പൂഞ്ഞാർ: പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്തിലെ വികസന വിരുദ്ധ വ്യാജപ്രചരണത്തിനെതിരെ മറുപടിയുമായി സിപിഐ (എം). പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് ബസ് സ്റ്റാൻഡിൽ ബസ് വേ നിർമ്മാണം സിപിഐ (എം) തടസ്സപ്പെടുത്തിയെന്ന കോൺഗ്രസിൻ്റെ വ്യാജപ്രചരണം ജനങ്ങൾ തിരിച്ചറിയണം.
പഞ്ചായത്തിൻ്റെ ഭരണത്തിന് നേതൃത്വം നൽകുന്നത് ബിജെപി പിന്തുണയ്ക്കുന്ന പ്രസിഡൻ്റും, മഹിളാ കോൺഗ്രസ് ജില്ലാ നേതാവ് വൈസ് പ്രസിഡൻ്റുമായിട്ടുള്ള കൂട്ടുകക്ഷി കൊള്ള സംഘമാണ്. ഈ ബിജെപി – കോൺഗ്രസ് കൂട്ടുകെട്ടിൻ്റെ മറവിൽ പഞ്ചായത്തിൽ വലിയ അഴിമതിയും കൊള്ളയും സ്വജനപക്ഷപാതവുമാണ് നടക്കുന്നത്. കോൺഗ്രസ് പ്രാദേശിക നേതൃത്വം റിയൽ എസ്റ്റേറ്റ് മാഫിയാകളിൽ നിന്നും കമ്മീഷൻ കൈപ്പറ്റുന്ന ദല്ലാൾ പണി പോലെയാണ് പഞ്ചായത്തിൻ്റെ വികസന ഫണ്ട് വിനിയോഗത്തേയും കാണുന്നത്.
പഞ്ചായത്ത് ഭരണ സമിതി ഏകകണ്ഠമായി തീരുമാനമെടുത്ത് നടപ്പിലാക്കാൻ തീരുമാനിച്ച പദ്ധതികളായ പൂഞ്ഞാറിലെ സ്വതന്ത്ര്യ സമരസേനാനികളുടെ പേരുഉൾപ്പെടുത്തി ഗാന്ധി പ്രതിമ നിർമ്മാണവും ബസ് സ്റ്റാൻഡിൽ ബസ് വേ നിർമ്മാണവും പൂർത്തികരിക്കാത്തത് അതിൽ അഴിമതി ഉള്ളതുകൊണ്ടല്ലേ എന്നാണ് സിപിഎം ഐ ചോദിക്കുന്നത്. ഇതിൽ അഴിമതി ഇല്ലെങ്കിൽ ആരെയാണ് പേടിക്കേണ്ടത്. കോൺഗ്രസിൻ്റെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫിസിനു മുൻപിൽ സിപിഐ എമ്മിനെതിരെ നടത്തിയ സമരം കരാറുകാരനു വേണ്ടിയുള്ള ദല്ലാൾ പണിയല്ലേ. ഇതിലും അഴിമതിയില്ലേ. സിപിഐ എം നാടിൻ്റെ ഒരു തരത്തിലുള്ള വികസനത്തിനും എതിരല്ല. അതുകൊണ്ടാണ് ലോകാത്തിനു തന്നെ മാതൃകയായി കേരളത്തിലെ ഇടതുപക്ഷ ഗവൺമെൻ്റ് രണ്ടാമതും അധികാരത്തിലിരിക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അഴിമതിക്കെതിരായ പ്രക്ഷോഭം സിപിഐ എം ഉം ഇടതുപക്ഷവും എല്ലായ്പോഴും ഉയർത്തി കൊണ്ടുവരിക തന്നെ ചെയ്യും. പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് ബസ് സ്റ്റാൻഡിൽ ഗാന്ധി പ്രതിമ സ്ഥാപിക്കുന്നതിലെ അഴിമതിയും സ്വജനപക്ഷപാതവും ചൂണ്ടികാണിച്ചു കൊണ്ട് ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ നടത്തിയ സമരത്തെ തുടർന്ന് സർവ്വകക്ഷി യോഗം വിളിച്ചു ചേർത്ത് പ്രശ്നപരിഹാരം ഉണ്ടാകുമെന്ന് ഉറപ്പു പറഞ്ഞത് ഈ ഭരണസമതിയല്ലേ. ആ തീരുമാനം അട്ടിമറിച്ചത് പ്രസിഡൻ്റും ,വൈസ് പ്രസിഡൻ്റും കോൺഗ്രസ് പ്രാദേശിക നേതൃത്വവും ചേർന്നുകൊണ്ടല്ലേ. ഗാന്ധി സ്തൂപത്തിൻ്റെ പണി പൂർത്തികരിക്കാതെ ബില്ല് മാറി കൊണ്ടുപോകുവാൻ കരാറുകാരന് ഒത്താശ ചെയ്തത് ബിജെപി – കോൺഗ്രസ് കൂട്ടുകക്ഷി ഭരണമല്ലേയെന്നാണ് സിപിഐ എം ചോദിക്കുന്നത്. ഇതിനു മറയിടാനാണ് കോൺഗ്രസിൻ്റെ നേതൃത്വത്തിൽ സിപിഐ എമ്മിനെതിരെ ആഭാസ സമരവുമായി ഇറങ്ങിതിരിച്ചിരിക്കുന്നത്.
ഗാന്ധി പ്രതിമ സ്ഥാപിക്കുന്നത് സംബന്ധിച്ച് ചർച്ച ചെയ്യുന്നതിന് പ്രത്യേക അജണ്ടയിട്ട് 18/1/2025 ൽ പഞ്ചായത്ത് കമ്മിറ്റി കൂടുവാൻ തീരുമാനിച്ചിരുന്നത് കമ്മറ്റിയുടെ അന്ന് മുന്നറിയിപ്പില്ലാതെ പ്രസിഡൻ്റ് കമ്മിറ്റി മാറ്റിവയ്ക്കുകയും ആ കമ്മിറ്റിയിൽ കോൺഗ്രസ്കാർ വൈസ് പ്രസിഡൻ്റ് ഉൾപ്പെടെ ആരും പങ്കെടുക്കാതെ മാറി നിന്നത് ഈ നിർമ്മാണ പ്രവർത്തനത്തിലെ അഴിമതി തുറന്നുകാട്ടപ്പെടും എന്നതിനാലല്ലേ. കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് പ്രതിനിധാനം ചെയ്യുന്ന വാർഡ് ഉൾപ്പെടുന്ന പ്രദേശത്ത് ഈ അഴിമതിക്ക് കൂട്ടുനിൽക്കുകയല്ലേ കോൺഗ്രസ് ചെയ്തത്. ഈ കമ്മിറ്റി അകാരണമായി മാറ്റിയത് സംബന്ധിച്ച് സിപിഐ എമ്മിൻ്റെ രണ്ടു പഞ്ചായത്ത് മെമ്പറുമാരാണ് മേലധികാരികൾക്ക് പരാതി കൊടുത്തിട്ടുള്ളത്.
ബിജെപി കോൺഗ്രസ് കൂട്ടുകക്ഷി ഭരണത്തിൻ്റെ അഴിമതിയ്ക്ക് എതിരെ ബഹുജനങ്ങളെ അണിനിരത്തി കൊണ്ടുള്ള പ്രക്ഷോഭത്തിന് സിപിഐ (എം) നേതൃത്വം കൊടുക്കുമെന്ന് സിപിഐ എം പൂഞ്ഞാർ തേക്കേക്കര ലോക്കൽ കമ്മിറ്റി സെക്രട്ടറി ടി.എസ് സിജു പ്രസ്താവനയിൽ അറിയിച്ചു.