറ്റ് വാങ്ങിയതുമായി ബന്ധപ്പെട്ട തര്‍ക്കം ഉണ്ടായി. ഇതു പറഞ്ഞുതീര്‍ക്കാന്‍ സന്ദീപ് ശ്രമിച്ചിരുന്നു. ഇതിനിടെ സന്ദീപുമായി ഇവര്‍ തര്‍ക്കത്തിലായി. കടയില്‍നിന്നു പോയ സന്ദീപിനെ പിന്നാലെ ബൈക്കിലെത്തിയ സംഘം കുത്തിവീഴ്ത്തുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.
ലോക്കല്‍ സെക്രട്ടറിയുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് തിരുവല്ലയില്‍ വെള്ളിയാഴ്ച സിപിഎം ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. രാവിലെ ആറു മുതല്‍ വൈകുന്നേരം ആറ് വരെയാണ് ഹര്‍ത്താല്‍. നഗരസഭയിലും പെരിങ്ങര അടക്കം അഞ്ച് പഞ്ചായത്തുകളിലുമാണ് ഹര്‍ത്താല്‍.