
സി.പി.ഐ സംസ്ഥാന നിർവാഹക സമിതി യോഗം ഇന്ന്
തിരുവനന്തപുരം : റവന്യു വകുപ്പിനെ ഉലയ്ക്കുന്ന ഭൂമി വിവാദങ്ങൾക്കിടെ
സി.പി.ഐ സംസ്ഥാന നിർവാഹക സമിതി യോഗം ഇന്ന്. കുന്നത്തുനാട് നിലം നികത്തൽ, ചൂർണിക്കര വ്യാജരേഖ വിഷയം എന്നിവയിൽ ആരോപണ നിഴലിലാണ് സി പി ഐ ഭരിക്കുന്ന റവന്യൂ വകുപ്പ്. ശാന്തി വനത്തിൽ കെ എസ് ഇ ബി നടപടികളിലും സി പി ഐ ക്ക് അതൃപ്തിയുണ്ട്.ലോക്‌സഭാ തെരഞ്ഞെടുപ്പിനു ശേഷം ആദ്യമായാണ് സി പി ഐ സംസ്ഥാന നിർവാഹക സമിതി ചേരുന്നത്. തെരഞ്ഞെടുപ്പിൽ മുന്നണിയുടേയും പാർട്ടിയുടേയും സാധ്യതകൾ സി പി ഐ അവലോകനം ചെയ്യും. ഭൂമി വിവാദങ്ങളിൽ റവന്യൂ വകുപ്പ് ആരോപണ നിഴലിൽ വരുന്നതിൽ കടുത്ത അതൃപ്തിയിലാണ് സി പി ഐ നേതാക്കൾ . റവന്യൂ മന്ത്രിയെ കാഴ്ചക്കാരനാക്കി മുഖ്യമന്ത്രിയുടെ ഓഫീസ് വകുപ്പിൽ നിർണായക തീരുമാനങ്ങളെടുക്കുന്നു എന്ന പരാതി നേരത്തേ പാർട്ടിയിലുണ്ട്. കുന്നത്തുനാട് നിലം നികത്തൽ സാധൂകരണ ഉത്തരവിനു പിന്നിൽ മുഖ്യമന്ത്രിയുടെ ഓഫീസും വിവാദ വ്യവസായി യുമായുള്ള ബന്ധമാണെന്ന് സി പി ഐ നേതാക്കൾക്ക് സംശയമുണ്ട്.ചൂർണിക്കര വിഷയത്തിലും റവന്യൂ വകുപ്പിന് ഗുരുതര വീഴ്ച സംഭവിച്ചെന്ന അഭിപ്രായം പാർട്ടിയിൽ ശക്തമാണ്. എറണാകുളം ശാന്തിവനത്തിൽ വനമൊഴിവാക്കി പദ്ധതി നടപ്പാക്കണമെന്ന അഭിപ്രായത്തിനാണ് സിപിഐയിൽ മുൻതൂക്കം. എതിർപ്പ് അവഗണിച്ച് പദ്ധതിയുമായി മുന്നോട്ടു പോകുമെന്ന വൈദ്യുതി മന്ത്രി എം.എം.മണിയുടെ നിലപാടിനെതിരേ യോഗത്തിൽ വിമർശനം ഉയർന്നേക്കും.