
നേതാക്കൻമാരുടെ പ്രശ്നം പരിഹരിച്ചിട്ട് മതി ടച്ച് വെട്ടലും മരം മുറിക്കലും; സർവീസ് വയർ ഉയര്‍ത്തി കെട്ടിയില്ലെന്നാരോപിച്ച് കെഎസ്ഇബി ജീവനക്കാര്‍ക്കെതിരെ സിപിഐ നേതാക്കളുടെ ഭീഷണി
സ്വന്തം ലേഖകൻ
വീടിനു മുമ്പിലെ കെഎസ്ഇബി സർവീസ് വയർ ഉയർത്തി കെട്ടിയില്ലെന്ന് ആരോപിച്ചു ഉദ്യോഗസ്ഥർക്കെതിരെ സിപിഐ ബ്രാഞ്ച് സെക്രട്ടറിമാരുടെ കൊലവിളി. അസഭ്യം പറഞ്ഞെന്നും കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ചെന്നും കാട്ടി കെ.എസ്.ഇ.ബി ജീവനക്കാർ കോട്ടയം വൈക്കം പൊലീസിൽ പരാതി നൽകി.
തലയാഴം കെഎസ്ഇബി ഓഫീസിലാണ് കഴിഞ്ഞ ദിവസം രാത്രി 7.30ഓടെ സിപിഐ തലയാഴം പള്ളിയാട് ബ്രാഞ്ചു സെക്രട്ടറി സൊനീഷ്, ഉല്ലല ബ്രാഞ്ചു സെക്രട്ടറി മനോരഞ്ജൻ എന്നിവരാണ് അസഭ്യം പറഞ്ഞത്. വീട്ടിലെ വൈദ്യുതി കണക്ഷന്‍റെ സർവ്വീസ് വയർ താണു കിടക്കുന്നത് കെഎസ്ഇബി ജീവനക്കാർ ഉയർത്തിക്കെട്ടിയില്ലെന്ന് ആരോപിച്ചായിരുന്നു പ്രാദേശിക സിപിഐ നേതാക്കളുടെ തെറിയഭിഷേകം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മനോരഞ്ജന്‍റെ വീട്ടിലേയ്ക്കുള്ള വൈദ്യുതി കണക്ഷന്‍റെ സർവ്വീസ് വയർ താണു കിടക്കുന്നതായി ഫോണിൽ വിളിച്ചു സിപിഐ നേതാക്കൾ പരാതി അറിയിച്ചിരുന്നു. എന്നാൽ ശക്തമായ കാറ്റും മഴയും ഉണ്ടായതിനാൽ നിരവധി സ്ഥലങ്ങളിൽ മരം വീണു വൈദുതി പോസ്റ്റുകൾ തകർന്നത് നീക്കം ചെയ്യുന്ന തിരക്കിലായിരുന്നുവെന്നു കെഎസ്ഇബി ജീവനക്കാർ പറയുന്നു.
പരാതികൾ നിരവധി പരിഹരിക്കാനുണ്ടെന്ന് അറിയിച്ചെങ്കിലും സിപിഐ നേതാക്കൾ പ്രകോപിതരാകുകയായിരുന്നു എന്ന് കെഎസ്ഇബി ജീവനക്കാർ പറയുന്നു പിന്നീട് ഇവർ രാത്രി സംഘം ചേർന്ന് തലയാഴം വൈദ്യുതി ഭവനിലെത്തി ഭീഷണി ഉയർത്തി. സംഭവുമായി ബന്ധപ്പെട്ട് തലയാഴം വൈദ്യുതി ഭവൻ അധികൃതർ വൈക്കം പൊലിസിൽ പരാതി നൽകി.