
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറും രാജ്യത്തിന്റെ ബഹിരാകാശ രഹസ്യങ്ങൾ ചോർത്തിയെന്ന ഗുരുതര ആരോപണവുമായി സിപിഐ മുഖപത്രം. ബഹിരാകാശ രഹസ്യങ്ങൾ ചോർത്തി വിദേശ രാജ്യങ്ങൾക്കു വിറ്റതായി സംശയിക്കുന്നുവെന്ന ഗുരുതര ആരോപണവും ഉന്നയിക്കുന്നുണ്ട്.
ഇരുവരും ബെംഗളൂരുവിലെ ഐഎസ്ആർഒ ആസ്ഥാനത്തു നിരന്തരം സന്ദർശനം നടത്തിയതു ഗൂഢോദ്ദേശ്യത്തോടെയാണെന്നു ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കണ്ടെത്തിയതായി പത്രം പറയുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ബഹിരാകാശ രഹസ്യങ്ങൾ ചോർത്തി വിദേശ രാജ്യങ്ങൾക്കു വിറ്റതായി സംശയിക്കുന്നുവെന്ന ഗുരുതര ആരോപണവും വാർത്തയിലുണ്ട്. ബെംഗളൂരു സന്ദർശനങ്ങൾക്കിടെ സ്വപ്നയും ശിവശങ്കറും ഐഎസ്ആർഒയിലെ ചില പ്രമുഖ ശാസ്ത്രജ്ഞരുമായി ബിഇഎൽ റോഡിലെ നക്ഷത്ര ഹോട്ടലിൽ നിരന്തരം കൂടിക്കാഴ്ച നടത്തിയതായി രഹസ്യാന്വേഷണ ഏജൻസികൾക്കു തെളിവ് ലഭിച്ചു.
രഹസ്യാന്വേഷണ ഏജൻസിയായ റിസർച് ആൻഡ് അനാലിസിസ് വിങ്ങും (റോ) കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയും ഇതു സംബന്ധിച്ച് കണ്ടെത്തിയ വിവരങ്ങൾ എൻഐഎക്ക് കൈമാറി. തുടർന്ന് എൻഐഎയുടെ അഞ്ചംഗ സംഘം ദുബായിലെത്തി. 2019 ഓഗസ്റ്റിൽ സ്പേസ് പാർക്ക് പദ്ധതിക്കായി സംസ്ഥാന സർക്കാർ ഐഎസ്ആർഒയുമായി ധാരണാപത്രം ഒപ്പിട്ടിരുന്നു. സർക്കാരിനു വേണ്ടി എം.ശിവശങ്കറാണ് ഒപ്പിട്ടത്. തുടർന്നാണു സ്വപ്ന സുരേഷിനെ നിയമിച്ചത്.
പിന്നാലെ ബെംഗളൂരുവിലെ ഐഎസ്ആർഒ ആസ്ഥാനത്തേക്കു ശിവശങ്കറും സ്വപ്നയും സന്ദർശനം നടത്തിയതിന്റെയും ബഹിരാകാശ രഹസ്യങ്ങൾ ചോർത്തിയതിന്റെയും തെളിവ് അന്വേഷണ സംഘങ്ങൾക്കു ലഭിച്ചുവെന്ന് ഇടതു സർക്കാരിലെ രണ്ടാമത്തെ വലിയ കക്ഷിയായ സിപിഐയുടെ മുഖപത്രം പ്രസിദ്ധീകരിച്ച വാർത്തയിൽ പറയുന്നു.



