99,810 ഹെക്ടറില്‍ കാലിത്തീറ്റ ഉത്പാദനപദ്ധതിയുമായി കേരളം

Spread the love

കോഴിക്കോട്: കാലിത്തീറ്റ ഉത്പാദന പദ്ധതിയുമായി കേരളം.രാജ്യം ഗുരുതരമായ കാലിത്തീറ്റ ക്ഷാമത്തിലേക്കു നീങ്ങുകയാണ്. ഈ സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാർ നിര്‍ദേശ പ്രകാരം 99,810 ഹെക്ടറില്‍ ആണ് ഉത്പാദന പദ്ധതി കേരളം ഒരുക്കുന്നത് .പദ്ധതി നടപ്പാക്കാന്‍ കേരളം ടാസ്‌ക്‌ ഫോഴ്‌സ് രൂപീകരിച്ചു. ഉത്പാദനക്കുറവ് പരിഹരിക്കാന്‍ വനം, കൃഷി, ഗ്രാമവികസന വകുപ്പുകളുടെ സഹായത്തോടെ 99,810 ഹെക്ടറില്‍ കാലിത്തീറ്റ ഉത്പാദന പദ്ധതികള്‍ നടപ്പാക്കാനാണ് തീരുമാനം.

 

പദ്ധതിക്കായി തരിശുനിലങ്ങ‌ള്‍, വനസമ്പത്ത് നശിച്ച വനംവകുപ്പിന്‍റെ അധീനതയിലുള്ള ഭൂമികള്‍ തുടങ്ങിയവയാണ് ഉപയോഗപ്പെടുത്തുക. പ്രതിസന്ധി പരിഹരിക്കാന്‍ സംസ്ഥാനങ്ങള്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന കേന്ദ്രം നിര്‍ദേശപ്രകാരം രൂപീകരിച്ച ടാസ്‌ക്‌ ഫോഴ്‌സിന്‍റെ കണ്‍വീനര്‍ മൃഗസംരക്ഷണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ്.

 

വനം, കൃഷി, തദേശ സ്വയംഭരണം, പ്ലാനിംഗ് വകുപ്പ് പ്രതിനിധികളാണ് ആറംഗ ടാസ്‌ക്‌ ഫോഴ്‌സിലെ അംഗങ്ങ‌ള്‍. കേന്ദ്ര മൃഗസംരക്ഷണ-ഫിഷറീസ് മന്ത്രാലയം കഴിഞ്ഞ മാസം ആദ്യം അയച്ച കത്തിന്‍റെ അടിസ്ഥാനത്തില്‍ ടാസ്‌ക് ഫോഴ്‌സ് അംഗങ്ങള്‍ യോഗം ചേര്‍ന്ന് കേരളത്തിന്‍റെ അവസ്ഥ വിലയിരുത്തി. കേരളത്തിലെ കന്നുകാലി സമ്ബത്തിന് ആനുപാതികമായി 70,500 ഹെക്ടറിലെങ്കിലും തീറ്റ ഉത്പാദിപ്പിച്ചാല്‍ മാത്രമേ പരമാവധി പാലുത്പാദനം സാധ്യമാവുകയുള്ളൂവെന്ന് യോഗം വിലയിരുത്തി. നിലവില്‍ 13,000 ഹെക്ടറില്‍ മാത്രമാണ് ഉത്പാദനം. സംസ്ഥാനത്തിന്‍റെ ആവശ്യം നിറവേറ്റാന്‍ 57,500 ഹെക്ടറില്‍ കൂടി ഉത്പാദനമുണ്ടാകേണ്ടതുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

സംസ്ഥാനത്ത് പ്രതിവര്‍ഷം ആവശ്യമുള്ളത് 120 ലക്ഷം മെട്രിക്‍ ടണ്‍ കാലിത്തീറ്റയാണ്. എന്നാല്‍ മില്‍മ, ഡെയറി ഡെവലപ്‌മെന്‍റ്, കേരള ഫീഡ്‌സ്, കെഎല്‍ഡിബി തുടങ്ങിയ സ്വകാര്യ,പൊതുമേഖലയിലുള്ള സംരംഭകരെല്ലാം കൂടി ആകെ പ്രതിവര്‍ഷം ഉത്പാദിപ്പിക്കുന്നത് 22.10 ലക്ഷം മെട്രിക്‍ ടണ്‍ മാത്രമാണ്. കന്നുകാലി സമ്ബത്തില്‍ ഇന്ത്യക്ക് ലോകത്തില്‍ പ്രമുഖ സ്ഥാനമുണ്ടെങ്കിലും ശരാശരി പാലുത്പാദനത്തില്‍ വളരെ പിന്നിലാണെന്ന്, ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര മൃഗസംരക്ഷണ വകുപ്പ് സെക്രട്ടറി സംസ്ഥാനങ്ങള്‍ക്ക് അയച്ച കത്തില്‍ പറയുന്നു.