
എം എ ബേബി നയിക്കും : ഇഎംഎസിന് ശേഷം ജനറല്‍ സെക്രട്ടറി പദവിയിലെത്തുന്ന മലയാളി ; സിപിഎമ്മിന്റെ പുതിയ ജനറല്‍ സെക്രട്ടറിയായി എംഎ ബേബിയെ തിരഞ്ഞെടുത്തു
മധുര : സിപിഎമ്മിന്റെ പുതിയ ജനറല്‍ സെക്രട്ടറിയായി എംഎ ബേബിയെ തിരഞ്ഞെടുത്തു. സിപിഎം പൊളിറ്റ് ബ്യൂറോ ശുപാർശ അംഗീകരിച്ചതോടെയാണ് നിയമനം.
ഇഎംഎസിന് ശേഷം ജനറല്‍ സെക്രട്ടറി പദവിയിലെത്തുന്ന മലയാളിയാണ് എംഎ ബേബി. ഇന്നലെ രാത്രിയില്‍ ചേർന്ന പിബി യോഗത്തില്‍ ധാരണയായെങ്കിലും ഇന്നത്തെ പാർട്ടി കോണ്‍ഗ്രസിലാണ് ഔദ്യോഗികമായി അംഗീകാരം നല്‍കിയത്.
എംഎ ബേബിക്ക് പുറമെ മഹാരാഷ്ട്രയില്‍ നിന്നുള്ള പിബി അംഗം അശോക് ധാവ്‌ലെയുടെയും ആന്ധ്രയില്‍ നിന്നുള്ള രാഘവലുവിന്റെയും പേരുകളാണ് ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് തുടക്കം മുതല്‍ കേട്ടിരുന്നത്. താൻ ജനറല്‍ സെക്രട്ടറി പദത്തിലേക്കില്ലെന്ന സൂചന രാഘവലു കഴിഞ്ഞ ദിവസം വാർത്താ സമ്മേളനത്തില്‍ തന്നെ നല്‍കിയിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരള അംഗങ്ങള്‍ക്കു പുറമെ പിബി കോ- ഓർഡിനേറ്റർ പ്രകാശ് കാരാട്ട് ഉള്‍പ്പെടെയുള്ളവരുടെ പിന്തുണ എംഎ ബേബിക്കായിരുന്നു. മാത്രമല്ല, പിബിയിലെ മുതിർന്ന അംഗങ്ങളില്‍ ഒരാളുമാണ് ബേബി. എന്നാല്‍, സമീപകാലത്ത് കർഷക സമരത്തിനും മറ്റും ശക്തമായ നേതൃത്വം നല്‍കിയ ധാവ്‌ലെ ജനറല്‍ സെക്രട്ടറിയാവുന്നത് പാർട്ടിക്ക് ഭാവിയില്‍ ഗുണം ചെയ്യുമെന്ന നിലപാടാണ് ബംഗാള്‍ ഘടകം കൈക്കൊണ്ടത്.
പാർട്ടിക്ക് ശക്തമായ അടിത്തറയും തുടർഭരണവുമുള്ള കേരളത്തില്‍ നിന്നുള്ള അംഗം ജനറല്‍ സെക്രട്ടറി പദവിയിലെത്തിയാല്‍ അത് സംഘടനയുടെ വളർച്ചയില്‍ നിർണായക സ്വാധീനം ചെലുത്തുമെന്ന വാദഗതിയും ശക്തമായി. ഇതാണ് ബേബിയെ തിരഞ്ഞെടുക്കാനുള്ള പ്രധാന കാരണമായത്.