
കൊവിഡ് വ്യാപനം ; ചൈന, ജപ്പാന്‍, തെക്കന്‍ കൊറിയ, തായ്‌ലാന്‍ഡ്, ഹോങ്കോങ് എന്നീ രാജ്യങ്ങളിൽ നിന്ന് എത്തുന്നവർക്ക് ആര്‍ടിപിസിആര്‍ പരിശോധന നിര്‍ബന്ധം ; കേന്ദ്ര ആരോഗ്യ വകുപ്പ്
സ്വന്തം ലേഖക
ദില്ലി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ചില രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധന നിര്‍ബന്ധമാക്കും. ചൈന, ജപ്പാന്‍, തെക്കന്‍ കൊറിയ, തായ്‌ലാന്‍ഡ്, ഹോങ്കോങ് എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്കാണ് പരിശോധന. രോഗലക്ഷണങ്ങള്‍ ഉള്ളവരെയും രോഗം സ്ഥിരീകരിക്കുന്നവരെയും ക്വാറന്റ്റീനില്‍ പ്രവേശിപ്പിക്കുമെന്ന് പറഞ്ഞ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ, തത്കാലം ആഭ്യന്തര-അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നില്ലെന്നും വ്യക്തമാക്കി.
ചൈനയേയും ജപ്പാനിനേയും ഉലച്ച കൊവിഡ് തരംഗം രാജ്യത്ത് എത്താതിരിക്കാന്‍ മുന്‍കരുതലുകള്‍ ശക്തമാക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. അന്താരാഷ്ട്ര വിമാനങ്ങളിലെ രണ്ട് ശതമാനം യാത്രക്കാരെ പരിശോധനയ്ക്ക് വിധേയരാക്കും. രോഗം സ്ഥിരീകരിക്കുന്ന സാമ്ബിളുകള്‍ ജനിതക ശ്രേണീകരണത്തിന് അയക്കും. അന്താരാഷ്ട്ര യാത്രക്കാരുടെ ശരീരോഷ്മാവ് പരിശോധിക്കാനും തീരുമാനമായി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചൊവ്വാഴ്ച്ച രാജ്യത്തെ എല്ലാ ആശുപത്രികളിലും കൊവിഡ് സാഹചര്യം കൈകാര്യം ചെയ്യാനുള്ള പ്രത്യേക മോക്ഡ്രില്‍ നടത്താനും നേരത്തെ തന്നെ ആരോഗ്യമന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവിയ ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍ നേരിട്ടെത്തി മോക്ഡ്രില്‍ നിരക്ഷിക്കും. മാസ്കും, സാമൂഹിക അകലവും ഉള്‍പ്പടെയുള്ള കൊവിഡ് മാനദണ്ഡങ്ങള്‍ ഉറപ്പാക്കണമെന്ന് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇന്ന് നടക്കുന്ന ആരോഗ്യമന്ത്രിമാരുടെ യോഗത്തില്‍ സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ നിര്‍ദേശം നല്‍കുമെന്നാണ് സൂചന.
ജാഗ്രത കൂട്ടണമെന്ന് ആവര്‍ത്തിക്കുമ്ബോഴും കൂടുതല്‍ കര്‍ശനമായ നിയന്ത്രണങ്ങളിലേക്ക് തത്ക്കാലം കടക്കേണ്ടതില്ലെന്നാണ് കേന്ദ്രത്തിന്‍റെ നിലവിലെ നിലപാട്. ഒരാഴ്ച്ചത്തെ കൊവിഡ് സാഹചര്യം വിലയിരുത്തിയ ശേഷമാകും തുടര്‍ നടപടി. വാക്സീനേഷന്‍ ഊര്‍ജ്ജിതമാക്കുന്നതിന്‍റെ ഭാഗമായി മൂക്കിലൂടെ നല്‍കുന്ന കൊവിഡ് വാക്സീന്‍ ഇന്ന് മുതല്‍ കൊവിന്‍ ആപ്പില്‍ ലഭ്യമാക്കും.